National
സമാധാന ബോണ്ട് നല്‍കണമെന്ന ഡല്‍ഹി പോലീസിന്റെ നോട്ടീസ്; നേഹ ബോറ ഹൈക്കോടതിയില്‍
അവധിക്കാല ബെഞ്ചില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന് ആവശ്യം
ന്യൂഡല്‍ഹി| സമാധാന ബോണ്ട് നല്‍കണമെന്ന ഡല്‍ഹി പോലീസിന്റെ നോട്ടീസിനെതിരെ ഐസ നേതാവ് നേഹ ബോറ ഡല്‍ഹി ഹൈക്കോടതിയില്‍. പോലീസിന്റെ ഏകപക്ഷീയമായ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ അവധിക്കാല ബെഞ്ചില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന് നേഹയുടെ അഭിഭാഷകര്‍ കോടതിയോട് ആവശ്യപ്പെട്ടു.
സമാധാനപാലനത്തിന്റെ ഭാഗമായി അന്വേഷണ കാലയളവില്‍ 10,000 രൂപയുടെ ബോണ്ടും ആള്‍ജാമ്യവും ഹാജരാക്കണമെന്ന് കാണിച്ചാണ് ഡല്‍ഹി പോലീസ് നേഹ ബോറയ്ക്ക് നോട്ടീസ് അയച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം കൊണാട്ട് പ്ലേസില്‍ നടത്താനിരുന്ന ‘ലെഹ്രാ ദോ തിരംഗ’ മാര്‍ച്ചിന് മുന്നോടിയായിട്ടാണ് നേഹയെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തത്. മാണ്ഡി ഹൗസില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനിടെയായിരുന്നു കസ്റ്റഡി. പിറ്റേ ദിവസം രാവിലെ ഡല്‍ഹി പോലീസ് ആക്ടിലെ സെക്ഷന്‍ 65 പ്രകാരമുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നേഹയെ വിട്ടയക്കുകയായിരുന്നു. പിന്നാലെയാണ് സമാധാന ബോണ്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് അയച്ചത്.
Content Highlights:
AISA leader Neha Bora has moved the Delhi High Court challenging a police notice demanding a peace bond. She was previously detained ahead of a protest march in New Delhi. Her legal team sought an urgent hearing before the vacation bench.



