Kerala
അനധികൃത സ്വത്ത് സമ്പാദനക്കേസ്; കെഎം എബ്രഹാമിനെതിരായ സിബിഐ അന്വേഷണത്തിന് സ്റ്റേ
വിദേശത്തായിരുന്നതിനാലാണ് വരുമാന രേഖകള്‍ ഹാജരാക്കാന്‍ വൈകിയതെന്ന് കെ എം എബ്രഹാം

ന്യൂഡല്‍ഹി | അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാമിനെതിരായ സിബിഐ അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീംകോടതി. സിബിഐക്കും സംസ്ഥാന സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. സിബിഐ അന്വേഷണം ചോദ്യം ചെയ്ത് കെഎം എബ്രഹാം നല്‍കിയ ഹരജിയിലാണ് കോടതി നടപടി. ജസ്റ്റിസുമാരായ ദിപാങ്കര്‍ ദത്ത, മന്‍മോഹന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്.
അന്വേഷണ സമയത്ത് വിദേശത്തായിരുന്നതിനാലാണ് വരുമാന രേഖകള്‍ ഹാജരാക്കാന്‍ വൈകിയതെന്ന് കെ എം എബ്രഹാം കോടതിയില്‍ വ്യക്തമാക്കി. സിബിഐ അന്വേഷണത്തിന് മുന്‍കൂര്‍ പ്രോസിക്യൂഷന്‍ അനുമതി അനിവാര്യമാണെന്നും കെ എം എബ്രഹാം പറഞ്ഞു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കെ നിയമ നടപടി സ്വീകരിച്ചതിലുള്ള പകയാണ് പരാതിക്കാരനായ ജോമോന്‍ പുത്തന്‍ പുരയ്ക്കലിന്റെ ഹര്‍ജിക്ക് കാരണം. 2009 മുതല്‍ 2015 വരെയുള്ള വരുമാനം മാത്രമാണ് വിജിലന്‍സ് പരിശോധിച്ചത്. 2000 മുതല്‍ 2009 വരെയുള്ള വരുമാനം കൂടി പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും. ശല്യക്കാരനായ വ്യവഹാരിയാണ് ജോമോന്‍ പുത്തന്‍ പുരയ്ക്കലെന്നും കെഎം എബ്രഹാം പറയുന്നു