Connect with us

ews reservation

സംവരണം: കോടതി വിധിയിലെ പ്രതിലോമ രാഷ്ട്രീയം

ഭരണ നേതൃത്വത്തിലും ഉദ്യോഗങ്ങളിലും വരേണ്യ വിഭാഗം ഇപ്പോഴും മുന്‍തൂക്കം നിലനിര്‍ത്തുന്നു. ഇത് തുടര്‍ന്നും നിലനിര്‍ത്താനും നയരൂപവത്കരണത്തിലും നിര്‍വഹണത്തിലും അവരുടെ ചിന്തകള്‍ക്കുള്ള മേധാവിത്വം തുടരാനും സഹായിക്കുക എന്നതാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക സംവരണത്തിന്റെ ഉദ്ദേശ്യം. അത് സാധിച്ചുകൊടുക്കുക എന്ന ദൗത്യമാണ് ഭൂരിപക്ഷ വിധിയിലൂടെ സുപ്രീം കോടതി നിര്‍വഹിച്ചിരിക്കുന്നതും.

Published

|

Last Updated

മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പത്ത് ശതമാനം സംവരണം അനുവദിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തിയ ഭരണഘടനാ ഭേദഗതി അംഗീകരിച്ച് സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധി. അഞ്ചംഗ ബഞ്ചില്‍ മൂന്ന് ജഡ്ജിമാര്‍ ഭരണഘടനാ ഭേദഗതിയെ അംഗീകരിച്ചപ്പോള്‍ വിരമിക്കുന്ന ചീഫ് ജസ്റ്റിസ് യു യു ലളിതും ജസ്റ്റിസ് രവീന്ദ്ര ഭട്ടും വിയോജിച്ചു. രാഷ്ട്രീയമായി ഏറെ പ്രാധാന്യമുണ്ട് ഈ വിധിക്ക്. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭകളിലേക്ക് ഉടനെയും കര്‍ണാടക, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാന നിയമസഭകളിലേക്ക് അടുത്ത വര്‍ഷവും തുടര്‍ന്ന് ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പും നടക്കാനിരിക്കെ പ്രത്യേകിച്ചും. നരേന്ദ്ര മോദി സര്‍ക്കാറെടുത്ത തീരുമാനം കോടതി ശരിവെച്ചത് ബി ജെ പിക്കും ഇതര സംഘ്പരിവാര സംഘടനകള്‍ക്കും പ്രചാരണ ആയുധമാണ്. അതിനൊപ്പം അവരുടെ പ്രധാന വോട്ടുബേങ്കായ സവര്‍ണ വിഭാഗത്തെ തൃപ്തിപ്പെടുത്തി നിര്‍ത്തുകയും ചെയ്യാം. സോഷ്യല്‍ എന്‍ജിനീയറിംഗ് എന്ന ഓമനപ്പേരിട്ട് അവര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വര്‍ഗീയ അജന്‍ഡയുടെ വ്യാപനത്തിന് വിഘാതമുണ്ടാകാതെ നോക്കിയാല്‍ സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധി അവര്‍ക്ക് ചെറുതല്ലാത്ത മൈലേജ് ഉണ്ടാക്കിക്കൊടുക്കും. സമ്പത്ത് മാനദണ്ഡമാക്കി സംവരണം നടപ്പാക്കുന്നത്, സാമൂഹിക നീതിയെ ഏത് വിധത്തിലാണ് അട്ടിമറിക്കുക എന്നത് പട്ടിക വിഭാഗങ്ങള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കുമിടയില്‍ കൃത്യമായി എത്തിക്കാനായാല്‍ അതിന്റെ നേട്ടമെടുക്കാന്‍ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സാധിക്കും. പക്ഷേ, അത്തരമൊരു പ്രചാരണം കൃത്യമായി നടത്താനും പട്ടിക വിഭാഗങ്ങളെയും പിന്നാക്ക വിഭാഗങ്ങളെയും ബോധവത്കരിച്ച് ഒപ്പം നിര്‍ത്താനുമുള്ള ശേഷി പ്രതിപക്ഷത്തിനില്ലാതിരിക്കുകയും കൂട്ടായൊരു നിലപാടിലേക്ക് എത്താന്‍ പ്രതിപക്ഷത്തെ വിവിധ പാര്‍ട്ടികള്‍ക്ക് സാധിക്കാതിരിക്കുകയും ചെയ്യുന്നതിന്റെ ഗുണവും സംഘ്പരിവാരത്തിന് തന്നെ.

