Ongoing News
രഞ്ജിതയുടെ മരണം: അനുശോചിച്ച് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയും കാതോലിക്കാ ബാവയും
ശാസ്ത്ര സാങ്കേതിക വിദ്യയുടെ പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത എല്ലാവരിലും ഉണ്ടാകകണമെന്ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത. മരണപ്പെട്ടവരുടെ നിത്യശാന്തിക്കും കുടുംബങ്ങളുടെ ആശ്വാസത്തിനും പ്രാര്‍ഥിക്കുന്നതായും കാതോലിക്കാ ബാവ

തിരുവല്ല | നിരവധി പേരുടെ മരണത്തിനിടയാക്കിയ അഹമ്മദബാദ് വിമാനദുരന്തം അത്യന്തം വേദനാജനകമെന്ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത. ദുരന്തത്തില്‍ മരണമടയുകയും ഇരയാവുകയും ചെയ്തവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും ആശ്വാസത്തിനായി പ്രാര്‍ഥിക്കുന്നതായും മെത്രാപ്പോലീത്ത പറഞ്ഞു. രാജ്യം നേരിടുന്ന ഗൗരവമായ പ്രതിസന്ധിയെ കരുത്തോടെ നേരിടാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്ര സാങ്കേതിക വിദ്യയുടെ പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത എല്ലാവരിലും ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.
കാതോലിക്കാ ബാവ
കോട്ടയം | അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയും അനുശോചിച്ചു. മലയാളിയായ നഴ്സ് രഞ്ജിതയടക്കമുള്ളവരുടെ സ്വപ്നങ്ങളിലേക്കുള്ള സഞ്ചാരമാണ് ചിറകറ്റ് വീണത്. മരണപ്പെട്ടവരുടെ നിത്യശാന്തിക്കും കുടുംബങ്ങളുടെ ആശ്വാസത്തിനും പ്രാര്‍ഥിക്കുന്നതായും കാതോലിക്കാ ബാവ പറഞ്ഞു. സാധ്യമായ എല്ലാ സഹായങ്ങളും ഭരണകൂടവുമായി ചേര്‍ന്ന് ചെയ്യാന്‍ സഭയുടെ അഹമ്മദാബാദ് ഭദ്രാസനത്തിനും ഇടവകകള്‍ക്കും നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.