Connect with us

Madrassa Public Exam Result 2023

സമസ്ത മദ്‌റസാ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു

മൊത്തം 1,77,400 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 1,73,364 പേര്‍ ഉപരിപഠനത്തിന്  അര്‍ഹത നേടി.

Published

|

Last Updated

കോഴിക്കോട് | സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് കഴിഞ്ഞ മാസം നടത്തിയ അഞ്ച്, ഏഴ്, 10, 12 ക്ലാസ്സുകളിലെ മദ്‌റസാ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു. www.samastha.in എന്ന വെബ്‌സൈറ്റില്‍ പരീക്ഷാഫലം ലഭ്യമാണ്. മൊത്തം 1,77,400 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 1,73,364 പേര്‍ ഉപരിപഠനത്തിന്  അര്‍ഹത നേടി. അഞ്ചാം തരത്തില്‍ 95.34 ശതമാനവും ഏഴാം തരത്തില്‍ 97.18 ശതമാനവും പത്താം തരത്തില്‍ 99 ശതമാനവും പന്ത്രണ്ടാം തരത്തില്‍ 99.38 ശതമാനവും കുട്ടികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്.

അഞ്ചാം തരത്തില്‍ 13,872 കുട്ടികളും ഏഴാം തരത്തില്‍ 7,578 കുട്ടികളും പത്താം തരത്തില്‍ 3,864 കുട്ടികളും പന്ത്രണ്ടാം തരത്തില്‍ 223 കുട്ടികളും എല്ലാ വിഷയത്തിലും എ+ ഗ്രേഡ് നേടി. കേരളം, തമിഴ്‌നാട്, കര്‍ണാടക, അന്തമാന്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഒരേ സമയത്താണ് പൊതുപരീക്ഷ നടന്നത്. കേരളത്തിലും കര്‍ണാടകയിലുമായി 22 കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകളില്‍ 2,600 അധ്യാപകര്‍ മൂന്ന് ദിവസങ്ങള്‍ കൊണ്ടാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. പുനര്‍ മൂല്യ നിര്‍ണയത്തിനുള്ള അപേക്ഷകള്‍ ഏപ്രില്‍ ഏഴ് മുതല്‍ 20 വരെ പേപ്പര്‍ ഒന്നിന് 100 രൂപ ഫീസ് സഹിതം സദര്‍ മുഅല്ലിം മുഖേന വെബ് സൈറ്റില്‍ ഓണ്‍ലൈനായി നല്‍കേണ്ടതാണ് (www.samastha.in > Apply for Revaluation).

പൊതുപരീക്ഷയും മൂല്യനിര്‍ണയവും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സഹകരിച്ച അധ്യാപകരെയും രക്ഷകര്‍ത്താക്കളെയും മാനേജ്‌മെന്റിനേയും ഓഫീസ് ജീവനക്കാരെയും വിദ്യാര്‍ഥികളെയും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡൻ്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍, ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ട്രഷറര്‍ സയ്യിദ് കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍, പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി എന്നിവര്‍ അഭിനന്ദിച്ചു.