ആരോഗ്യം
ജീവിതത്തെ രൂപപ്പെടുത്താന്‍ പോഷകാഹാരം
പോഷകാഹാരം എന്നത് വയറുനിറക്കുന്ന ഭക്ഷണം മാത്രമല്ല. അത് ഒരു കുട്ടിയുടെ വളർച്ചയിലും പഠനത്തിലും തലച്ചോറിന്റെ ആരോഗ്യത്തിലും രോഗപ്രതിരോധശേഷിയിലും ശാരീരിക - മാനസിക ആരോഗ്യത്തിലും ഒടുവിൽ ഒരു സമൂഹത്തിന്റെ ഭാവിയിലും സ്വാധീനം ചെലുത്തുന്ന ഘടകമാണ്. അതിനാൽ ഈ ദേശീയ പോഷകാഹാര മാസാചരണത്തിൽ നമുക്ക് ഒരു ചെറിയ ചോദ്യം നമ്മുടെ വീട്ടിൽ നിന്ന് തുടങ്ങാം. നല്ല ഭക്ഷണം ഒരു തിരഞ്ഞെടുപ്പ് മാത്രമല്ല, നല്ല നാളെയിലേക്കുള്ള ഒരു നിക്ഷേപമാണ്.
ഒരു കുട്ടിയുടെ കൈയിൽ ഒരു വലിയ പാക്കറ്റ് ചിപ്സ്. മറ്റൊരു കുട്ടിയുടെ കൈയിൽ ഒരു പഴം. രണ്ടുപേരുടെയും വയറ് നിറഞ്ഞേക്കാം. എന്നാൽ രണ്ടുപേരുടെയും ശരീരത്തിന് ലഭിക്കുന്ന പോഷണം ഒരുപോലെയായിരിക്കുമോ? ഇന്നത്തെ ഭക്ഷണശീലങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മൾ ചോദിക്കേണ്ട ഒരു പ്രധാന ചോദ്യമാണിത്. ഭക്ഷണം ലഭിക്കുന്നതും ശരിയായ പോഷണം ലഭിക്കുന്നതും രണ്ടും ഒരുപോലെയല്ല. വയറുനിറഞ്ഞിട്ടും ശരീരത്തിന് ആവശ്യമായ പ്രോട്ടീനും വിറ്റാമിനുകളും ധാതുക്കളും ലഭിക്കാതെ പോകാം. അതുപോലെ തന്നെ അമിതവണ്ണമുള്ള ഒരാളിലും പോഷകക്കുറവ് ഉണ്ടാകാം.
ഈ സന്ദേശത്തിന്റെ പ്രസക്തിയാണ് സെപ്തംബർ മാസത്തിൽ ആചരിക്കുന്ന ദേശീയ പോഷകാഹാര മാസാചരണം വീണ്ടും ഓർമിപ്പിക്കുന്നത്. 2026ലെ ഒമ്പതാമത് പോഷൺ മാഹിന്റെ മുഖ്യപ്രമേയം “ഹമാരി അങ്കൺവാടി, ഹമാരി ജിമ്മേദാരി’ നമ്മുടെ അങ്കൺവാടി, നമ്മുടെ ഉത്തരവാദിത്വം എന്നതാണ്. പോഷണം ഒരു വ്യക്തിയുടെ മാത്രം ഉത്തരവാദിത്വമല്ല; കുട്ടിയുടെയും അമ്മയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും കൂട്ടായ ഉത്തരവാദിത്വമാണെന്ന സന്ദേശമാണ് ഇതിലൂടെ മുന്നോട്ടുവെക്കുന്നത്.
ഈ വർഷത്തെ ദേശീയ പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി അഞ്ച് പ്രധാന വിഷയങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകുന്നു. അവയാണ് ഭക്ഷണത്തിലെ വൈവിധ്യവും മതിയായ മാംസ്യവും (പ്രോട്ടീനും), അങ്കൺവാടി കേന്ദ്രങ്ങളിൽ പുതുതായി തയ്യാറാക്കുന്ന ചൂടുള്ള ഭക്ഷണം, പോഷണത്തിൽ സമൂഹത്തിന്റെ പങ്കാളിത്തവും ഉത്തരവാദിത്വവും, ബാല്യകാല വളർച്ചക്കായി പോഷകാഹാരവും പ്രാരംഭ ഉത്തേജനവും, മാതൃആരോഗ്യവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി മാതൃ വന്ദന യോജനയും.
പോഷകാഹാരക്കുറവ് ശരീരത്തെ മാത്രമാണോ ബാധിക്കുന്നത്?
