Connect with us

articles

ഭരണഘടനാ പദവികളുടെ രാഷ്ട്രീയ പരിണാമങ്ങള്‍

രാജ്യത്തെ പിറകോട്ടു വലിക്കുന്ന ഭരണകൂട നയങ്ങള്‍ക്ക് കൈയടിക്കുന്നവരായി, ആ ദര്‍ബാറില്‍ കസേര വലിച്ചിട്ടിരിക്കുന്നവരായി പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ മാറില്ല എന്ന് പ്രത്യാശിക്കാം. ഭരണഘടനാ പദവികളുടെ അന്തസ്സ് ഹനിക്കാന്‍ ഭരണകൂടം ധൃഷ്ടമാകുമ്പോഴും ഇച്ഛാശക്തിയോടെ ചെറുത്തുനില്‍ക്കുന്ന ന്യായാധിപരും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും ഉണ്ടാകേണ്ടത് രാജ്യം നിലനില്‍ക്കാനുള്ള മുന്നുപാധിയാണ്.

Published

|

Last Updated

രാജ്യത്ത് എന്താണ് നടക്കുന്നത് എന്നത് സാധാരണ കാലങ്ങളില്‍ ഒരു പൗരന്റെ ഉത്കണ്ഠ ആകേണ്ടതല്ല. പക്ഷേ ഇതൊരു അസാധാരണ കാലമാണ്. അസാധാരണമെന്നു തോന്നാവുന്ന കാര്യങ്ങള്‍ തുടരെത്തുടരെ നടക്കുന്ന കാലം. ഒരു രാജ്യം അസാധാരണമായ സന്ദര്‍ഭങ്ങളിലൂടെ കടന്നുപോകുന്നു എന്നതിനര്‍ഥം സംഭവിക്കാന്‍ പാടില്ലാത്ത എന്തൊക്കെയോ ആ രാജ്യത്ത് സംഭവിക്കുന്നുണ്ട് എന്നാണ്. ഡെന്‍മാര്‍ക്കില്‍ എന്തോ ചീഞ്ഞുനാറുന്നുണ്ട് എന്ന് തന്നെ.

അസാധാരണമായ കാര്യങ്ങള്‍ അടിക്കടി ഉണ്ടാകുമ്പോള്‍ നമ്മള്‍ അത് സാധാരണ സംഭവമായി ഉള്‍ക്കൊള്ളും. ഒരേ സ്വഭാവമുള്ള സംഭവങ്ങള്‍ ഒന്നിന് പിറകെ ഒന്നായി നിരന്നുനില്‍ക്കുമ്പോള്‍ നമ്മുടെ മനസ്സ് പതിയെ അതിനോട് പൊരുത്തപ്പെട്ടു തുടങ്ങും. അപ്പോള്‍ നമ്മളില്‍ നിന്ന് നടുക്കങ്ങള്‍ ഒഴിഞ്ഞുപോകും. നടുക്കവും ഒരു നാട്യമായി മാറും. മണിപ്പൂരില്‍ യുവതികള്‍ ബലാത്സംഗം ചെയ്യപ്പെട്ടപ്പോള്‍ അധികാരികള്‍ നടുങ്ങിയില്ലേ. നമുക്കറിയാം ആ നടുക്കം മികച്ച നാട്യമാണെന്ന്, ഒന്നാന്തരം കാപട്യമാണെന്ന്. ആള്‍ക്കൂട്ട കൊലയുടെ വാര്‍ത്ത വായിച്ച് ആരെങ്കിലുമിപ്പോള്‍ ഞെട്ടാറുണ്ടോ? ഇല്ല. നമ്മളതിനോട് സ്വാഭാവികമായി താദാത്മ്യപ്പെട്ടിരിക്കുന്നു!

നടുക്കങ്ങള്‍ വിട്ടൊഴിഞ്ഞ റിപബ്ലിക്കിലിരുന്നാണ് നമ്മള്‍ ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്നത്, മതേതരത്വത്തെ കുറിച്ച് ഉപന്യസിക്കുന്നത്. അതുകൊണ്ട് നടുക്കങ്ങളോ ഞെട്ടലോ ഇല്ലാതെയാണ് നമ്മള്‍ ഓരോ പ്രഭാതവുമുണരുന്നത്, പത്രം വായിക്കുന്നത്, ചാനലുകള്‍ കാണുന്നത്. ഇവിടെ എന്താണ് സംഭവിച്ചുകൂടാത്തത് എന്ന മനോനിലയിലേക്ക് നമ്മള്‍ അതിവേഗം സഞ്ചരിച്ചെത്തിയിരിക്കുന്നു. കല്‍ക്കട്ട ഹൈക്കോടതിയില്‍ അഭിജിത് ഗംഗോപാധ്യായ എന്നൊരാള്‍ ജഡ്ജി ആയിട്ടുണ്ടായിരുന്നു, ഈ മാസം നാല് വരെ. അന്നേദിവസം അദ്ദേഹം രാജിവെച്ചു.

