Connect with us

wynad kit controversy

വയനാട്ടില്‍ ബി ജെ പി വ്യാപകമായി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നതായി ടി സിദ്ധിഖ് എം എല്‍ എ

മാനന്തവാടി അഞ്ചാം മൈലിലും കല്‍പ്പറ്റ മേപ്പാടി റോഡിലും പരാതിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി

Published

|

Last Updated

ബത്തേരി| വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബി ജെ പി വ്യാപകമായി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നതായി കോണ്‍ഗ്രസ് നേതാവ് ടി സിദ്ധിഖ് എം എല്‍ എ ആരോപിച്ചു.

സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിക്കുന്ന വയനാട്ടില്‍ ബി ജെ പി നഗ്നമായ പെരുമാറ്റ ചട്ട ലംഘനം നടത്തിയിരിക്കുന്നു. 1500 കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത് ബി ജെ പി പ്രാദേശിക നേതാക്കളാണെന്നു വ്യക്തമാണ്. ആദിവാസി കോളനികളിലെ വോട്ട് പിടിക്കാനാണ് കിറ്റ് തയ്യാറാക്കിയത്. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് സുല്‍ത്താന്‍ ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തിന് മുന്നില്‍ ലോറിയില്‍ കയറ്റിയ നിലയില്‍ ആവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ കണ്ടെത്തിയത്. പഞ്ചസാര, ചായപ്പൊടി, വെളിച്ചെണ്ണ, സോപ്പ്, സോപ്പ് പൊടി, ബിസ്‌ക്കറ്റ്, റസ്‌ക് തുടങ്ങിയവയായിരുന്നു കിറ്റിലുണ്ടായിരുന്നത്. ചില കിറ്റുകളില്‍ വെറ്റില, അടക്ക, പുകയില എന്നിവയും കണ്ടെത്തി. വയനാട്ടിലെ ആദിവാസി കോളനികളില്‍ വിതരണം ചെയ്യാനാണ് കിറ്റുകള്‍ തയാറാക്കിയതെന്നാണ് ആരോപണം.

മാനന്തവാടി അഞ്ചാം മൈലിലും കല്‍പ്പറ്റ മേപ്പാടി റോഡിലും പരാതിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ബത്തേരിയില്‍ നിന്ന് കിറ്റുകള്‍ പിടിച്ച സംഭവത്തില്‍ കടയുടമയുടെ ഉള്‍പ്പെടെ മൊഴി രേഖപ്പെടുത്തി. മാനന്തവാടി അഞ്ചാം മൈലിലും കല്‍പ്പറ്റ മേപ്പാടി റോഡിലും സി സി ടി വി ദൃശ്യങ്ങളടക്കം ശേഖരിച്ചാണ് പരിശോധന നടത്തുന്നത്.

വയനാട്ടില്‍ അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ പിടിച്ചെടുത്ത സംഭവത്തിന് പിന്നാലെ പ്രതികരണവുമായി ബി ജെ പി ജില്ലാ നേതൃത്വം രംഗത്തുവന്നു. കിറ്റുകള്‍ തയ്യാറാക്കിയത് ബിജെപിക്ക് വേണ്ടിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഗൂഢാലോചനയുണ്ടെന്നും ജില്ലാ പ്രസിഡന്റ്് പ്രശാന്ത് മലവയല്‍ പറഞ്ഞു. സംഭവം ബി ജെ പിയുടെ മേല്‍ കെട്ടിവയ്ക്കാന്‍ നോക്കണ്ട. കിറ്റിനു പിന്നില്‍ ആരെന്നു ബന്ധപ്പെട്ടവര്‍ അന്വേഷിച്ചു കണ്ടത്തട്ടെ. ബി ജെ പി സ്ഥാനാര്‍ഥിക്ക് തികഞ്ഞ മുന്‍തൂക്കം ഉണ്ടെന്ന് മനസിലാക്കിയുള്ള ഗൂഡാലോചനയാണിത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കിറ്റ് കണ്ടെത്തിയതെന്നു പറഞ്ഞതില്‍ ഉള്‍പ്പെടെ ദുരൂഹതയുണ്ട്. എന്തുകൊണ്ട് ഇത് ബി ജെ പിയുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നതെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും പ്രശാന്ത് പറഞ്ഞു.

 

Latest