ശരിയായ പോഷണം ലഭിക്കാത്തത് ശരീരഭാരത്തെയും ഉയരത്തെയും മാത്രം ബാധിക്കുന്ന കാര്യമല്ല. പ്രത്യേകിച്ച് കുട്ടിക്കാലത്തും വളർച്ചയുടെ നിർണായകഘട്ടങ്ങളിലും പോഷകാഹാരക്കുറവ് തലച്ചോറിന്റെ വളർച്ചയെയും പഠനശേഷിയെയും ശ്രദ്ധയെയും ബൗദ്ധികവികാസത്തെയും ബാധിക്കാം.
ശരിയായ പോഷണം ലഭിക്കുന്ന കുട്ടിക്ക് ആരോഗ്യകരമായ ശരീരവളർച്ച മാത്രമല്ല, പഠനത്തിനും ശ്രദ്ധ കേന്ദ്രീകരിക്കാനും മികച്ച സാധ്യത ലഭിക്കുന്നു. നേരെ മറിച്ച് പോഷകക്കുറവ് ക്ഷീണം, ശ്രദ്ധക്കുറവ്, പഠനപ്രവർത്തനങ്ങളിൽ ബുദ്ധിമുട്ട് എന്നിവക്ക് കാരണമാകാം. പ്രത്യേകിച്ച് ഇരുമ്പ്, അയോഡിൻ തുടങ്ങിയ പ്രധാന സൂക്ഷ്മ പോഷകങ്ങളുടെ കുറവ് ആരോഗ്യത്തെയും ബൗദ്ധികവികാസത്തെയും പ്രതികൂലമായി ബാധിക്കാം.
അതുകൊണ്ട് ഒരു കുട്ടിയുടെ ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ “കുട്ടി എത്ര കഴിച്ചു?’ എന്ന ചോദ്യം മാത്രം മതിയാകില്ല. “എന്താണ് കഴിച്ചത്?’ എന്ന ചോദ്യവും അത്രത്തോളം പ്രധാനമാണ്.
പോഷകാഹാരം കുട്ടിയുടെ വളർച്ചയെ സഹായിക്കുന്നു
• തലച്ചോറിന്റെയും ബൗദ്ധികവികാസത്തിന്റെയും ആരോഗ്യം
• പഠനശേഷി, ശ്രദ്ധ, അക്കാദമിക് പ്രവർത്തനങ്ങൾ
• രോഗപ്രതിരോധശേഷി
• ശാരീരിക വളർച്ചയും പേശികളുടെ ആരോഗ്യവും
• മാനസികാരോഗ്യവും സമഗ്രമായ ആരോഗ്യവും
• ദൈനംദിന ഊർജവും പ്രവർത്തനക്ഷമതയും
പ്രത്യേകിച്ച് ജീവിതത്തിന്റെ ആദ്യകാലഘട്ടങ്ങളിൽ ശരിയായ പോഷണവും പരിചരണവും കുട്ടിയുടെ ശാരീരികവും ബൗദ്ധികവുമായ വളർച്ചയിൽ നിർണായകമാണ്. നല്ല പോഷണവും ശരിയായ പരിചരണവും കുട്ടിയുടെ ആരോഗ്യകരമായ വളർച്ചക്കും പഠനവികാസത്തിനും പ്രധാനമാണ്.
ഭക്ഷണത്തളികയിൽ എന്തെല്ലാം
ആരോഗ്യകരമായ ഭക്ഷണം എന്നത് ഒരു പ്രത്യേക “ഡയറ്റ്’ അല്ല. നമ്മുടെ വീട്ടിൽ ലഭ്യമായ ഭക്ഷണങ്ങളെ ശരിയായ അളവിലും വൈവിധ്യത്തിലും ഉൾപ്പെടുത്തുകയാണ് പ്രധാന കാര്യം.
1. മതിയായ അളവ്
ശരീരത്തിന് ആവശ്യമായ ഊർജവും പോഷകങ്ങളും ലഭിക്കണം.
2. സമതുലിതത്വം
ധാന്യങ്ങൾ, മാംസ്യ (പ്രോട്ടീൻ) ഭക്ഷണങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ തുടങ്ങി വിവിധ ഭക്ഷണഗ്രൂപ്പുകൾ ശരിയായ രീതിയിൽ ഉൾപ്പെടുത്തണം.
3. മിതത്വം
പഞ്ചസാര, ഉപ്പ്, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണങ്ങൾ നിയന്ത്രിക്കണം.
4. വൈവിധ്യം
എല്ലാ ദിവസവും ഒരേ ഭക്ഷണം മാത്രം കഴിക്കുന്നതിനുപകരം വിവിധ ഭക്ഷണഗ്രൂപ്പുകൾ ഉൾപ്പെടുത്തണം.
