Connect with us

Kerala

മഴക്കെടുതി: വന്ദേ ഭാരത് അടക്കം നിരവധി ട്രെയിനുകള്‍ വൈകിയോടുന്നു

തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്‌സ്പ്രസ്സ്, മലബാര്‍ എക്‌സ്പ്രസ്സ്, കന്യാകുമാരിയിലേക്കുള്ള പരശുറാം എക്‌സ്പ്രസ്സ്, കോയമ്പത്തൂര്‍- മംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ്സ് എന്നിവയാണ് വൈകിയോടുന്ന പ്രധാനപ്പെട്ട മറ്റ് ട്രെയിനുകള്‍

Published

|

Last Updated

കോഴിക്കോട് | രൂക്ഷമായ മഴയിലും കാറ്റിലും ട്രാക്കില്‍ മരങ്ങള്‍ വീഴുന്നത് മൂലം സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം താറുമാറാകുന്നു. മംഗലാപുരം- തിരുവനന്തപുരം വന്ദേ ഭാരത് അടക്കമുള്ള നിരവധി ട്രെയിനുകള്‍ നിലവില്‍ വൈകിയോടുകയാണ്.

തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്‌സ്പ്രസ്സ്, മലബാര്‍ എക്‌സ്പ്രസ്സ്, കന്യാകുമാരിയിലേക്കുള്ള പരശുറാം എക്‌സ്പ്രസ്സ് എന്നിവയാണ് വൈകിയോടുന്ന പ്രധാനപ്പെട്ട മറ്റ് ട്രെയിനുകള്‍. ഇന്നലെ മംഗലാപുരത്തേക്കുള്ള വന്ദേ ഭാരത് വൈകിയിരുന്നു. ഇതുമൂലം തിരിച്ചുള്ള ട്രെയിനിന്റെ സമയം ക്രമീകരിച്ചതാണ് വന്ദേ ഭാരത് ഇന്നും വൈകാന്‍ കാരണം.

പാലക്കാട് ഡിവിഷനിലും നിരവധി ട്രെയിനുകളാണ് വൈകിയോടുന്നത്. കോയമ്പത്തൂര്‍- മംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ്സ്, കണ്ണൂര്‍- ഷൊര്‍ണൂര്‍ പാസ്സഞ്ചര്‍, കണ്ണൂര്‍- കോയമ്പത്തൂര്‍ പാസ്സഞ്ചര്‍ എന്നിവയാണ് വൈകിയോടുന്നത്.

ഇന്നലെ രാത്രി മരം വീണ കോഴിക്കോട് അരീക്കാട് ഭാഗത്തെ റെയില്‍വേ ട്രാക്കില്‍ ഇന്ന് രാവിലെയും മരം വീണു. മാത്തോട്ടം ഭാഗത്താണ് വീണ്ടും മരം വീണത്. ട്രാക്കിലെ ഇലക്ട്രിക് ലൈനിന്റെ മുകളിലാണ് മരം പതിച്ചത്. ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രാക്കില്‍ ഇതോടെ തടസ്സമുണ്ടായി.

 

ഇന്നലെ പത്ത് മണിക്കൂറോളം സമയമെടുത്താണ് മരം നീക്കിയതും ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചതും. ഇന്നും ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി നിര്‍ത്തിവെച്ചു. കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രാക്കിലൂടെ മാത്രമാണ് രണ്ട് മണിക്കൂറോളം ട്രെയിനുകള്‍ കടത്തിവിട്ടത്.

തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് മാത്തോട്ടം-അരീക്കോട് ഭാഗത്തേയ്ക്കുള്ള ട്രാക്കിലേക്ക് മൂന്ന് മരങ്ങള്‍ വന്നുവീണ് ഗതാഗതം തടസ്സപ്പെട്ടത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്താന്‍ ലക്ഷ്യമിട്ട് തിരുന്നല്‍വേലി- ജാം നഗര്‍ എക്സ്പ്രസ് താരതമ്യേന വേഗത്തില്‍ വരുന്നതിനിടെ ഫറോക്ക് സ്റ്റേഷന്‍ കഴിഞ്ഞ് അല്‍പ്പം കഴിഞ്ഞായിരുന്നു സംഭവം. മരങ്ങള്‍ക്ക് പുറമേ സമീപത്തെ വീടിന്റെ മേല്‍ക്കൂരയിലെ കൂറ്റന്‍ അലൂമിനിയം ഷീറ്റ് വൈദ്യുതി ലൈനിലേക്ക് വീഴുകയും ചെയ്തു. ഇതോടെ വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു. ലോക്കോ പൈലറ്റിന്റെ അവസരോചിതമായ ഇടപെടലില്‍ ട്രെയിന്‍ ഉടന്‍ നിര്‍ത്തിയതോടെയാണ് വലിയ അപകടം ഒഴിവായത്.

 

Latest