സാമ്പത്തിക പിന്നാക്കാവസ്ഥയെ അധികരിച്ച് സംവരണം അനുവദിക്കുന്നത്, സംവരണം എന്നതിനെക്കുറിച്ച് ഭരണഘടന മുന്നോട്ടുവെച്ച അടിസ്ഥാന ധാരണക്ക് വിരുദ്ധമാണോ എന്നതാണ് സുപ്രീം കോടതിക്ക് മുന്നിലുണ്ടായിരുന്ന ഒരു ചോദ്യം. പത്ത് ശതമാനം അധിക സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ ആകെയുള്ള സംവരണ ശതമാനം 50 ശതമാനത്തില്‍ അധികമാകുന്നത് ഭരണഘടനാ തത്ത്വങ്ങളുടെ ലംഘനമാണോ എന്നതും ചോദ്യം ചെയ്യപ്പെട്ടു. ഇതില്‍ ആദ്യത്തെ ചോദ്യമാണ് ഏറ്റം പ്രധാനം. പല തരം വിവേചനങ്ങളാല്‍ ഭൂമിയുടെയും സമ്പത്തിന്റെയും അവസരങ്ങളുടെയും അവകാശങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെട്ടിരുന്ന ജനവിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ യൂനിയനെന്ന സ്വതന്ത്ര രാഷ്ട്രത്തില്‍ അധികാരത്തിലും ഇതര ഇടങ്ങളിലും അര്‍ഹിക്കുന്ന പ്രാതിനിധ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭരണഘടന സംവരണമെന്ന ആശയം മുന്നോട്ടുവെച്ചത്. വിഭവങ്ങള്‍ക്കു മേല്‍ അധികാരമില്ലാത്ത വിഭാഗങ്ങള്‍ അധികാരസ്ഥാനങ്ങളിലും ഇതര മേഖലകളിലും പിന്തള്ളപ്പെട്ടിരുന്നു. അവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യമുണ്ടാകണമെങ്കില്‍ വിഭവങ്ങളില്‍ തുല്യ അവകാശം ഉന്നയിക്കാനാകണം. അങ്ങനെ ഉന്നയിക്കണമെങ്കില്‍ സാമൂഹികവും സാമ്പത്തികവുമായ സ്വാതന്ത്ര്യത്തിലേക്ക് അവരെത്തണം. അങ്ങനെ എത്തിക്കണമെങ്കില്‍ വിദ്യാഭ്യാസത്തിലും ഉദ്യോഗങ്ങളിലും അവര്‍ക്ക് സംവരണം അനുവദിക്കണമെന്നതായിരുന്നു കാഴ്ചപ്പാട്. പട്ടിക വിഭാഗങ്ങള്‍ക്ക് സംവരണം അനുവദിക്കപ്പെട്ടിട്ട് ഏതാണ്ട് മുക്കാല്‍ നൂറ്റാണ്ടാകുന്നു. പിന്നാക്ക വിഭാഗങ്ങളുടെ കാര്യത്തില്‍ അതിന് മൂന്ന് ദശകത്തെ പഴക്കമേയുള്ളൂ. ഈ വിഭാഗങ്ങളില്‍പ്പെട്ടവര്‍ ഇക്കാലം കൊണ്ട് അധികാരസ്ഥാനങ്ങളിലും ഉദ്യോഗങ്ങളിലും വേണ്ടവിധം പ്രതിനിധാനം ചെയ്യപ്പെട്ടോ എന്ന ചോദ്യത്തിന് പ്രത്യേകിച്ചൊരു കണക്കെടുപ്പുമില്ലാതെ ഇല്ല എന്ന് ഉത്തരം നല്‍കാനാകും.

ഇതിനൊപ്പം കാണേണ്ട മറ്റൊരു വിഭാഗം സ്വാതന്ത്ര്യാനന്തരം രാജ്യത്ത് തുടരാന്‍ തീരുമാനിച്ച ന്യൂനപക്ഷങ്ങളാണ്. അവര്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഒരിടത്തുമുണ്ടായിരുന്നില്ല. തീവ്ര ഹിന്ദുത്വത്തിന്റെ പ്രയോക്താക്കള്‍ വര്‍ധിത വീര്യത്തോടെ അധികാരത്തുടര്‍ച്ചയുണ്ടാക്കിയതോടെ അവരുടെ പട്ടികയില്‍, നിയമസഭയിലോ പാര്‍ലിമെന്റിലോ പാര്‍ട്ടി ഘടനയിലോ, ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യം ഇല്ലാതാകുകയോ തുലോം തുച്ഛമാകുകയോ ചെയ്തിരിക്കുന്നു. മത്സരിക്കേണ്ടത് തീവ്ര ഹിന്ദുത്വത്തോടാകയാല്‍, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെയോ അവസരങ്ങളെയോ കുറിച്ച് സംസാരിച്ച് ഭൂരിപക്ഷ മതവിഭാഗത്തിന്റെ പിന്തുണ ഇല്ലാതാക്കേണ്ടെന്ന് പ്രതിപക്ഷത്തെ പല രാഷ്ട്രീയ സംവിധാനങ്ങളും തീരുമാനിക്കയാല്‍ ആ പ്രതലത്തിലുള്ള പ്രാതിനിധ്യത്തിലും ഇടിവുണ്ടായി. ഈ ചരിത്ര പശ്ചാത്തലത്തിലാണ് മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം അനുവദിക്കാനുള്ള ഭരണഘടനാ ഭേദഗതിയും അതിനെ അംഗീകരിച്ച സുപ്രീം കോടതി വിധിയും പ്രസക്തമാകുന്നത്.

