Kerala
സ്‌നേഹയുടെ മരണം; സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് പീഡിപ്പിച്ചതായി കുടുംബം
രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരിക്കെ ജിനീഷ് ഉപദ്രവിച്ചതിനെ തുടര്‍ന്ന് ഗര്‍ഭം അലസിയെന്നും കുടുംബത്തിന് പരാതിയുണ്ട്

കണ്ണൂര്‍ | കണ്ണൂര്‍ ഇരിട്ടിയിലെ പായം സ്വദേശി സ്‌നേഹയുടെ ആത്മഹത്യയ്ക്ക് കാരണം ഭര്‍ത്താവ് ജിനീഷിന്റെയും വീട്ടുകാരുടെയും പീഡനമെന്ന ആരോപണവുമായി കുടുംബം. രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരിക്കെ ജിനീഷ് ഉപദ്രവിച്ചതിനെ തുടര്‍ന്ന് ഗര്‍ഭം അലസിയെന്നും കുടുംബത്തിന് പരാതിയുണ്ട്. സ്ത്രീധനത്തിന്റെ പേരില്‍ ജിനീഷ് സ്‌നേഹയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. പല തവണ പട്ടിണിക്കിട്ടു.
ജിനീഷ് സ്‌നേഹയെ സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം ഉപദ്രവിച്ചെന്നും ദേഹത്ത് ബാധയുണ്ടെന്ന് പറഞ്ഞ് ക്ഷേത്രങ്ങളിലടക്കം കൊണ്ടുപോയെന്നും കുടുംബത്തിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ തിങ്കഴാഴ്ചയാണ് സ്‌നേഹയെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌നേഹ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പും മുറിയില്‍ നിന്ന് കിട്ടിയിട്ടുണ്ട്. മരണത്തിന് കാരണം ഭര്‍ത്താവ് ജിനീഷും വീട്ടുകാരുമെന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നു. അഞ്ച് വര്‍ഷം മുന്‍പായിരുന്നു സ്‌നേഹയുടേയും ജിനീഷിന്റെയും വിവാഹം. ഇരുവര്‍ക്കും മൂന്ന് വയസ് പ്രായമുള്ള കുഞ്ഞുമുണ്ട്.
ജിനീഷുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് ഏപ്രില്‍ 15 ന് സ്‌നേഹ കുഞ്ഞുമൊത്ത് സ്വന്തം വീട്ടിലേക്കെത്തി. അന്നു തന്നെ ഉളിക്കല്‍ പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. പോലീസ് സുരക്ഷയിലായിരുന്നു ജിനീഷിന്റെ വീട്ടിലെത്തി സ്‌നേഹയുടെ സാധനങ്ങള്‍ എടുത്ത് മടങ്ങിയത്. സ്‌നേഹയുടെ മരണത്തില്‍ ഇരിട്ടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പിക്കപ്പ് ഡ്രൈവറായി ജോലി ചെയ്യുകയാണ് ജിനീഷ്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്.