Kerala
സി ഐ ടി യു പ്രവര്‍ത്തകന്റെ കൊല; എട്ട് പ്രതികളും പിടിയില്‍
കൊലപ്പെടുത്തിയത് ബി ജെ പി- ആര്‍ എസ് എസ് പ്രവര്‍ത്തകരെന്ന് സി പി എം ആരോപിച്ചു
പത്തനംതിട്ട | പത്തനംതിട്ട പെരുനാട്ടെ സി ഐ ടിയു പ്രവര്‍ത്തകന്‍ ജിതിനെ കുത്തിക്കൊന്ന കേസില്‍ എട്ട് പ്രതികളും പിടിയില്‍. നിഖിലേഷ്, വിഷ്ണു, ശരണ്‍, സുമിത്ത്, മനീഷ്, ആരോമല്‍, മിഥുന്‍, അഖില്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ആയുധങ്ങളും പോലീസ് കണ്ടെടുത്തു.
കൊലപ്പെടുത്തിയത് ബി ജെ പി- ആര്‍ എസ് എസ് പ്രവര്‍ത്തകരെന്ന് സി പി എം ആരോപിച്ചു.
ഇന്നലെ രാത്രി 10.30 യോടെയാണ് പെരുനാട് മഠത്തുംമൂഴിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ സി ഐ ടി യു പ്രവര്‍ത്തകനായ ജിതിന്‍ കൊല്ലപ്പെട്ടത്. ജിതിന്റെ ബന്ധുവായ അനന്തു അനിലിനെ പ്രതികള്‍ ഉള്‍പ്പെട്ട സംഘം തടഞ്ഞുവെച്ച് മര്‍ദിച്ചു.
മുന്‍വൈരാഗ്യമായിരുന്നു ഇതിന് കാരണമെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അനന്തുവിനെ മര്‍ദിക്കുന്നത് തടയാന്‍ എത്തിയപ്പോഴാണ് സംഘം ജിതിനെ വെട്ടി കൊലപ്പെടുത്തിയത്. ജിതിനും അനന്തുവിനും ഒപ്പമുണ്ടായിരുന്ന വിഷ്ണു എന്ന യുവാവിനും പരിക്കേറ്റു.
ജിതിന്റെ ജീവനെടുത്തത് രാഷ്ട്രീയ പകയെന്നാണ് ഉയരുന്ന ആരോപണം. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമാണെന്ന് തോന്നുന്നില്ലെന്നായിരുന്നു ജിതിന്റെ കുടുംബത്തിന്റെ പ്രതികരണം. രാഷ്ടീയ സംഘര്‍ഷമല്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസും.


