Connect with us

Kerala

ആറന്മുള ഉത്രട്ടാതി ജലമേള ആഗസ്റ്റ് 30ന്; ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

ഉദ്ഘാടന ചടങ്ങിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്, പത്തനംതിട്ട എം. പി ആൻ്റോ ആൻ്റണി, ആറന്മുള എം എൽ എ അബിൻ വർക്കി എന്നിവർ പങ്കെടുക്കും.

Published

|

Last Updated

പത്തനംതിട്ട|ഈ വർഷത്തെ ആറന്മുള ഉത്രട്ടാതി ജലമേള ആഗസ്റ്റ് 30 ന് ഉച്ചക്ക് 1.30 ന് ഇന്ത്യൻ വൈസ് പ്രസിഡൻ്റ് സി പി രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്, പത്തനംതിട്ട എം. പി ആൻ്റോ ആൻ്റണി, ആറന്മുള എം എൽ എ അബിൻ വർക്കി എന്നിവർ പങ്കെടുക്കും.

ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ,കൊടിക്കുന്നിൽ സുരേഷ് എം പി, എം എൽ എ മാരായ പഴകുളം മധു, വർഗീസ് മാമൻ, സജി ചെറിയാൻ, സി വി ശാന്തകുമാർ, ജെനീഷ് കുമാർ, എം എസ് അരുൺ കുമാർ, ഗോപകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ദീനാമ്മ റോയ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്റ് അനീഷ് വരിക്കണ്ണാമല, പ്രൊഫസർ പി ജെ കുര്യൻ, മുൻ എംഎൽഎമാരായ വീണ ജോർജ്, അഡ്വക്കേറ്റ് കെ ശിവദാസൻ നായർ, രാജു എബ്രഹാം, രാജഗോപാൽ, മാലേത്ത് സരളദേവി, ചെങ്ങന്നൂർ എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് ആർ അജിത് കുമാർ, എസ്‌എൻഡിപി കോഴഞ്ചേരി താലൂക്ക് യൂണിയൻ പ്രസിഡൻ്റ് മോഹൻ ബാബു തുടങ്ങി അനേകം ജനപ്രതിനിധികളും വിശിഷ്ട വ്യക്തികളും സംബന്ധിക്കുന്നുണ്ട്.

ക്ഷേത്ര ശ്രീകോവിലിൽ നിന്നുള്ള ദീപം ഘോഷയാത്ര വാദ്യമേളങ്ങളോടെ രാവിലെ 9.30 ന് സത്ര പവലിയനിൽ എത്തിച്ചേരുകയും തുടർന്ന് ജില്ല കളക്‌ടർ നിസാമുദ്ദീൻ പതാക ഉയർത്തുന്നതോടെ ചടങ്ങുകൾക്ക് ആരംഭം കുറിക്കും. ഉച്ചക്ക് 1.30 ജലഘോഷയാത്ര ആരംഭിക്കും. ഘോഷയാത്രയ്ക്ക് ഏറ്റവും മുമ്പിലായി ഭഗവാന്റെ തിരുവോണ തോണി പരപ്പുഴ കടവിലേക്ക് നീങ്ങും. ബി ബാച്ചിലെ 8 പള്ളിയോടങ്ങൾ ക്ഷേത്രകടവിൽ നിന്ന് ആരംഭിച്ച് താഴെ സത്രപവലിയനുമുമ്പിൽ ചവിട്ടി തിരിച്ച് പരപ്പുഴ കടവിലേക്ക് ജലഘോഷയാത്ര നീങ്ങും.

