Kerala
ശ്രീനാദേവി കുഞ്ഞമ്മ റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ത്തത് വ്യാജമായല്ല; വിവരാവകാശരേഖ പുറത്ത്
ആരോപണത്തെ തുടര്‍ന്ന് വോട്ടേഴ്സ് ലിസ്റ്റില്‍ നിന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് ഒഴിവാക്കുകയും റേഷന്‍ കാര്‍ഡ് റദ്ദാക്കുകയും ചെയ്തിരുന്നു
പത്തനംതിട്ട|കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ത്തത് വ്യാജമായിട്ടല്ലെന്ന വിവരാവകാശരേഖ പുറത്ത്. റേഷന്‍ കാര്‍ഡ് ഉടമയുമായി ബന്ധം തെളിയിക്കുന്ന രേഖ, മറ്റ് അനുബന്ധ വിവരങ്ങള്‍, ആധാര്‍ കാര്‍ഡ് എന്നിവയടക്കം നല്‍കിയാണ് ഓണ്‍ലൈനായി അപേക്ഷ നല്‍കി റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ത്തതെന്നാണ് വിവരാവകാശരേഖ വ്യക്തമാക്കുന്നത്. വ്യാജരേഖ ചമച്ചാണ് ശ്രീനാദേവി റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടതെന്നാണ് കാര്‍ഡ് ഉടമയുടെ മക്കള്‍ ആരോപണം ഉന്നയിച്ചിരുന്നത്. സംഭവത്തില്‍ അടൂര്‍ പോലീസ് കേസെടുത്തു അന്വേഷണം നടത്തുകയാണ്.
ആരോപണത്തെ തുടര്‍ന്ന് വോട്ടേഴ്സ് ലിസ്റ്റില്‍ നിന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് ഒഴിവാക്കുകയും റേഷന്‍ കാര്‍ഡ് റദ്ദാക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ രേഖകള്‍ സംബന്ധിച്ച കാര്യങ്ങളില്‍ അന്വേഷണം നടക്കുകയാണ്. അടൂര്‍താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് കാര്‍ഡ് ഉടമ യശോദയുടെ മക്കളായ രണ്ടു പേര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് റേഷന്‍ കാര്‍ഡ് റദ്ദാക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം സിപിഐ തനിക്കെതിരെ നടത്തുന്ന നീക്കമാണെന്നായിരുന്നു ശ്രീനാദേവിയുടെ വാദം.