പട്ടിക വിഭാഗങ്ങള്‍ക്ക് മുക്കാല്‍ നൂറ്റാണ്ടും പിന്നാക്ക വിഭാഗങ്ങള്‍ക്ക് മൂന്ന് ദശകവുമായി സംവരണമുണ്ട്. ദരിദ്രരായി മാറുകയോ തുടരുകയോ ചെയ്യുന്ന മുന്നാക്ക വിഭാഗങ്ങള്‍ക്ക് ഒരു പരിഗണനയുമില്ല എന്ന കേവല വ്യാഖ്യാനത്തില്‍ നിന്നാണ് സാമ്പത്തിക സംവരണമെന്ന ആശയമുണ്ടാകുന്നത്. മത – ജാതി ഘടകങ്ങള്‍ക്കപ്പുറത്ത് മുതലാളി – തൊഴിലാളി ദ്വന്ദ്വത്തിന് പ്രാമുഖ്യം നല്‍കുകയും അതില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നേരത്തേ തന്നെ സംവരണത്തിന് സാമ്പത്തികം അടിസ്ഥാനമാകണമെന്ന ആശയക്കാരായിരുന്നു. അതുപക്ഷേ സംഘ്പരിവാരം ആഗ്രഹിക്കുന്ന ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ പുനഃസ്ഥാപനം ലാക്കാക്കിയിരുന്നില്ല. അടിസ്ഥാനം സമ്പത്താകണമെന്ന ചിന്തയില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പില്‍ക്കാലത്ത് മാറുകയും ചെയ്തു. അപ്പോഴും മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം വേണമെന്നത് നിലപാടായി സ്വീകരിക്കുകയും ചെയ്തു. എന്നാലും നിലവിലുള്ള സംവരണ സംവിധാനത്തെയാകെ ഇല്ലാതാക്കുക എന്നത് അവരുടെ ഇപ്പോഴത്തെ രാഷ്ട്രീയ അജന്‍ഡയല്ല.

നൂറ്റാണ്ടുകള്‍ അടിച്ചമര്‍ത്തപ്പെടുകയും ചൂഷണോപാധിയായി മാത്രം ജീവിക്കുകയും ചെയ്തവരുടെ പരമ്പര ഇപ്പോഴും അര്‍ഹിക്കുന്ന പ്രാതിനിധ്യത്തിലേക്കോ അവസര സമത്വത്തിലേക്കോ എത്തിയിട്ടില്ല എന്നതാണോ, അടിച്ചമര്‍ത്താനും ചൂഷണം ചെയ്യാനും മുന്നില്‍ നിന്നവരുടെ പരമ്പരയിലൊരു ന്യൂനപക്ഷം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നു എന്നതാണോ സാമൂഹിക നീതിയുടെ നിര്‍വഹണത്തില്‍ ആധാരമായി കണക്കാക്കേണ്ടത് എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഭരണ നേതൃത്വത്തിലും ഉദ്യോഗങ്ങളിലും വരേണ്യ വിഭാഗം ഇപ്പോഴും മുന്‍തൂക്കം നിലനിര്‍ത്തുമ്പോള്‍ പ്രത്യേകിച്ചും. അവിടെ നിലവില്‍ വരേണ്യ വിഭാഗത്തിനുള്ള മുന്‍തൂക്കം നിലനിര്‍ത്താനും നയരൂപവത്കരണത്തിലും നിര്‍വഹണത്തിലും അവരുടെ ചിന്തകള്‍ക്കുള്ള മേധാവിത്വം തുടരാനും സഹായിക്കുക എന്നതാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക സംവരണത്തിന്റെ ഉദ്ദേശ്യം. അത് സാധിച്ചുകൊടുക്കുക എന്ന ദൗത്യമാണ് ഭൂരിപക്ഷ വിധിയിലൂടെ സുപ്രീം കോടതി നിര്‍വഹിച്ചിരിക്കുന്നതും.

