Connect with us

prathivaram story

ജനുവരിയിലെ മഴ

ജനുവരിയിൽ പിന്നെയും മഴ പെയ്തുകൊണ്ടിരുന്നു. കാലമല്ലാത്തകാലത്തെ മഴ

Published

|

Last Updated

നനഞ്ഞുകുതിർന്ന മുറ്റത്ത് ചെളിപുരണ്ട ചെരുപ്പുകൾ അലക്ഷ്യമായി കിടന്നു. അത് ആരുടെതാണെന്ന് അവൾക്ക് മനസ്സിലായില്ല. വൃദ്ധയായ അമ്മയും അനിയത്തിയും മാത്രമാണ് വീട്ടിലുള്ളത്. ഒട്ടും പ്രതീക്ഷിക്കാതെ പെയ്ത മഴയിൽ കാലത്ത് ഉപയോഗിക്കാനുള്ള സാധനങ്ങൾ നനയാതെയെടുത്തുവെക്കാനാണ് അവൾ വാതിൽ തുറന്നത്. അത് തനിക്കുമുമ്പേ ആരോ എടുത്തുവെച്ചിരിക്കുന്നു. ഇരുട്ടിൽ മഴ ശക്തമാകുകയാണ്. മണ്ണിനെപ്പോലെ മനസ്സും കലങ്ങിമറിയുന്നു. നേർത്ത കാറ്റിൽ അവളുടെ ഉടയാടകൾ അലസമായി പാറിപ്പറന്നു. നനഞ്ഞ മുടിയിഴകൾ മാടിയൊതുക്കിവെക്കുമ്പോൾ എവിടെ നിന്നോ ഒരു ചെറുശബ്ദം കേട്ടുവോ.? അവൾ ചുറ്റും തിരഞ്ഞു. ഒരു കറുത്ത പൂച്ച കുഞ്ഞുങ്ങളുമായി അവളുടെ മുന്നിലേക്ക് ഓടി വന്നു. കനത്ത ഇരുട്ടും പേമാരിയും പാതിരാത്രിയുടെ ഭയാനകമായ മൗനവും …. പൊടുന്നനെയവൾ വാതിലുകളടച്ചു. മുറിയിൽ സുഖനിദ്രയിലാണ്ടു കിടക്കുന്ന അനിയത്തി. പാതിമയക്കത്തിൽ തിരിഞ്ഞു മറിഞ്ഞു ചെറിയ ശബ്ദങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന അമ്മ. ഉറക്കമില്ലാത്ത അവളുടെ കണ്ണുകളിൽനിന്നും എന്തിനെന്നറിയാതെ കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു.
യൗവനത്തിന്റെ പാതിവഴിയിൽ വിവാഹമോചിതയായ അനിയത്തി, അവിവാഹിതയായ താൻ, വ്യദ്ധയായ അമ്മ. പണിതീരാത്ത വീട്ടിൽ നഷ്ടങ്ങളുടെ കണക്കുകൾ മാത്രം പുകയുന്നു.
എവിടെയാണ് പിഴച്ചത്? അച്ഛന്റെ മരണംവരെ എല്ലാ സന്തോഷങ്ങളും ഉണ്ടായിരുന്നു. തന്നെ മറ്റൊരാളുടെ കൈപിടിച്ചു കൊടുക്കാൻ അച്ഛൻ പലതവണ ആവേശം കാട്ടി പക്ഷെ മറ്റൊരാളെ സ്നേഹിച്ച് വഞ്ചിക്കാൻ തനിക്കാവുമായിരുന്നില്ലല്ലോ … ഒരു ദേശാടനപക്ഷിയായിരുന്ന അയാളിന്നെവിടെയായിരിക്കും? മറക്കാൻ കഴിയാത്ത ആ മുഖം നെഞ്ചോട് ചേർത്ത് ഇപ്പോഴും അവളിരിക്കുന്നു. വരും വരാതിരിക്കില്ല. അനിയത്തിക്കരികിലേക്ക് ചേർന്നുകിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി.

