Connect with us

Malappuram

ഭരണഘടനക്ക് കാവലിരുന്ന് വിദ്യാര്‍ഥികള്‍; മഅ്ദിന്‍ ഗ്രാന്‍ഡ് അസംബ്ലി രാജ്യസ്നേഹത്തിന്റെ വിളംബരമായി

മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അസംബ്ലിയില്‍ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Published

|

Last Updated

രാജ്യത്തിന്റെ 77-ാം റിപ്പബ്ലിക്ക് ദിനത്തിന്റെ ഭാഗമായി മഅദിന്‍ അക്കാദമി സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ഗ്രാന്‍ഡ് അസംബ്ലി

മലപ്പുറം| എഴുപത്തിയേഴാമത് റിപ്പബ്ലിക് ദിനത്തില്‍ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രഖ്യാപനവുമായി മഅ്ദിന്‍ അക്കാദമി സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ഗ്രാന്‍ഡ് അസംബ്ലി ശ്രദ്ധേയമായി. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ അണിനിരന്ന ക്യാമ്പസ് അങ്കണത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ കരുത്തും സൗന്ദര്യവും വിളിച്ചോതുന്ന സര്‍ഗാത്മക ദൃശ്യാവിഷ്‌കാരങ്ങള്‍ അരങ്ങേറി. ഭരണഘടനയുടെ മുഖചിത്രം പ്ലക്കാര്‍ഡുകളിലൂടെ മനോഹരമായി പുനരാവിഷ്‌കരിച്ച വിദ്യാര്‍ത്ഥികളുടെ പ്രകടനം അസംബ്ലിയിലെ പ്രധാന ആകര്‍ഷണമായി. രാജ്യത്തിന്റെ പരമാധികാരവും മതേതരത്വവും സംരക്ഷിക്കാനുള്ള യുവതലമുറയുടെ പ്രതിജ്ഞാബദ്ധതയായി ഈ ദൃശ്യാവിഷ്‌കാരം മാറി. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അസംബ്ലിയില്‍ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

‘ഇന്ത്യയുടെ ആത്മാവ് അതിന്റെ ഭരണഘടനയിലാണ്. വൈവിധ്യങ്ങളെ ചേര്‍ത്തുപിടിക്കുന്ന ഈ മഹത്തായ ഗ്രന്ഥം ഓരോ പൗരനും നല്‍കുന്ന സുരക്ഷയും സ്വാതന്ത്ര്യവും അതുല്യമാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വവും സാഹോദര്യവും കാത്തുസൂക്ഷിക്കാന്‍ ഓരോ ഇന്ത്യക്കാരനും ബാധ്യസ്ഥനാണ്. രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഏത് നീക്കങ്ങളെയും സ്‌നേഹവും ഐക്യവും കൊണ്ട് നാം പ്രതിരോധിക്കണമെന്നും ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ഗ്രാന്‍ഡ് സെല്യൂട്ട്, സ്റ്റുഡന്‍സ് പോലീസ് കേഡറ്റിന്റെയും വിവിധ വിങ്ങുകളുടെയും മാര്‍ച്ച് പാസ്റ്റ് എന്നിവ അച്ചടക്കത്തിന്റെയും പ്രൗഢിയുടെയും നേര്‍ക്കാഴ്ചയായി. രാജ്യത്തിന്റെ സൗഹൃദവും മതേതരത്വവും സാംസ്‌കാരിക വൈവിധ്യവും വിളിച്ചോതുന്ന ഗാനശില്‍പ്പവും വിവിധ കലാപ്രകടനങ്ങളും ആഘോഷത്തിന് മാറ്റുകൂട്ടി. മഅദിന്‍ അക്കാദമിയിലെ അധ്യാപകന്‍ ഹബീബ് സഅദി മൂന്നിയൂര്‍ രചിച്ച വരികള്‍ക്ക് ഹാഫിള് അസദ് പൂക്കോട്ടൂര്‍, ഹാഫിള് ശഹീര്‍ പെരുമുഖം, ഹാഫിള് അബ്ദുല്‍ ഖാദര്‍ എറണാംകുളം എന്നിവര്‍ ഈണം നല്‍കി.

സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ഖാസിം സ്വാലിഹ് ഐദ്രൂസി, സയ്യിദ് അഹ്്മദുല്‍ കബീര്‍ അല്‍ ബുഖാരി, സമസ്ത ജില്ലാ സെക്രട്ടറി ഇബ്്‌റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട്, ഉമര്‍ മേല്‍മുറി, ദുല്‍ഫുഖാര്‍ അലി സഖാഫി, പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സൈതലവിക്കോയ, നൗഫല്‍ കോഡൂര്‍, നൂറുല്‍ അമീന്‍ ലക്ഷദ്വീപ്, ശഫീഖ് മിസ്ബാഹി, ബഷീര്‍ സഅദി വയനാട്, കെ ടി അബ്ദുസ്സമദ് സഖാഫി, ശൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു. മഅ്ദിന്‍ അക്കാദമിക്ക് കീഴിലുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരും അസംബ്ലിയുടെ ഭാഗമായി.