ജുഡീഷ്യറിയുടെ ഭാഗമായിരിക്കുമ്പോള്‍ തന്നെ വിവാദ വിധിപ്രസ്താവങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട് അഭിജിത് ഗംഗോപാധ്യായ. മമതാ ബാനര്‍ജിയാണ് ജസ്റ്റിസിന്റെ കണ്‍കണ്ട ശത്രു. തൃണമൂല്‍ കോണ്‍ഗ്രസ്സാണ് ഏറ്റവും വെറുക്കുന്ന പാര്‍ട്ടി. വിരമിക്കാന്‍ മാസങ്ങള്‍ ശേഷിക്കെയാണ് ജസ്റ്റിസ് അഭിജിത്തിന് ജനങ്ങളെ സേവിക്കാന്‍ ഉള്‍വിളിയുണ്ടാകുന്നത്. താമസം വിനാ രാജിവെച്ചു. ജനങ്ങളിലേക്കിറങ്ങാന്‍ ഇക്കാലത്ത് ഏറ്റവും യോഗ്യമായ പാര്‍ട്ടി ബി ജെ പി ആണെന്ന് അദ്ദേഹം നേരത്തേ തന്നെ മനസിലാക്കിവെച്ചിട്ടുണ്ട്, ലോക്സഭാ തിരഞ്ഞെടുപ്പ് വരാനുണ്ട് എന്ന കാര്യവും അദ്ദേഹത്തിനറിയാം. ആഗസ്റ്റില്‍ വിരമിക്കുമ്പോഴേക്ക് തിരഞ്ഞെടുപ്പ് കഴിയും. പൊതുതിരഞ്ഞെടുപ്പ് കാലമാണല്ലോ ജനസേവനത്തിനുള്ള നല്ല സമയം. അദ്ദേഹം ഉടനെ ബി ജെ പിയില്‍ ചേര്‍ന്നു.

ബംഗാളിലെ തിരഞ്ഞെടുപ്പ് റാലിയില്‍ മോദിക്കൊപ്പം വേദി പങ്കിട്ടു. ശിരസ്സ് കുനിച്ച് പ്രധാനമന്ത്രിയെ വണങ്ങി. ഭരണഘടനാ പദവിയില്‍, ഹൈക്കോടതി ജസ്റ്റിസായിരുന്നൊരാള്‍ സ്ഥാനമൊഴിഞ്ഞതിന്റെ നാലാം നാള്‍ ഒരധികാരിയുടെ മുമ്പില്‍ നട്ടെല്ലുവളച്ച് കുമ്പിടുന്ന ആ ദൃശ്യത്തോളം അശ്ലീലമായൊരു കാഴ്ച സമീപകാലത്തെങ്ങുമുണ്ടായിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ തംലുക്ക് നിയോജക മണ്ഡലത്തില്‍ നിന്ന് ബി ജെ പി ടിക്കറ്റില്‍ അഭിജിത് ഗംഗോപാധ്യായ മത്സരിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. രാജ്യത്തെ ചില ജഡ്ജിമാര്‍ കേന്ദ്രാധികാരത്തെ എങ്ങനെ പരിലാളിക്കുന്നു എന്ന ചോദ്യത്തിന്റെ അതിസ്വാഭാവികമായ ഉത്തരങ്ങളിലൊന്നായി അഭിജിത് ഗംഗോപാധ്യായ മാറിയിരിക്കുന്നു.

