International
സാം പിത്രോദയുടെ ചൈന പരാമര്‍ശം: വിമര്‍ശനവുമായി ബി ജെ പി; പിത്രോദയെ തള്ളി കോണ്‍ഗ്രസ്
അയല്‍ രാജ്യമായ ചൈനയെ ശത്രുവായി കാണുന്നത് അവസാനിപ്പിക്കണമെന്ന് പിത്രോദ ആവിശ്യപ്പെട്ടിരുന്നു
ന്യൂഡല്‍ഹി | കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് സാം പിത്രോദയുടെ ചൈനയെ കുറിച്ചുള്ള പരാമര്‍ശം വിവാദമായതോടെ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്. ചൈന ഇന്ത്യയുടെ ശത്രുവല്ലെന്നാണ് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാനായ സാം പിത്രോദയുടെ പരാമര്‍ശം. അയല്‍ രാജ്യമായ ചൈനയെ ശത്രുവായി കാണുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടിരുന്നു.
പിത്രോദയുടെ പരാമര്‍ശത്തിനെതിരെ ബി ജെ പി രംഗത്തു വന്നു. കോണ്‍ഗ്രസിന്റെ ശക്തമായ ചൈനീസ് ആഭിമുഖ്യമാണ് ഇതിലൂടെ പ്രകടമാവുന്നതെന്ന് ബി ജെ പി ആരോപിച്ചു. കോണ്‍ഗ്രസും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും 2008 ല്‍ തയ്യാറാക്കിയ ധാരണാപത്രത്തിന്റെ ചുവടുപിടിച്ചാണു പിത്രോദയുടെ പ്രസ്താവനെയെന്ന് ബി ജെ പി വക്താവ് തുഹിന്‍ സിന്‍ഹ ആരോപിച്ചു. എന്നാല്‍ സാം പിത്രോദയുടെ പരാമര്‍ശവുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്നു എക്സിലൂടെ അറിയിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ്.
എന്താണ് ഇന്ത്യ ചൈനയില്‍ നിന്ന് നേരിടുന്ന ഭീഷണി എനിക്ക് മനസ്സിലാവുന്നില്ല. ചൈനയില്‍ നിന്നുള്ള ഭീഷണി ഊതി വീര്‍പ്പിച്ച ഒന്നാണെന്നുമുള്ള പിത്രോഹയുടെ പരാമര്‍ശത്തോടു പ്രതികരിക്കുകയായിരുന്നു ജയ്റാം രമേശ്. പ്രധാനമന്ത്രി 2020 ജൂണ്‍ 19 ന് ചൈനക്ക് ക്ലീന്‍ചിറ്റ് കൊടുത്തതടക്കമുള്ള കാര്യങ്ങളെ മുന്‍ നിര്‍ത്തി ചൈനയോടുള്ള മോദി സര്‍ക്കാറിന്റെ നിലപാടെന്താണെന്നും കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് ചോദിച്ചു. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി മോദിയുടെ വാഷിംഗ്ടണ്‍ സന്ദര്‍ശന വേളയില്‍ ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഗ്ദാനത്തിന് മറുപടിയായി വന്ന പിട്രോഡയുടെ പരാമര്‍ശമാണ് ബി ജെ പിയില്‍ നിന്ന് രൂക്ഷമായ വിമര്‍ശനത്തിന് ഇടയാക്കിയത്.
എന്നാല്‍ ട്രംപിന്റെ വാഗ്ദാനം കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചു. ഇന്ത്യയുടെ നയതന്ത്രം, പരമാധികാരം എന്നിവയ്‌ക്കേറ്റ കനത്ത പ്രഹരമാണ് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവിന്റെ പരാമര്‍ശമെന്ന് ബി ജെ പി പറഞ്ഞു. സാം പിത്രോദയുടെ പ്രസ്താവന ചൈനയോടുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടിനെ പ്രതിഫലിപ്പിക്കുന്നതാണെന്ന് ബി ജെ പി നേതാവ് സുധാന്‍ഷു പാണ്ഡെ വിമര്‍ശിച്ചു. പിത്രോദയുടെ പരാമര്‍ശങ്ങളെ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ മുന്‍കാല പ്രസ്താവനകളുമായി ബി ജെ പി ബന്ധപ്പെടുത്തി. വെല്ലുവിളികള്‍ക്കിടയിലും ചൈന തൊഴിലില്ലായ്മയെ തരണം ചെയ്തുവെന്ന് രാഹുല്‍ ഗാന്ധി തന്റെ ഒരു വിദേശ യാത്രയില്‍ അവകാശപ്പെട്ടിരുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു.


