operation sindoor
ഓറേഷന്‍ സിന്ദൂര്‍ കൃത്യം വ്യക്തം: പ്രത്യാക്രമണത്തിന് പെണ്‍കരുത്തിനെ ഉപയോഗിച്ച് ഇന്ത്യന്‍സേന
സോഫിയ ഖുറേഷിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യ പാകിസ്താനില്‍ ഇന്ന് പുലര്‍ച്ചെ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പിന്നില്‍

ന്യൂഡല്‍ഹി | പഹല്‍ഗാം ഭീകരാക്രമണം നടന്ന് പതിനഞ്ചാം നാള്‍ പാക് ഭീകര കേന്ദ്രങ്ങള്‍ക്കെതിരായ പ്രത്യാക്രമണത്തില്‍ പെണ്‍കരുത്തിനെ ഉപയോഗിച്ച് ഇന്ത്യന്‍സേന. കേണല്‍ സോഫിയ ഖുറേഷിയും വിങ് കമന്‍ഡര്‍ വ്യോമിക സിങുമാണ് ആ രണ്ടു വനിതകള്‍. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന രഹസ്യനാമത്തില്‍ ഇന്ത്യന്‍ കര, നാവിക, വ്യോമസേനകൾ നടത്തിയ സംയുക്ത ഓപ്പറേഷനെ കുറിച്ച് ലോകത്തെ അറിയാക്കാന്‍ ഇന്ത്യ നിയോഗിച്ചതും ഈ രണ്ട് വനിതകളെയാണ്. ഖുറേഷിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യ പാകിസ്താനില്‍ ഇന്ന് പുലര്‍ച്ചെ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പിന്നില്‍. വാര്‍ത്താസമ്മേളനത്തിന് പിന്നാലെ സോഫിയ ഖുറേഷി ആരാണെന്നാണ് എല്ലാവരും ആരായുന്നത്.
ഇന്ത്യന്‍ ആര്‍മിയിലെ കോര്‍പ്‌സ് സിഗ്‌നല്‍സിലെ സീനിയര്‍ ഓഫീസറാണ് കേണല്‍ സോഫിയ ഖുറേഷി. ഗുജറാത്തില്‍ നിന്നുള്ള സോഫിയ ബയോകെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദദാരിയാണ്. 2006ല്‍ യു എന്നിന്റെ സമാധാന ദൗത്യസംഘത്തിന്റെ ഭാഗമായി സോഫിയ പ്രവര്‍ത്തിച്ചു. ആറ് വര്‍ഷത്തോളും യു എന്നിനൊപ്പം സേവനം ചെയ്തിരുന്നു. 2016 ല്‍ എക്‌സര്‍സൈസ് ഫോഴ്‌സ് 18 എന്ന സൈനിക അഭ്യാസത്തിനുള്ള ഇന്ത്യന്‍ സംഘത്തെ നയിച്ചതും സോഫിയ ഖുറേഷി ആയിരുന്നു. മുത്തച്ഛന്റെ പാത പിന്‍പറ്റിയാണ് സോഫിയ ഖുറേഷിയും സൈന്യത്തിലെത്തിയത്.ഭര്‍ത്താവും ഇന്ത്യന്‍ സേനയില്‍ അംഗമാണ്. സ്ത്രീയെന്നതിനേക്കാള്‍ കഴിവും പ്രാപ്തിയുമാണ് സോഫിയ ഖുറേഷിയെ സൈന്യത്തിലെത്തിച്ചതെന്ന് അന്നത്തെ ആര്‍മി കമാന്‍ഡര്‍ ലഫ്. ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു.
വ്യോമിക സിങ് ആദ്യം വ്യോമസേനയില്‍ ഹെലികോപ്റ്റര്‍ പൈലറ്റായി.തുടര്‍ന്ന്
2019 ഡിസംബര്‍ 18ന് ഫ്‌ലൈയിംഗ് ബ്രാഞ്ചില്‍ സ്ഥിരം കമ്മീഷന്‍.ഹിമാചല്‍പ്രദേശിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ മൗണ്ട് മണിറംഗ് കീഴടക്കിയ വ്യോമസേനയുടെ ഓള്‍ വിമന്‍ ട്രൈ സെര്‍വീസസ് മൗണ്ടനീറിങ് ടീമിന്റെ ഭാഗമായിരുന്നു വ്യോമിക.
ഓപറേഷന്‍ സിന്ദൂര്‍ എന്നു പേരിട്ട സൈനിക നടപടിയില്‍ ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. 25 മിനുട്ടിനുള്ളില്‍ 24 മിസൈലുകള്‍ വര്‍ഷിച്ചാണ് പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകള്‍ ഇന്ത്യന്‍ സൈന്യം ആക്രമിച്ച് നശിപ്പിച്ചത്. ആക്രമണത്തില്‍ 70 ഭീകരരെ വധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഏപ്രില്‍ 22-നാണ് ഇന്ത്യയെ കണ്ണീരിലാഴ്ത്തി പഹല്‍ഗാമില്‍ ഭീകരര്‍ 26 പേരെ കൊലപ്പെടുത്തിയത്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയാണെന്ന് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ പ്രാഥമികഘട്ടത്തില്‍ തന്നെ കണ്ടെത്തിയിരുന്നു. ലഷ്‌കര്‍ ഭീകരര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊടുംക്രൂരതയ്ക്ക് അവര്‍ സങ്കല്‍പ്പിക്കുന്നതിലും അപ്പുറമുള്ള മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രഖ്യാപിച്ചിരുന്നു.തുടര്‍ന്ന് പതിനഞ്ചാം നാള്‍ ഇന്ത്യ പാക് ഭീകരര്‍ക്കെതിരെ തിരിച്ചടിച്ചപ്പോള്‍ ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ട ഇന്ത്യന്‍ സ്ത്രീകളോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേര് ഈ ദൗത്യത്തിന് നല്‍കുകയായിരുന്നു.