മോദിക്ക് മുമ്പില്‍ വെറുമൊരു ബി ജെ പിക്കാരനായി ജസ്റ്റിസ് കുമ്പിട്ട അതേ ദിവസമാണ് അരുണ്‍ ഗോയല്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് രാജിവെക്കുന്നത്. 2027 വരെ അദ്ദേഹത്തിന് സര്‍വീസില്‍ തുടരാന്‍ കഴിയുമായിരുന്നു. എന്നിട്ടും എന്തിന് തിടുക്കപ്പെട്ട് രാജിവെച്ചു എന്ന ചോദ്യം പ്രതിപക്ഷമുയര്‍ത്തിയിട്ടുണ്ട്. ഗോയലിന്റെ കാര്യത്തില്‍ എല്ലാം വളരെ പെട്ടെന്നായിരുന്നു. 1985 ബാച്ച് പഞ്ചാബ് കേഡര്‍ ഐ എ എസ് ഓഫീസറായിരുന്ന അദ്ദേഹം കേന്ദ്രത്തില്‍ സെക്രട്ടറി ആയി സേവനം ചെയ്തിട്ടുണ്ട്. വിരമിക്കാന്‍ ഒന്നരമാസം ശേഷിക്കെ, 2022 നവംബര്‍ 18ന് അദ്ദേഹം വോളണ്ടറി റിട്ടയര്‍മെന്റ് സ്വീകരിച്ചു. തൊട്ടുപിറ്റേന്ന് ഗോയലിന് തിരഞ്ഞെടുപ്പ് കമ്മീഷണറായി പുതിയ ചുമതല നല്‍കി കേന്ദ്രം.

ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആയിരുന്നു ഈ നീക്കം. ‘മിന്നല്‍ വേഗത്തിലുള്ള’ ഈ നിയമനത്തെ കുറിച്ച് സുപ്രീം കോടതിയില്‍ നിന്ന് രൂക്ഷമായ ചോദ്യങ്ങള്‍ നേരിട്ടു കേന്ദ്ര സര്‍ക്കാര്‍. നിയമിതനായതിനേക്കാള്‍ വേഗത്തിലാണ് അദ്ദേഹത്തിന്റെ രാജി സ്വീകരിക്കപ്പെട്ടത്. കോണ്‍ഗ്രസ്സ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ വാക്കുകള്‍ കടമെടുത്താല്‍, അരുണ്‍ ഗോയല്‍ മിന്നല്‍ വേഗത്തില്‍ വന്നു, ഡിജിറ്റല്‍ വേഗത്തില്‍ പോയി. ഈ പൊതുതിരഞ്ഞെടുപ്പില്‍ പഞ്ചാബിലെ ലുധിയാനയില്‍ നിന്ന് അദ്ദേഹം ബി ജെ പി ടിക്കറ്റില്‍ മത്സരിച്ചേക്കും എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

അരുണ്‍ ഗോയല്‍ രാജിവെച്ചതോടെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഒരാള്‍ മാത്രമായി ചുരുങ്ങി. അനൂപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരി 15ന് വിരമിച്ച ഒഴിവ് നികത്തപ്പെടാതിരിക്കുമ്പോഴാണ് അരുണ്‍ ഗോയലും പടിയിറങ്ങിയത്. രാജ്യം നിര്‍ണമായകമായ ജനവിധിയിലേക്ക് നീങ്ങുമ്പോള്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറിലേക്ക് തിരഞ്ഞെടുപ്പ് ഉത്തരവാദിത്വം ചുരുങ്ങിപ്പോകുമെന്ന ആശങ്കക്ക് വിരാമമിട്ട് പുതിയ രണ്ട് പേരെക്കൂടി കഴിഞ്ഞ ദിവസം കേന്ദ്ര സമിതി നാമനിര്‍ദേശം ചെയ്തിരിക്കുന്നു. നേരത്തേ സുപ്രീം കോടതി ചീഫ് ജസ്റ്റിസും പ്രധാനമന്ത്രിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവും ഉള്‍പ്പെട്ട സമിതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തിരഞ്ഞെടുത്തിരുന്നത്. പിന്നീട് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ നിയമം കൊണ്ടുവന്ന് ചീഫ് ജസ്റ്റിസിനെ പുറന്തള്ളി. പകരം ഒരു മന്ത്രിയെ ഉള്‍പ്പെടുത്തി. അതുപ്രകാരം പ്രധാനമന്ത്രിക്കും ലോക്സഭയിലെ പ്രതിപക്ഷ നേതാവിനും പുറമെ ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് ഇപ്പോള്‍ സമിതിയിലുള്ളത്. പ്രതിപക്ഷ നേതാവ് എതിര്‍ത്താലും കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നവരെ നിയമിക്കാന്‍ സാധിക്കും. അത് ഉറപ്പുവരുത്താനാണ് ചീഫ് ജസ്റ്റിസിനെ സമിതിയില്‍ നിന്ന് പുറന്തള്ളിയത്. എല്ലാ ജഡ്ജിമാരും അഭിജിത് ഗംഗോപാധ്യായമാരാകില്ലെന്ന് കേന്ദ്രത്തിനുമറിയാം.

