Connect with us

National

കാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥിനിയെ അജ്ഞാതര്‍ പീഡിപ്പിച്ചു; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രിയങ്ക ഗാന്ധി

പ്രധാനമന്ത്രിയുടെ മണ്ഡലത്തില്‍ പോലും ഒരു വിദ്യാര്‍ത്ഥിക്ക് നിര്‍ഭയമായി നടക്കാന്‍ കഴിയുന്നില്ലെന്ന് പ്രിയങ്ക

Published

|

Last Updated

വാരാണസി| വാരാണസിയില്‍ കോളജ് കാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥിനിയെ അജ്ഞാതര്‍ പീഡിപ്പിച്ച സംഭവത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രിയുടെ മണ്ഡലത്തില്‍ പോലും ഒരു വിദ്യാര്‍ത്ഥിക്ക് നിര്‍ഭയമായി നടക്കാന്‍ കഴിയുന്നില്ലെന്ന് പ്രിയങ്ക ആരോപിച്ചു. സംഭവത്തിന് പിന്നാലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി കാമ്പസിലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. കോളജ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിനി സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയപ്പോള്‍ ബൈക്കിലെത്തിയ മൂന്നുപേര്‍ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. അക്രമി സംഘം തന്നെ കടന്നു പിടിക്കുകയും ചുംബിക്കുകയും ചെയ്തതായി വിദ്യാര്‍ത്ഥിനി പരാതിയില്‍ പറയുന്നു.

സുഹൃത്ത് തടയാന്‍ ശ്രമിച്ചെങ്കിലും പ്രതികള്‍ തള്ളി മാറ്റുകയായിരുന്നു. വിദ്യാര്‍ത്ഥിനിയെ ആളൊഴിഞ്ഞ ഭാഗത്തെത്തിച്ച് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി ഫോട്ടോകളും വീഡിയോകളും പകര്‍ത്തിയതായും സഹായത്തിനായി നിലവിളിച്ചപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി വിദ്യാര്‍ത്ഥിനി പറയുന്നു. പിന്നീട് പ്രതികള്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

ഐഐടി-ബിഎച്ച്യുവില്‍ നിന്നുള്ള നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ രജപുത്താന ഹോസ്റ്റലിന് സമീപം പ്രതിഷേധ പ്രകടനം നടത്തി. കാമ്പസിന് പുറത്തുള്ളവരാണ് അക്രമികളെന്നും പുറമേനിന്നുള്ളവര്‍ പ്രവേശിക്കുന്നത് നിരോധിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. ഐഐടി, ബിഎച്ച്യു ക്യാംപസുകളെ വേര്‍തിരിച്ചു പ്രത്യേക മതില്‍ വേണമെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി. നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയത്തെ അറിയിക്കുമെന്ന് വിദ്യാര്‍ത്ഥി പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും ക്യാമ്പസില്‍ കൂടുതല്‍ സിസിടിവികള്‍ ഉടന്‍ സ്ഥാപിക്കുമെന്നും കോളജ് രജിസ്ട്രാര്‍ വ്യക്തമാക്കി. രാത്രി 10 മണിക്കും പുലര്‍ച്ചെ 5 മണിക്കും ഇടയില്‍ വിദ്യാര്‍ത്ഥികളുടെ സഞ്ചാരം നിയന്ത്രിക്കുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

 

 

 

 

Latest