മാംസ്യം പ്രധാന നിർമാണഘടകം
മാംസ്യം (പ്രോട്ടീൻ) എന്ന് കേൾക്കുമ്പോൾ പലരും ആദ്യം ഓർക്കുന്നത് മാംസവും മീനും മാത്രമാണ്. എന്നാൽ നമ്മുടെ നാട്ടിൽ തന്നെ ലഭ്യമായ ധാരാളം നല്ല മാംസ്യ സ്രോതസ്സുകളുണ്ട്.
ദിവസേന ഉൾപ്പെടുത്താവുന്ന മാംസ്യ സ്രോതസ്സുകൾ
സസ്യജന്യ സ്രോതസ്സുകൾ:
• പരിപ്പ്, കടല, ചെറുപയർ, വൻപയർ,രാജ്മ, സോയയും സോയ ഉത്പന്നങ്ങളും, നിലക്കടല, നട്‌സും വിത്തുകളും.
മൃഗജന്യ സ്രോതസ്സുകൾ:
മുട്ട, പാൽ, തൈര്, മീൻ, കോഴിയിറച്ചി
മാംസ്യം (പ്രോട്ടീൻ) ശരീരത്തിലെ പേശികളുടെ വളർച്ചക്കും സംരക്ഷണത്തിനും മാത്രമല്ല, ശരീരത്തിന്റെ നിരവധി പ്രവർത്തനങ്ങൾക്കും ആവശ്യമാണ്. അതുകൊണ്ട് ഓരോ പ്രധാന ഭക്ഷണത്തിലും ഒരു നല്ല മാംസ്യ സ്രോതസ്സ് ഉൾപ്പെടുത്താൻ ശ്രമിക്കണം.
പഴങ്ങളും പച്ചക്കറികളും:
നിറങ്ങൾക്കപ്പുറം പോഷകങ്ങൾ നമ്മുടെ തളികയിൽ നിറം കൂട്ടാൻ മാത്രമല്ല പച്ചക്കറികളും പഴങ്ങളും വേണ്ടത്. അവ ശരീരത്തിന് ആവശ്യമായ നിരവധി വിറ്റാമിനുകളും ധാതുക്കളും മറ്റ് പ്രധാന സൂക്ഷ്മ പോഷകങ്ങളും നൽകുന്നു. ശരീരത്തിന്റെ സാധാരണ വളർച്ചക്കും പ്രവർത്തനങ്ങൾക്കും സൂക്ഷ്മ പോഷകങ്ങൾ വളരെ പ്രധാനമാണ്. ഇരുമ്പ്, ഫോളേറ്റ്, വിറ്റാമിൻ എ, വിവിധ ബി വിറ്റാമിനുകൾ തുടങ്ങി നിരവധി പോഷകങ്ങൾ നമ്മുടെ ആരോഗ്യത്തിൽ നിർണായക പങ്കുവഹിക്കുന്നു.
“എല്ലാ ദിവസവും പച്ചക്കറി ഉണ്ടല്ലോ’ എന്ന് മാത്രം ചിന്തിക്കാതെ, “വിവിധതരം പച്ചക്കറികളും പഴങ്ങളും നമ്മുടെ ഭക്ഷണത്തിലുണ്ടോ?’ എന്നും ചോദിക്കണം.
ജങ്ക് ഫുഡ്: വയറ് നിറയും, പോഷണം കിട്ടുമോ?
ഇന്നത്തെ കുട്ടികളും യുവാക്കളും നേരിടുന്ന വലിയ വെല്ലുവിളികളിലൊന്നാണ് അമിതമായി സംസ്‌കരിച്ച ഭക്ഷണങ്ങളോടുള്ള അടുപ്പം. ചിപ്സ്, എണ്ണയിൽ പൊരിച്ച ഭക്ഷണങ്ങൾ, മധുരപാനീയങ്ങൾ, ബേക്കറി വിഭവങ്ങൾ, പാക്കറ്റ് ഭക്ഷണങ്ങൾ എന്നിവ കൂടുതലായി കഴിക്കുമ്പോൾ ശരീരത്തിന് കൂടുതൽ കലോറിയും പഞ്ചസാരയും ഉപ്പും അനാരോഗ്യകരമായ കൊഴുപ്പും ലഭിക്കാം. എന്നാൽ അതേസമയം ആവശ്യമായ പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, സൂക്ഷ്മ പോഷകങ്ങൾ എന്നിവ ആവശ്യത്തിന് ലഭിക്കണമെന്നില്ല.