ബാക്കി ബി ബാച്ച് പള്ളിയോടങ്ങൾ എ. ബാച്ച് പള്ളിയോടങ്ങൾക്ക് മുമ്പിലായി ഘോഷയാത്രയിൽ പങ്കെടുക്കും. ജവാൻ കടവിൽ നിന്ന് ആരംഭിക്കുന്ന എ ബാച്ച് പള്ളിയോടങ്ങളുടെ ഘോഷയാത്ര വഞ്ചിപ്പാട്ടും, മുത്തുക്കുടകളുമായി 4 പള്ളിയോടങ്ങൾ വീതമുള്ള ബാച്ചുകളായി പവലിയന് മുമ്പിലൂടെ നീങ്ങുന്ന നയനമനോഹരമായ ഘോഷയാത്ര കാഴ്‌ചവെയ്ക്കും. ജലഘോഷയാത്രക്ക് പിന്നിലായി കേരളീയ കലകൾ ഉൾപ്പെടുന്ന നിശ്ചല ദൃശ്യങ്ങൾ കടന്നു പോകും. ഹെലികോപ്റ്റർ പ്രകടനവും ഉണ്ടാവും.

3 മണിക്ക് മത്സര വള്ളംകളി തുടങ്ങും. 51 പള്ളിയോടങ്ങൾ പങ്കെടുക്കുന്നതിൽ എ ബാച്ചിൽപ്പെട്ട 35 പള്ളിയോടങ്ങളും ബി ബാച്ചിൽപ്പെട്ട 16 പള്ളിയോടങ്ങളും ഉണ്ടായിരിക്കും. മത്സര വള്ളംകളിയിൽ ഓരോ പള്ളിയോടത്തിൻ്റെയും സ്റ്റാർട്ടിങ് പോയിന്റ്റിൽ നിന്ന് ഫിനിഷിങ് പോയിൻ്റിൽ എത്തുന്ന സമയം ആധുനിക ഡിജിറ്റൽ സംവിധാനത്തിൽ കൂടി രേഖപ്പെടുത്തി ഏറ്റവും കുറഞ്ഞ സമയത്തിൽ എത്തുന്ന 4 പള്ളിയോടങ്ങളെ തിരഞ്ഞെടുത്ത് ഫൈനൽ മത്സരത്തിൽ പങ്കെടുപ്പിക്കും. എന്നാൽ മത്സര നിയമങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്ന പള്ളിയോടങ്ങളെയും, പുറത്തു നിന്നുള്ള കൂലി തുഴച്ചിലുകാർ ഉള്ള പള്ളിയോടങ്ങളെയും ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒഴിവാക്കുന്നതാണ്.

ട്രാക്കുകളുടെ നിർമ്മാണം പൂർത്തിയായി വരുന്നു. റെസ്ക്യൂ സംവിധാനം തയ്യാറാക്കിയിട്ടുണ്ട്. ഫയർ ഫോഴ്‌സ് സ്‌ക്യൂബ സംഘവും മോട്ടോർ ഘടിപ്പിച്ച വള്ളങ്ങൾ, മോട്ടോർ ബോട്ടുകൾ, സ്‌പീഡ് ബോട്ടുകൾ എന്നിവ ഫിനിഷിംഗ് പോയിന്റ് മുതൽ സ്റ്റാർട്ടിംഗ് പോയിൻ്റ് വരെ സജ്ജമാക്കിയിട്ടുണ്ട്. പരിചയ സമ്പന്നരായ മുങ്ങൽ വിദഗ്ദ്ധർ അടങ്ങിയ സംഘമാണ് ഇത് നിയന്ത്രിക്കുന്നത്. ശശികുമാർ കുറുപ്പ് നേതൃത്വം നൽകുന്നു.

ഏറ്റവും നല്ല രീതിയിൽ പാടി തുഴയുന്നവർക്കും, ഏറ്റവും നല്ല ചമയം ഉള്ളവർക്കും പ്രത്യേക സമ്മാനങ്ങൾ നൽകുന്നതാണ്. എ, ബി ബാച്ചിൽപ്പെട്ട ഒന്നാം സ്ഥാനക്കാർക്ക് മന്നം ട്രോഫിയും, ഏറ്റവും നല്ല രീതിയിൽ പാടി കളിച്ചു തുഴയുന്നവർക്ക് ആർ ശങ്കർ മെമ്മോറിയൽ ട്രോഫിയും നൽകുന്നതാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ്, ആറന്മുള പഞ്ചായത്ത്, തുടങ്ങിയ സ്ഥാപനങ്ങിൽ നിന്നും വ്യക്തികളിൽ നിന്നുള്ള ട്രോഫികളും മത്സര വിജയികൾക്ക് നൽകുന്നുണ്ട്. വൈസ് പ്രസിഡൻ്റ് ഉത്ഘാടന ചടങ്ങ് നിർവഹിക്കുന്നതിനാൽ ഉത്ഘാടന ചടങ്ങ് നടക്കുന്ന സത്രം കോമ്പൗണ്ടിൽ കർശന നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.