ഒന്നും സുതാര്യമായി നടക്കരുത് എന്ന് കേന്ദ്രത്തിന് ശാഠ്യമുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കുന്ന സമിതി യോഗത്തിനു മുമ്പ് ചുരുക്കപ്പട്ടിക നല്‍കണമെന്ന കോണ്‍ഗ്രസ്സ് ലോക്സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ ആവശ്യം നിരസിക്കപ്പെട്ടു. ഷോര്‍ട്ട് ലിസ്റ്റ് ചോദിച്ച ചൗധരിക്ക് കിട്ടിയത് 212 പേരുടെ പട്ടികയാണ്! ഒളിയും മറയുമില്ലാതെ നടക്കേണ്ട ഒരു പ്രക്രിയയെ അപഹാസ്യമാക്കുന്ന നടപടി ആയിരുന്നു അത്. സമിതിയിലെ ഒരംഗത്തെ ഇങ്ങനെ പരിഹസിക്കാമോ? അങ്ങനെയും സംഭവിക്കാം. കാരണം രാജ്യം ഭരിക്കുന്നത് അത്തരമൊരു സര്‍ക്കാറാണ്.

പ്രതിപക്ഷമില്ലാത്ത പാര്‍ലിമെന്റാണ് കേന്ദ്രം ഭരിക്കുന്നവര്‍ ആഗ്രഹിക്കുന്നത്. അവര്‍ ചോദ്യങ്ങളെ ഭയപ്പെടുന്നു. റാന്‍ മൂളികളുടെ റിപബ്ലിക് ആയി ഇന്ത്യയെ മാറ്റാനുള്ള പണിപ്പുരയിലാണവര്‍. അതിനുവേണ്ടി എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും അവര്‍ കൈയിലൊതുക്കിക്കഴിഞ്ഞു. സുപ്രീം കോടതിയില്‍ നിന്നുണ്ടാകുന്ന തിരിച്ചടികള്‍ താത്കാലികമാണെന്ന് ബി ജെ പിക്കറിയാം. ആ തിരിച്ചടികളെപ്പോലും വോട്ടാക്കി മാറ്റാന്‍ കഴിയുന്ന സൂത്രവിദ്യ ആര്‍ എസ് എസിനെയും ബി ജെ പിയെയും ആരും പഠിപ്പിക്കേണ്ട! ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചപ്പോള്‍ കൃഷ്ണന് കുചേലന്‍ സമ്മാനിച്ച അവില്‍പ്പൊതിയിലേക്ക് ചേര്‍ത്തുവെച്ച് പ്രധാനമന്ത്രി നടത്തിയ പരോക്ഷ വിമര്‍ശമോര്‍ക്കുക.

നരേന്ദ്ര മോദിക്ക് വേണ്ടത് തനിക്ക് മുമ്പില്‍ കുമ്പിട്ടുനില്‍ക്കുന്ന ഗംഗോപാധ്യായമാരെയാണ്. സര്‍ക്കാര്‍ നടപടികളെ വിമര്‍ശിക്കുന്ന ചന്ദ്രചൂഡുമാരെയല്ല. ഡല്‍ഹി കലാപത്തിന് കാരണക്കാരനായ ബി ജെ പി നേതാവ് കപില്‍ മിശ്രയെ പിടിച്ചുകെട്ടാന്‍ ഉത്തരവിട്ട ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മുരളീധറിനെ രായ്ക്കുരാമാനം പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് നാട് കടത്തിയ കേന്ദ്ര സര്‍ക്കാറാണ് അധികാരത്തിലിരിക്കുന്നത്. കേന്ദ്രത്തിനെതിരെ വിധി പറയുന്ന സുപ്രീം കോടതി ജഡ്ജിമാരെ മറ്റൊരിടത്തേക്ക് മാറ്റാന്‍ കഴിയില്ലെന്നതിനാല്‍ മാത്രം ഉത്തരവുകള്‍ അനുസരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

