norovirus
എറണാകുളത്ത് വിദ്യാർഥികൾക്ക് നോറോവൈറസ് ബാധ
ചില രക്ഷിതാക്കൾക്കും വൈറസ് ബാധ ഉള്ളതായി സംശയിക്കുന്നുണ്ട്.
കൊച്ചി | എറണാകുളത്ത് സ്കൂൾ വിദ്യാർഥികൾക്ക് നോറോവൈറസ് ബാധ സ്ഥിരീകരിച്ചു. കാക്കനാട് സ്വകാര്യ സ്കൂളിലെ മൂന്ന് വിദ്യാർഥികൾക്കാണ് വൈറസ്ബാധ കണ്ടെത്തിയത്. ഇവർ ആശുപത്രിയിലാണ്. രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ അടുത്ത മൂന്ന് ദിവസത്തേക്ക് സ്കൂൾ അടച്ചു.
വയറിളക്കം, ഛർദി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് പരിശോധന നടത്തുകയായിരുന്നു. ചില രക്ഷിതാക്കൾക്കും വൈറസ് ബാധ ഉള്ളതായി സംശയിക്കുന്നുണ്ട്. കൂടുതൽ കുട്ടികളിൽ രോഗം ബാധിച്ചിട്ടുണ്ടോ എന്നതടക്കമുള്ള പരിശോധനകളും നടക്കുന്നുണ്ട്.
ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് നോറോ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛർദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരിൽ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ട്.