ഇത്തരം ഭക്ഷണശീലം അമിതവണ്ണത്തിനും മറ്റ് ആരോഗ്യപ്രശ്‌നങ്ങൾക്കും സാധ്യത വർധിപ്പിക്കും. പ്രധാനമായി ഓർക്കേണ്ട കാര്യം, അമിതവണ്ണം ഉള്ളതുകൊണ്ട് ഒരാൾക്ക് പോഷകക്കുറവില്ല എന്ന് പറയാനാകില്ല. കലോറി കൂടുതലാകാം; എന്നാൽ പോഷകങ്ങൾ കുറവാകാം. അതിനാൽ അമിതവണ്ണവും സൂക്ഷ്മ പോഷകങ്ങളുടെ കുറവും ഒരേ വ്യക്തിയിൽ ഉണ്ടാകാം. ഇരുമ്പ്, ഫോളേറ്റ്, വിറ്റാമിൻ ബി12 തുടങ്ങിയ പോഷകങ്ങളുടെ കുറവ് അനീമിയ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കാം. പോഷകാഹാരക്കുറവ് എന്നത് ശരീരം മെലിഞ്ഞിരിക്കുന്നവരുടെ മാത്രം പ്രശ്‌നമല്ല.
നമുക്ക് മാറാം
• ഓരോ പ്രധാന ഭക്ഷണത്തിലും ഒരു മാംസ്യ സ്രോതസ്സ് ഉൾപ്പെടുത്തുക.
• ദിവസവും വിവിധതരം പച്ചക്കറികളും പഴങ്ങളും കഴിക്കുക.
• പ്രാദേശികവും കാലാനുസൃതമായി ലഭ്യമായതുമായ ഭക്ഷണങ്ങൾക്ക് പ്രാധാന്യം നൽകുക.
• കുട്ടികളുടെ ഭക്ഷണത്തിൽ വൈവിധ്യം കൊണ്ടുവരിക.
• പാക്കറ്റ് ഭക്ഷണങ്ങളും എണ്ണയിൽ പൊരിച്ച ഭക്ഷണങ്ങളും അമിതമായി സംസ്‌കരിച്ച ഭക്ഷണങ്ങളും ദിവസേനയുള്ള ശീലമാക്കാതിരിക്കുക.
• ഭക്ഷണത്തിന്റെ അളവിനൊപ്പം അതിന്റെ പോഷകഗുണവും ശ്രദ്ധിക്കുക.
• അമ്മമാരുടെയും കുട്ടികളുടെയും പോഷണത്തിന് കുടുംബം പ്രത്യേക ശ്രദ്ധ നൽകുക.
പോഷകാഹാരം എന്നത് വയറുനിറക്കുന്ന ഭക്ഷണം മാത്രമല്ല. അത് ഒരു കുട്ടിയുടെ വളർച്ചയിലും പഠനത്തിലും തലച്ചോറിന്റെ ആരോഗ്യത്തിലും രോഗപ്രതിരോധശേഷിയിലും ശാരീരിക – മാനസിക ആരോഗ്യത്തിലും ഒടുവിൽ ഒരു സമൂഹത്തിന്റെ ഭാവിയിലും സ്വാധീനം ചെലുത്തുന്ന ഘടകമാണ്. അതിനാൽ ഈ ദേശീയ പോഷകാഹാര മാസാചരണത്തിൽ നമുക്ക് ഒരു ചെറിയ ചോദ്യം നമ്മുടെ വീട്ടിൽ നിന്ന് തുടങ്ങാം.
“ഇന്ന് നമ്മുടെ തളിക വയറു നിറക്കാൻ മാത്രമാണോ, അതോ ശരീരത്തെയും മനസ്സിനെയും ഭാവിയെയും പോഷിപ്പിക്കുന്നതാണോ?’ ഓരോ വീട്ടിലും സമതുലിതമായ ഭക്ഷണം, ഓരോ കുട്ടിക്കും മതിയായ പോഷണം, ഓരോ അമ്മക്കും ആവശ്യമായ പരിചരണവും പോഷകവും ഉറപ്പാക്കാൻ കഴിഞ്ഞാൽ മാത്രമേ ആരോഗ്യകരമായ ഒരു സമൂഹം നമുക്ക് നിർമിക്കാൻ കഴിയൂ.
നല്ല ഭക്ഷണം ഒരു തിരഞ്ഞെടുപ്പ് മാത്രമല്ല, നല്ല നാളെയിലേക്കുള്ള ഒരു നിക്ഷേപമാണ്.
Content Highlights:
National Nutrition Month 2026 emphasizes Poshan Maah with the theme Hamari Anganwadi Hamari Jimmadari. It highlights balanced diets, protein sources, micronutrients, and child brain development while warning against junk foods, hidden hunger, anemia, and excessive calorie intake.