പ്രവേശന പാസ് (ടിക്കറ്റ്) വാങ്ങിയിട്ടുള്ളവർ ഇടശ്ശേരിമല കിഴക്ക് പള്ളിയോടപുരയുടെ സമീപത്തു കൂടി സം കോമ്പൗണ്ടിന്റെ കിഴക്കേ പവലിയനിൽ എത്തേണ്ടതാണ്. പ്രത്യേക ക്ഷണിതാക്കൾക്കു പാവലിയനിൽ ഇരിപ്പിടം സജ്ജമാക്കിയിട്ടുണ്ട്. കോംപ്ലിമെൻ്ററി പാസ്സ് ഉള്ളവർ ഇടശ്ശേരിമല കരയോഗ മന്ദിരത്തിന്റെ അടുത്തുള്ള വഴിയിൽ കൂടി പടിഞ്ഞാറെ ഗാലറിയിലുള്ള പന്തലിൽ എത്തേണ്ടതാണ്.

വിശിഷ്ട വ്യക്തിയുടെ സന്ദർശനം കാരണം ചെങ്ങന്നൂർ ആറന്മുള കോഴഞ്ചരി റോഡിൽ വാഹനങ്ങൾ തിരിച്ചു വിടുകയും, പാർക്കിംഗ് നിരോധിക്കുകയും ചെയ്തിട്ടുണ്ട്. ആറന്മുള ജലമേള ഉദ്ഘാടനത്തിനു ഉപരാഷ്ട്രപതി എത്തുന്നത് 33 വർഷത്തിന് ശേഷം ആണ്. ഉപരാഷ്ട്രപതി ആറന്മുള എത്തി തിരിച്ചു പോകുന്നത് വരെയുള്ള നിയന്ത്രണങ്ങളിൽ എല്ലാവരും സഹകരിക്കണം എന്ന് പള്ളിയോട സേവ സംഘം അഭ്യർത്ഥിക്കുന്നു.

വള്ളസദ്യ വഴിപാടുകൾ പുരോഗമിക്കുന്നു. സെപ്റ്റംബർ 16 ന് സമാപിക്കും. ഇതുവരെ 565 വള്ളസദ്യകൾ ബുക്ക് ചെയ്തിട്ടുണ്ട്. ചരിത്രപ്രസിദ്ധമായ അഷ്‌ടമിരോഹിണി വള്ളസദ്യ സെപ്റ്റംബർ 4 ന് ക്ഷേത്ര മുറ്റത്ത് നടക്കും. അരലക്ഷം പേർ പങ്കെടുക്കും. സദ്യ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ ജയകുമാർ ഉദ്ഘാടനം ചെയ്യും.

കെ. വി. സാംബദേവൻ (പ്രസിഡൻ്റ്), പ്രസാദ് ആനന്ദ ഭവൻ (സെക്രട്ടറി), കെ. എസ്. സുരേഷ് (വൈസ് പ്രസിഡൻ്റ്), അജയ് ഗോപിനാഥ് (ജോ. സെക്രട്ടറി), രമേശ് മാലിമേൽ ( ഷറാർ), വിജയകുമാർ ചുങ്കത്തിൽ (പബ്ലിസിറ്റി കൺവീനർ), അനൂപ് ഉണ്ണികൃഷ്‌ണൻ (റെയ്‌സ് കമ്മിറ്റി കൺവീനർ) എന്നിവർ പങ്കെടുത്തു.

Content Highlights:
The famous Aranmula Uthrattathi Vallamkali will be inaugurated by Vice President CP Radhakrishnan on August 30 at 1:30 PM. A total of 51 Palliyodams will participate in the water regatta featuring modern digital timing systems. Traffic restrictions and tight security measures are in place.

 

Latest