Connect with us

Kerala

പത്തനംതിട്ട അബാന്‍ ജങ്ഷനിലെ വാഹനാപകടം: കാര്‍ ഡ്രൈവറടക്കം രണ്ടുപേര്‍ അറസ്റ്റില്‍

വാഹനം ഓടിച്ചിരുന്ന പത്തനംതിട്ട പുത്തന്‍പീടിക കുഴിമുറിയില്‍ പുത്തന്‍വീട്ടില്‍ ജിനു ബാബു, സഹയാത്രികനായ ഓമല്ലൂര്‍ വിശ്വഭവന്‍ വീട്ടില്‍ വിശ്വജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

പത്തനംതിട്ട | തിരുവോണ നാളില്‍ പത്തനംതിട്ട അബാന്‍ ജങ്ഷനില്‍ ഒരാളുടെ മരണത്തിനിടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റില്‍. വാഹനം ഓടിച്ചിരുന്ന പത്തനംതിട്ട പുത്തന്‍പീടിക കുഴിമുറിയില്‍ പുത്തന്‍വീട്ടില്‍ ജിനു ബാബു (48), സഹയാത്രികനായ ഓമല്ലൂര്‍ വിശ്വഭവന്‍ വീട്ടില്‍ വിശ്വജിത്ത് (24) എന്നിവരെയാണ് പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. അപകടത്തില്‍ റിട്ട. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ പത്തനംതിട്ട വലഞ്ചുഴി കുലശേഖരപതി സ്വദേശി കോയിക്കല്‍ കിഴക്കതില്‍ വീട്ടില്‍ അബൂബക്കര്‍ (72) മരിച്ചിരുന്നു.

ഇന്നലെ വൈകിട്ട് 6.45 ഓടെയാണ് ജിനു ബാബു ഓടിച്ചിരുന്ന കാര്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് ഇടിച്ചു കയറിയത്. ഇതോടൊപ്പം മറ്റ് രണ്ട് കാറുകളിലും ജിനുവിന്റെ കാര്‍ ഇടിച്ചു. അപകടത്തില്‍ ഗുരുതര പരുക്കേറ്റ വിജയ് മണ്ഡല്‍ (18), അഷ്‌കുല്‍ (19), അങ്കിത് (22), ആന്റണീസ് മിഞ്ച് (33), സഞ്ജിത്ത് (18) എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രൂപേഷ് (25), ജനേഷ് (26), സൂര്യ (21), സുജന്‍ (30) എന്നിവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്നു.

പരുക്കേറ്റ് പത്തനംതിട്ട ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജിനു ബാബു, വിശ്വജിത്ത് എന്നിവര്‍ മദ്യപിച്ചിരുന്നതായി ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. തുടര്‍ന്ന് പത്തനംതിട്ട പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതികള്‍ക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും, കുറ്റകരമായ നരഹത്യക്കും ഉള്‍പ്പെടെ ജാമ്യം ഇല്ലാത്ത വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രതികളെ കോടതിയില്‍ ഹാജരാക്കും. മരിച്ച അഗ്നിശമന സേനാ റിട്ട. ഉദ്യോഗസ്ഥന്റെ ഖബറടക്കം ഇന്ന് വൈകീട്ട് അഞ്ചിന് പത്തനംതിട്ട ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഭാര്യ: റഷീദാ ബീവി. മക്കള്‍: രഹ്‌നാ ബക്കര്‍, സഫാന ബക്കര്‍. മരുമകന്‍: ഷെമീര്‍.

Content Highlights:
Police have arrested two individuals, including the car driver, in connection with the road accident at Aban Junction in Pathanamthitta. The arrest followed an investigation into the collision that occurred at the busy intersection. Further legal proceedings are currently underway against the accused.

 

Latest