Connect with us

Kerala

തിരുവനന്തപുരത്ത് ഒന്‍പത് വയസുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇന്ന് രാവിലെ കുട്ടിയെ മാതാവ് വഴക്കുപറഞ്ഞിരുന്നുവെന്നും അതിലുള്ള മനോവിഷമത്തില്‍ ജീവനൊടുക്കിയതാകാമെന്നുമാണ് പോലീസിന്റെ നിഗമനം.

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരത്ത് ഒന്‍പത് വസയുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നേമം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ശാന്തിവിള സ്വദേശിയായ ശ്യാമിന്റെയും ലേഖയുടെയും മകള്‍ അഹല്യയാണ് മരിച്ചത്. ഇന്ന് രാവിലെ കുട്ടിയെ മാതാവ് വഴക്കുപറഞ്ഞിരുന്നുവെന്നും അതിലുള്ള മനോവിഷമത്തില്‍ ജീവനൊടുക്കിയതാകാമെന്നുമാണ് പോലീസിന്റെ നിഗമനം. നേമം ഗവണ്‍മെന്റ് യുപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.

മാതാവ് ലേഖയ്ക്ക് സുഖമില്ലാതിരുന്നതിനാല്‍ ഇന്ന് രാവിലെ പിതാവ് ശ്യാമുമൊത്ത് ആശുപത്രിയിലേക്ക് പോയിരുന്നു. ഇതിനായി തയ്യാറാകുമ്പോള്‍ അഹല്യ അടിതെറ്റി വീണു. ഇതിന്റെ പേരില്‍ അമ്മ വഴക്കുപറഞ്ഞെന്നും അടി നല്‍കിയെന്നുമാണ് പോലീസ് പറയുന്നത്. ഇരുവരുംം പുറത്തുപോകുന്നതിനാല്‍ ഒരിടത്ത് അടങ്ങി ഇരിക്കണമെന്ന് കുട്ടിയോട് പറഞ്ഞിരുന്നുവെന്നും പോലീസ് പറഞ്ഞു. അച്ഛന്റെ സഹോദരിക്കൊപ്പം അഹല്യയെ നിര്‍ത്തിയാണ് മാതാപിതാക്കള്‍ ആശുപത്രിയിലേക്ക് പോയത്. അവര്‍ ഭക്ഷണം കഴിക്കാന്‍ വിളിച്ചപ്പോള്‍ കുട്ടി വന്നില്ല. മുറിയില്‍ അടച്ചിരുന്ന കുട്ടി വിളിച്ചിട്ടും തുറക്കാഞ്ഞതോടെ ഇവര്‍ ജനാല വഴി മുറിക്കകത്തേക്ക് നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നേമം പോലീസ് സംഭവത്തില്‍ കേസെടുത്തു. നിയമ നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

 

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

 

Latest