ജനുവരിയിൽ പിന്നെയും മഴ പെയ്തുകൊണ്ടിരുന്നു. കാലമല്ലാത്തകാലത്തെ മഴ … വിറകുപുരക്കുള്ളിൽ ചോർന്നൊലിച്ച് നനഞ്ഞുകുതിർന്ന വിറകുകൾ ഒതുക്കിയെടുത്തു മാറ്റി വെക്കാനാണ് അവൾ അങ്ങോട്ട്‌ നടന്നത്. ആ കറുത്തരാത്രിയിൽ മഴയിൽ കുതിർന്നുകിടന്ന അതേ ചെരുപ്പുകൾ അവിടെ ഒതുക്കിവെച്ചിരിക്കുന്നു.
ഇത് ആരുടെതാണെന്ന് അനിയത്തിയോട് ചോദിക്കാൻ അവൾ ഭയന്നു. ആരെയും അനുസരിക്കാത്ത തന്നിഷ്ടക്കാരിയാണവൾ. പിന്നീടുള്ള പകലുകൾ അവളാ ചെരുപ്പുകളണിഞ്ഞ് നടന്നു. “ആണുങ്ങളുടെ ചെരുപ്പ് നിനക്കെങ്ങനെ കിട്ടി’. അനിയത്തി ദേഷ്യത്തിൽ ചോദിച്ചു.
“ഇത് ആരുടെതാണെന്ന് നിനക്കല്ലേയറിയൂ’
അവളുടെ മറുചോദ്യത്തിൽ വിഴാതിരിക്കാൻ അനിയത്തി കോപം നടിച്ചു അകത്തേക്ക് കയറിപ്പോയി.

പിന്നെയും രാപകലുകൾ കൊഴിഞ്ഞു. അനിയത്തി ഗർഭിണിയായിരിക്കുന്നു. അവൾക്കരിക്കിൽ ചേർന്നുകിടന്ന താനറിഞ്ഞില്ല അവൾക്കരികിൽ വന്നു പോയതാരെന്ന്. അവളുടെ ചിന്തകൾക്ക് ഭ്രാന്തുപിടിച്ചു. അച്ഛനില്ലാത്ത ഒരു കുഞ്ഞ്. “നീ പറ ഇതിന്റെ അച്ഛനാരെന്ന് ഞാൻ നിനക്ക് അവനെ വിവാഹം ചെയ്തുതരാം “അവൾ പറഞ്ഞുനോക്കി “ആ…ആർക്കറിയാം’ അനിയത്തിയുടെ അലസമായ മറുപടി. എല്ലാം കണ്ടും കേട്ടും കൊണ്ടിരുന്ന അമ്മ മറ്റൊരു പ്രഭാതം കാണുംമുമ്പേ യാത്ര പറയാതെ പോയി.

മരണവീട്ടിൽ ചർച്ചകൾ പൊടിപൊടിച്ചു. ആരാണ് കുഞ്ഞിന്റെ അച്ഛൻ സോമനോ ജോയിയോ രാജുവോ… ആരാണന്ന് അവൾക്ക് അറിയില്ലാത്രേ. പിന്നെയും പലരുടെയും പേരുകൾ അവൾ പറഞ്ഞു. ഇവരൊക്കെ എപ്പോഴാണ് അവളുടെയടുത്ത് വന്നത്? താൻ അപ്പോൾ എവിടെയായിരുന്നു.? ഒന്നും മനസ്സിലാകാതെ അവൾ നടന്നു. അപ്പോ അതാണ് സത്യം. ആ ചെരുപ്പ് ആരുടെതാണെന്ന് അവൾക്കും അറിയില്ല. അവൾ ഒരു തീരുമാനത്തിലുറച്ചു. പലരും വന്നുപോവുന്ന ഈ വീട് ഇനി വേണ്ട. ഒരു അനാഥക്കുഞ്ഞ് ഈ ഭൂമിയിൽ ജനിക്കണ്ട. അമ്മക്കൊപ്പം തങ്ങളും പോവുകയാണ്. അതിനുള്ള അവസരം അവൾ കാത്തിരുന്നു.
അവളെഴുതിവെച്ച വരികളിൽ അയാൾ ഉണ്ടായിരുന്നു. “എന്നെങ്കിലും ഇയാൾ വരുമെന്നുകരുതി ഞാൻ കാത്തിരുന്നു. വരാതിരിക്കില്ലയെന്നറിയാം പക്ഷെ വഴിതെറ്റിയ അനിയത്തിയെയും കൊണ്ട് എനിക്കിനി ജിവിക്കാൻ പ്രയാസമാണ്. അവളെ തനിച്ചയക്കാനും വയ്യ. അവൾക്ക് ഞാനും എനിക്ക് അവളും മാത്രമല്ലേയുള്ളു. എന്നെങ്കിലും ഈ ദേശാടന പക്ഷി വരുകയാണെങ്കിൽ ക്ഷമിക്കുക. വെറുക്കാതെ മറക്കുക…

Latest