Connect with us

Kerala

നെടുമ്പാശ്ശേരി വാഹനാപകടം; കനത്ത സുരക്ഷയില്‍ പ്രതിയുമായി തെളിവെടുപ്പ് നടത്തി പോലീസ്

എറണാകുളം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്

Published

|

Last Updated

കൊച്ചി| നെടുമ്പാശ്ശേരിയില്‍ അമിതവേഗതയിലെത്തിയ മിനി കൂപ്പര്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ പ്രതിയുമായി തെളിവെടുപ്പ് നടത്തി പോലീസ്. കനത്ത സുരക്ഷയിലാണ് പ്രതി സുഹൈലു(19)മായി പോലീസ് അപകടസ്ഥലത്തടക്കം തെളിവെടുപ്പ് നടത്തിയത്. ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ് പ്രതി. ക്വിക്ക് റെസ്പോണ്‍സ് ടീമിന്റെ സാന്നിധ്യത്തിലാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നത്.

എറണാകുളം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്. തെളിവെടുപ്പിനെത്തിച്ചപ്പോള്‍ മുടി വെട്ടി തിരിച്ചറിയാന്‍ കഴിയാത്ത രൂപത്തിലായിരുന്നു പ്രതി. ബോര്‍സ്റ്റല്‍ ഹോമിലെത്തിയ സുഹൈല്‍ അവിടുണ്ടായിരുന്ന ട്രിമ്മര്‍ ഉപയോഗിച്ച് മുടി മുറിച്ചെന്നാണ് വിവരം. അതേസമയം, തങ്ങളല്ല മുടിമുറിച്ചതെന്നാണ് ഹോമിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ആലുവ ഡിവൈഎസ്പി ബൈജു കെ പൗലോസിനാണ് അന്വേഷണ ചുമതല കൈമാറിയിരിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് വിശദമായ തെളിവെടുപ്പ് നടത്തുന്നത്. ഇന്ന് വൈകീട്ട് അഞ്ച് മണിവരെയാണ് പ്രതിയുടെ കസ്റ്റഡി കാലാവധി. അഞ്ച് മണിക്ക് പ്രതിയെ കോടതിയില്‍ ഹാജരാക്കും. ഇതിനുള്ളില്‍ പരമാവധി തെളിവുകള്‍ കണ്ടെത്താനാണ് പോലീസിന്റെ ശ്രമം. അപകടം നടന്നതിന് പിന്നാലെ വൈദ്യപരിശോധനയ്ക്ക് ആലുവയിലെ ആശുപത്രിയിലെത്തിച്ച പ്രതിക്കെതിരെ കയ്യേറ്റ ശ്രമമുണ്ടായ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

ഒന്നാം പ്രതി സുഹൈലും രണ്ടാം പ്രതി നിനവും സംഭവം നടന്ന ദിവസം ഉച്ചമുതല്‍ മദ്യപിക്കാന്‍ ആരംഭിച്ചുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇരുവരും ആദ്യം വൈറ്റിലയിലെ ബാറില്‍ കയറി അമിതമായി മദ്യപിച്ചിരുന്നു. പിന്നീട് വൈകീട്ട് പാലാരിവട്ടത്തെ ബാറിലും നെടുമ്പാശ്ശേരിയിലെ ആഢംബര ഹോട്ടലില്‍ വച്ച് പുലര്‍ച്ചെ വരെയും മദ്യപിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്.കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് തെളിയിക്കുന്ന കാറില്‍ നിന്നുള്ള സാമ്പിള്‍, അപകടസ്ഥലത്തെ മണ്ണിന്റെ സാമ്പിള്‍, ഇരകളുടെ സാമ്പിള്‍ എന്നിവ പോലീസ് ശേഖരിച്ചിട്ടുണ്ട്. പരമാവധി തെളിവുകള്‍ ശേഖരിച്ച് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാതിരിക്കാനുള്ള മുന്‍കരുതലുകളാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

മുഖ്യപ്രതി അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. കസ്റ്റഡി അപേക്ഷയില്‍ വാദം നടന്ന സാഹചര്യത്തില്‍ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കണമെന്ന വാദം പ്രതിഭാഗം ഉയര്‍ത്തിയിരുന്നു. എന്നാല്‍ പ്രതിയുടെ കസ്റ്റഡി കാലാവധി അവസാനിച്ച് തിരികെ എത്തുമ്പോള്‍ പരിഗണിക്കാമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

Content Highlights:
Kerala police conducted evidence collection with the prime accused Suhail in the Nedumbassery Mini Cooper accident case under heavy security. Investigators revealed that the accused and accomplices consumed alcohol at multiple locations before the fatal crash. The court will consider the custody period and bail plea as police gather maximum scientific evidence.

 

Latest