അവില്‍പ്പൊതി കഥയിലെ കുചേലന്‍ കൃഷ്ണ സന്നിധിയില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ സ്വീകരിക്കാന്‍ കാത്തിരുന്നത് തരുണീമണിമാര്‍. പഴയ കുടിലിന്റെ സ്ഥാനത്ത് മണിമാളിക. ‘വരൂ ഇത് നമ്മുടെ മണിമേടയാണ്. കണ്ടില്ലേ കുംഭഗോപുരങ്ങളും പൊന്‍താഴികക്കുടങ്ങളും ദാസീവൃന്ദവും. ആനക്കൊമ്പിനാല്‍ നിര്‍മിച്ച സിംഹാസനങ്ങള്‍, സുവര്‍ണ പീഠങ്ങള്‍, ദ്വാരകാധീശന്‍ നമുക്കായ് മറ്റൊരു ദ്വാരക തന്നെ നല്‍കിയതു കണ്ടോ?’ എന്നാണ് കുചേലനോട് ഭാര്യ ചോദിക്കുന്നത്. ജനാധിപത്യത്തിലേക്ക് ആ കഥയെ പുനരാവിഷ്‌കരിക്കുമ്പോഴാണ് അത് ഭരണഘടനാ വിരുദ്ധമാകുന്നത്. അംബാനിയെയും അദാനിയെയും പോലുള്ള കുചേലന്മാരില്‍ നിന്ന് ഇലക്ടറല്‍ ബോണ്ട് എന്ന അവില്‍പ്പൊതി സ്വീകരിക്കുന്ന പ്രധാനമന്ത്രി. പകരം കുചേലന്മാര്‍ക്ക് രാഷ്ട്രസ്വത്തില്‍ നിന്ന് വാരിക്കോരി കൊടുക്കുന്ന അധികാരി. ഇഷ്ടക്കാര്‍ക്ക് ഇങ്ങനെ കൈയും കണക്കുമില്ലാതെ കൊടുക്കുന്നതിന് പറയുന്ന വാക്കാണ് അഴിമതി. അത് നിര്‍ത്തലാക്കാനാണ് സുപ്രീം കോടതി വടിയെടുത്തത്. ‘അഴിമതിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച’ സര്‍ക്കാറില്‍ നിന്ന് കിട്ടിയതാകട്ടെ പരിഹാസവും.

രാജ്യത്തെ പിറകോട്ടു വലിക്കുന്ന ഭരണകൂട നയങ്ങള്‍ക്ക് കൈയടിക്കുന്നവരായി, ആ ദര്‍ബാറില്‍ കസേര വലിച്ചിട്ടിരിക്കുന്നവരായി പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ മാറില്ല എന്ന് പ്രത്യാശിക്കാം. ഭരണഘടനാ പദവികളുടെ അന്തസ്സ് ഹനിക്കാന്‍ ഭരണകൂടം ധൃഷ്ടമാകുമ്പോഴും ഇച്ഛാശക്തിയോടെ ചെറുത്തുനില്‍ക്കുന്ന ന്യായാധിപരും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും ഉണ്ടാകേണ്ടത് രാജ്യം നിലനില്‍ക്കാനുള്ള മുന്നുപാധിയാണ്.

രാജ്യത്ത് എന്ത് സംഭവിച്ചാലും എനിക്കൊന്നുമില്ലെന്ന നിസ്സംഗതയില്‍ നിന്ന് ‘ഈ രാജ്യം എന്റേത് കൂടിയാണ്, ഇവിടെ നടക്കേണ്ടത് ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ഇച്ഛകളാണ്’ എന്ന് തിരിച്ചറിയുന്ന ഒരു പൗരസമൂഹം കൂടി ഇവിടെ ആവശ്യമുണ്ട്. കാരണം ഇതൊരു അസാധാരണ കാലമാണ്. നിസ്സംഗത ഇക്കാലത്ത് കൊടും കുറ്റമാണ്. ഏത് പാര്‍ട്ടിയേക്കാളും പൗരസമൂഹം എന്ന പ്രതിപക്ഷത്തെയാണ് കേന്ദ്രത്തിലെ സംഘ് സര്‍ക്കാര്‍ ഭയപ്പെടുന്നത്. അതുകൊണ്ട് നമുക്ക് ഉണര്‍ന്നിരിക്കാം.

 

Latest