അതിനൊപ്പം പുതിയ കാലത്ത് സംവരണത്തിന്റെ രീതിയും മാറേണ്ടതല്ലേ എന്ന ചോദ്യവും കോടതി മുന്നോട്ടുവെക്കുന്നു. വര്‍ഷങ്ങളായി തുടരുന്ന സംവരണ വ്യവസ്ഥ പട്ടിക – പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക – വിദ്യാഭ്യാസ – സാമ്പത്തിക അവസ്ഥകളില്‍ മാറ്റമുണ്ടാക്കിയിട്ടുണ്ട് എന്ന് വിലയിരുത്തിയാണ് ഈ ചോദ്യം കോടതി മുന്നോട്ടുവെക്കുന്നത്. പട്ടിക – പിന്നാക്ക വിഭാഗങ്ങളുടെ അവസ്ഥയില്‍ ഉണ്ടായ മാറ്റത്തെ വിവരിക്കുന്ന സ്ഥിതിവിവരക്കണക്കെന്തെങ്കിലും കോടതിയുടെ മുന്നിലുണ്ടോ? അതില്ലാതിരിക്കെയുള്ള നിഗമനം മുന്‍വിധിയോ ഭരണകൂടത്തിന്റെ ഇംഗിതാനുസാരിയോ ആകാനാണ് സാധ്യത. അത് തന്നെയാണ് കോടതിയുടെ ഭൂരിപക്ഷ വിധിയിലെ പ്രതിലോമ രാഷ്ട്രീയവും. ഭൂരിപക്ഷ വിധിയോട് വിയോജിക്കുന്ന ജസ്റ്റിസുമാരായ യു യു ലളിതും രവീന്ദ്ര ഭട്ടും സമ്പത്ത് ഘടകമായി സംവരണം അനുവദിക്കുന്നതില്‍ തെറ്റില്ല എന്ന് വ്യക്തമാക്കുമ്പോള്‍ ഇതേ പ്രതിലോമ രാഷ്ട്രീയത്തെ തന്നെയാണ് പേറുന്നത്. ഒരുപക്ഷേ കുറേക്കൂടി വിപത്കരമായതും സംഘ്പരിവാര രാഷ്ട്രീയത്തോട് ചേര്‍ന്നുനില്‍ക്കുന്നതും ന്യൂനപക്ഷ വിധിയാണെന്ന് പറയേണ്ടിവരും. സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ കണക്കിലെടുത്ത് വേണം സംവരണമെന്ന ഭരണഘടനാ വ്യവസ്ഥയുടെ ലംഘനം ഈ ഭേദഗതിയിലുണ്ടെന്നല്ല ന്യൂനപക്ഷ വിധി പറയുന്നത്. സമ്പത്തിനെ അധികരിച്ച് സംവരണം അനുവദിക്കുന്നത് തെറ്റായി കാണാനാകില്ല എന്നാണ്. ആ സംവരണത്തില്‍ പട്ടിക – പിന്നാക്ക വിഭാഗങ്ങളെ ഉള്‍പ്പെടുത്താത്തത് വിവേചനമാണെന്നതാണ്. ഒറ്റനോട്ടത്തില്‍ ഇത് ശരിയുമാണ്. പക്ഷേ, വിശാലമായ രാഷ്ട്രീയ വായനയില്‍ സമ്പത്തിനെ അടിസ്ഥാനമായ സംവരണത്തില്‍ വിവിധ വിഭാഗങ്ങള്‍ക്ക് അര്‍ഹമായത് നല്‍കിയാല്‍ അതാണ് കുറേക്കൂടി ഉചിതമെന്ന് സൂചിപ്പിക്കുന്നുണ്ട് ഈ വിധി.

സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ പരിഗണിച്ചുള്ള സംവരണമെന്ന ഭരണഘടനാ കല്‍പ്പനയില്‍ നിന്ന് മാറി, സമ്പത്തിനെ അധികരിച്ചുള്ള സംവരണമെന്ന സംഘ്പരിവാര ചിന്തയെ ഭൂരിപക്ഷ വിധി പ്രത്യക്ഷമായി തുണക്കുമ്പോള്‍ അതിനെ പരോക്ഷമായെങ്കിലും കൂടുതല്‍ ശക്തമായി പിന്തുണക്കുന്നതായി ന്യൂനപക്ഷ വിധി. ഒറ്റനോട്ടത്തില്‍ ഭിന്ന വിധിയായിരിക്കെ തന്നെ, സംഘ് ആശയത്തെ സാധൂകരിക്കുകയാണ് രണ്ട് ഉത്തരവുകളും. സവര്‍ണ മേല്‍ക്കോയ്മ പുലരുന്ന ഹിന്ദുരാഷ്ട്രമെന്ന രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ലക്ഷ്യം നന്നായി മനസ്സിലാക്കുന്നുണ്ട് ഈ വിധിവാക്യങ്ങളെന്ന് കരുതണം.

Latest