Connect with us

Kerala

എംജി സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ത്ഥികളുടെ ഫെല്ലോഷിപ്പ് വിതരണം മുടങ്ങി; പ്രതിഷേധം ശക്തം

സര്‍വകലാശാല കാമ്പസിലും വിവിധ കോളജുകളിലുമായി 200ല്‍ അധികം വിദ്യാര്‍ത്ഥികള്‍ക്ക് മാസങ്ങളായി ഫെല്ലോഷിപ്പ് ലഭിക്കുന്നില്ല.

Published

|

Last Updated

കോട്ടയം| എംജി സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ത്ഥികളുടെ ഫെല്ലോഷിപ്പ് വിതരണം മുടങ്ങിയതില്‍ പ്രതിഷേധം ശക്തം. സര്‍വകലാശാല ആസ്ഥാനത്തേക്ക് എഐഎസ്എഫ് മാര്‍ച്ച് നടത്തി. സര്‍വകലാശാല കാമ്പസിലും വിവിധ കോളജുകളിലുമായി 200ല്‍ അധികം വിദ്യാര്‍ത്ഥികള്‍ക്ക് മാസങ്ങളായി ഫെല്ലോഷിപ്പ് ലഭിക്കുന്നില്ല. 2022ല്‍ പ്രവേശനം നേടിയ ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് രണ്ടു വര്‍ഷത്തിലധികമായി ഫെല്ലോഷിപ്പ് ലഭിച്ചിട്ടില്ല. 2023ല്‍ അഡ്മിഷന്‍ നേടിയവര്‍ക്ക് ഫെല്ലോഷിപ്പ് മുടങ്ങിയിട്ട് 15 മാസവും കഴിഞ്ഞു. ഇതിനാല്‍ കടുത്ത സാമ്പത്തിക ഞെരുക്കമാണ് ഗവേഷക വിദ്യാര്‍ഥികള്‍ അനുഭവിക്കുന്നത്.

പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിത കാല സമരം ആലോചിക്കുമെന്നാണ് എഐഎസ്എഫ് നേതൃത്വം പറയുന്നത്. നേരത്തെ എസ്എഫ്‌ഐയുടെ നേതൃത്വത്തിലും സര്‍കലാശായിലെ ഗവേഷക വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു. സമാന വിഷയത്തില്‍ കാലടി സംസ്‌കൃത സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥി നല്‍കിയ പരാതിയില്‍ ഹൈക്കോടതി നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഫെല്ലോഷിപ്പ് കുടിശ്ശിക കൊടുത്തുതീര്‍ത്തില്ലെങ്കില്‍ വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും ശമ്പളം കൊടുക്കേണ്ടെന്നായിരുന്നു കോടതിയുടെ ഉത്തരവ്.

 

 

Latest