Uae
ഷാർജക്ക് വീണ്ടും യുനെസ്‌കോയുടെ അന്താരാഷ്ട്ര അംഗീകാരം
ശൈശവകാല പരിചരണത്തിലും വിദ്യാഭ്യാസത്തിലും കൈവരിച്ച നേട്ടങ്ങൾക്കുള്ള അംഗീകാരം
ഷാർജ | ശൈശവകാല പരിചരണവും വിദ്യാഭ്യാസവും വിലയിരുത്തുന്നതിനുള്ള യുനെസ്‌കോയുടെ അന്താരാഷ്ട്ര സെൽഫ് അസസ്മെന്റ്ടൂൾ നടപ്പിലാക്കുന്ന ആദ്യ അറബ് നഗരമായി ഷാർജയെ തിരഞ്ഞെടുത്തു. ഈ സുപ്രധാന മേഖലയിൽ ഷാർജ നടത്തുന്ന മികച്ച പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസ രംഗത്തെ ഗുണപരമായ മാറ്റങ്ങൾക്കുമുള്ള അംഗീകാരമായാണിത്. ആഗോളതലത്തിൽ ശൈശവകാല വികസനത്തിനായുള്ള നയങ്ങൾ രൂപീകരിക്കുന്നതിന്റെ പൈലറ്റ് ഘട്ടത്തിലാണ് ഷാർജ പങ്കാളിയാകുന്നത്.
യുനെസ്‌കോയുമായി സഹകരിച്ച് നടത്തുന്ന ഈ വിലയിരുത്തൽ ഷാർജയിലെ കുട്ടികളുടെ പരിചരണത്തിനും വിദ്യാഭ്യാസത്തിനും കൂടുതൽ വികസന പദ്ധതികൾ തയ്യാറാക്കാൻ സഹായിക്കും. വിദ്യാഭ്യാസ പരിവർത്തനത്തിന്റെ കേന്ദ്രബിന്ദുവായി കുട്ടികളെ പ്രതിഷ്ഠിക്കുന്നതിൽ ഷാർജ നൽകുന്ന മുൻഗണനയെ ഈ സംരംഭം പ്രതിഫലിപ്പിക്കുന്നുവെന്ന് ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി ചെയർപേഴ്‌സൺ ഡോ. മുഹദ്ദിത്ത അൽ ഹാശിമി പറഞ്ഞു. 2023-ൽ ഷാർജയിൽ നടന്ന പ്രാദേശിക സമ്മേളനത്തിന്റെ തുടർച്ചയായാണ് ഈ പുതിയ പദവി എമിറേറ്റിനെ തേടിയെത്തിയത്.




