Connect with us

Kerala

റൈറ്റ് ടു ഡിസ്‌കണക്ട് സ്വകാര്യ ബില്‍ എ എ റഹീം രാജ്യസഭയില്‍ അവതരിപ്പിച്ചു

ഓഫീസ് സമയം കഴിഞ്ഞാല്‍ ജോലി സംബന്ധമായ ആശയവിനിമയങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ജീവനക്കാര്‍ക്ക് അവകാശം നല്‍കണം

Published

|

Last Updated

ന്യൂഡല്‍ഹി | ഓഫീസ് സമയം കഴിഞ്ഞാല്‍ ജോലി സംബന്ധമായ ആശയവിനിമയങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ജീവനക്കാര്‍ക്ക് അവകാശം നല്‍കുന്ന റൈറ്റ് ടു ഡിസ്‌കണക്ട് സ്വകാര്യ ബില്‍ എ എ റഹീം രാജ്യസഭയില്‍ അവതരിപ്പിച്ചു. വിഷയത്തില്‍ രാജ്യസഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കുന്ന ആദ്യ എംപിയാണ് എഎ റഹീം. ഫ്രാന്‍സ്, ബെല്‍ജിയം, പോര്‍ച്ചുഗല്‍, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ഇതിനകം തന്നെ ഇത്തരം നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വര്‍ധിച്ചുവരുന്ന ജോലിഭാരവും ഡിജിറ്റല്‍ യുഗത്തിലെ എപ്പോഴും ഓണ്‍ലൈന്‍ ആയിരിക്കണമെന്ന സമ്മര്‍ദ്ദവും ജീവനക്കാരുടെ മാനസികാരോഗ്യത്തെയും കുടുംബജീവിതത്തെയും സാരമായി ബാധിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. നിശ്ചിത ജോലിസമയത്തിന് ശേഷം വരുന്ന ഫോണ്‍ കോളുകള്‍, ഇമെയിലുകള്‍, മെസ്സേജുകള്‍ എന്നിവയോട് പ്രതികരിക്കാതിരിക്കാന്‍ ജീവനക്കാര്‍ക്ക് നിയമപരമായ അവകാശമുണ്ടാകണം എന്നതാണ് ബില്ലിലെ പ്രധാന നിര്‍ദേശം. ജോലി സമയം കഴിഞ്ഞുള്ള ആശയവിനിമയങ്ങളില്‍ പ്രതികരിക്കാത്തതിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരെ പിരിച്ചുവിടലോ മറ്റ് അച്ചടക്ക നടപടികളോ സ്വീകരിക്കാന്‍ പാടില്ല. ഈ അവകാശം വിനിയോഗിക്കുന്നതിന്റെ പേരില്‍ പ്രമോഷനോ മറ്റ് കരിയര്‍ ആനുകൂല്യങ്ങളോ നിഷേധിക്കപ്പെടരുത്. ഓരോ സ്ഥാപനവും തങ്ങളുടെ റൈറ്റ് ടു ഡിസ്‌കണക്ട് നയം ട്രേഡ് യൂണിയനുകളുമായോ ജീവനക്കാരുടെ പ്രതിനിധികളുമായോ ചര്‍ച്ച ചെയ്ത് നടപ്പിലാക്കണമെന്നും ബില്ലില്‍ പറയുന്നു.

ഐടി, പ്ലാറ്റ്ഫോം സെക്ടര്‍, മറ്റ് സേവന മേഖലകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന യുവാക്കളാണ് പ്രധാനമായും ഈ പ്രശ്‌നം നേരിടുന്നത്. കൊവിഡിന് ശേഷമുള്ള ഹൈബ്രിഡ്, റിമോട്ട് തൊഴില്‍ രീതികള്‍ ഔദ്യോഗിക ജീവിതവും സ്വകാര്യ ജീവിതവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ ഇല്ലാതാക്കിയതായി എ എ റഹീം ചൂണ്ടിക്കാട്ടി.
റൈറ്റ് ടു ഡിസ്‌കണക്ട് ബില്ലിന് പുറമെ മറ്റ് രണ്ട് സ്വകാര്യ ബില്ലുകള്‍ കൂടി എ എ റഹിം എം പി അവതരിപ്പിച്ചു. വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സികളെ നിയന്ത്രിക്കുന്നതിനും വിദ്യാര്‍ഥികളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനുമുള്ള എജ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സീസ് റെഗുലേഷന്‍ ബില്‍ 2025. കാലാവസ്ഥാ വ്യതിയാനം മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനായുള്ള എന്‍വയോണ്‍മെന്റ് ഭേദഗതി ബില്‍ 2025 എന്നവയാണ് അവതരിപ്പിച്ചത്.

 

Latest