ഫീച്ചർ
കാക്ക ഇരുന്നാല്‍ വീഴില്ല, ഈന്തപ്പന
അന സിന്റിയ റാമിറെസ് അഹുമദ എന്ന പെൺ മുതല (കൈമാൻ)യുമായുള്ള പ്രതീകാത്മക വിവാഹ ചടങ്ങിൽ മേയർ വിശിഷ്ട വസ്ത്രങ്ങളണിയും.
തെക്കൻ മെക്സിക്കൻ സംസ്ഥാനമായ ഒക്‌സാക്കയിലെ സാൻ പെഡ്രോ ഹുവാമെലുല പട്ടണത്തിൽ എല്ലാ വർഷവും മേയർ രാജ്യത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഏറ്റവും അസാധാരണമായ പാരമ്പര്യത്തിന്റെ ഭാഗമാകും. അന സിന്റിയ റാമിറെസ് അഹുമദ എന്ന പെൺ മുതല (കൈമാൻ)യുമായുള്ള പ്രതീകാത്മക വിവാഹ ചടങ്ങിൽ മേയർ വിശിഷ്ട വസ്ത്രങ്ങളണിയും. വധു വർണപൂഷ്പങ്ങളാൽ അലങ്കരിച്ച വെളുത്ത ഗൗൺ ധരിക്കും. തെരുവുകളിൽ സംഗീതം നിറയും. നൂറുകണക്കിന് പ്രദേശവാസികൾ ആഘോഷത്തിന് ഒത്തുകൂടുകയും ചെയ്യും. ഒറ്റനോട്ടത്തിൽ ചടങ്ങ് വിചിത്രമായി തോന്നാമെങ്കിലും അത് പ്രകൃതിയുമായുള്ള പ്രതീകാത്മക ഐക്യവും തദ്ദേശീയ സമൂഹങ്ങൾ തമ്മിലുള്ള സമാധാനവും വരാനിരിക്കുന്ന വർഷത്തിലെ സമൃദ്ധിയും വിജയകരമായ ഭാവിയും മികച്ച വിളവെടുപ്പും മത്സ്യലഭ്യതയും കൊണ്ടുവരുമെന്നാണ് വിശ്വാസം.
സംഗീതം, നൃത്തം, വർണാഭമായ ആഘോഷങ്ങൾ തുടങ്ങിയവയിലൂടെ സംസ്‌കാരം, പ്രകൃതി, ചരിത്രം എന്നിവ സമന്വയിപ്പിക്കുന്ന ആ പുരാതന പാരമ്പര്യത്തെ അന്നാട്ടുകാർ നെഞ്ചേറ്റുന്നു. നല്ല വിളവെടുപ്പും തോരാത്ത മഴയും സമൃദ്ധിയും കൊണ്ടുവരുമെന്ന പ്രതീക്ഷയിൽ നഗരത്തിൽ പരേഡ് നടത്തും. ഉരഗ വധുവിനെ അങ്ങേയറ്റം ബഹുമാനത്തോടെയാണ് പരിഗണിക്കുക, അത് പ്രാദേശിക, തദ്ദേശീയ സംസ്‌കാരങ്ങൾ തമ്മിലെ ശക്തവും പുരാതനവുമായ ബന്ധം പ്രതിനിധീകരിക്കുന്നു. തലമുറകളായി സംരക്ഷിക്കപ്പെട്ടിട്ടുള്ള അതുല്യ ആചാരത്തിലേക്ക് ആഗോള ശ്രദ്ധ ആകർഷിക്കുന്നുവെന്നാണ് മെക്‌സിക്കൻ മേയർ ഡാനിയേൽ ഗുട്ടിയറെസ് പറഞ്ഞത്.
മെക്‌സിക്കോയിലെ മറ്റ് അസാധാരണ ഉത്സവങ്ങൾ ഹിസ്പാനിക് കാലഘട്ടത്തിന് മുമ്പുള്ള പാരമ്പര്യങ്ങളിൽ മൃഗങ്ങളുടെ പ്രാധാന്യം അടിവരയിടുന്നതാണ്. തലമുറകളായുള്ള ഈ പ്രതീകാത്മക വിവാഹ ചടങ്ങിന് 230 വർഷത്തിലേറെ പഴക്കമുണ്ട്, പ്രാദേശിക ചരിത്രകാരന്മാർ കണ്ടെത്തിയതാകട്ടെ അതിന്റെ വേരുകൾ ഹിസ്പാനിക്കിന് മുമ്പുള്ള തദ്ദേശീയ പാരമ്പര്യങ്ങളിലേക്ക് നീളുന്നുവെന്നും. വരൻ പട്ടണ മേയറും വധു തദ്ദേശീയ രാജകുമാരിയായും ഭൂമിമാതാവിന്റെ പ്രതീകമായും ആദരിക്കപ്പെടുന്ന പെൺ മുതലയും.
2026ലെ ചടങ്ങിന് നേതൃത്വം നൽകിയത് ഡാനിയേൽ ഗുട്ടിയറെസാണ്. പ്രകൃതി ലോകത്തെ പ്രതിനിധീകരിക്കുന്നു, മേയർ സമൂഹത്തെയും. മനുഷ്യരും പ്രകൃതിയും ഐക്യത്തോടെ നിലനിൽക്കുമ്പോഴേ അഭിവൃദ്ധി പ്രാപിക്കുകയുള്ളൂവെന്ന ഓർമപ്പെടുത്തലാണ് ആചാരപരമായ വിവാഹം. പാരമ്പര്യമനുസരിച്ച് ചോണ്ടൽ, ഹുവാവെ (ഇകൂട്ട്‌സ്) ജനതകൾ തമ്മിലെ ചരിത്രപരമായ സഖ്യം അടിവരയിടുന്നതാണത്. നൂറ്റാണ്ടുകൾക്കുമുമ്പ് ചോണ്ടൽ രാജാവും ഹുവാവെ രാജകുമാരിയും തമ്മിലുള്ള വിവാഹം രണ്ട് സമുദായങ്ങൾ തമ്മിലെ സംഘർഷം അവസാനിപ്പിക്കുകയും സമാധാനം പുനഃസ്ഥാപിക്കുകയും ചെയ്തുവെന്നാണ് ഐതിഹ്യം.
ചടങ്ങ് തുടങ്ങുന്നതിന് വളരെ മുമ്പേ കൈമാനെ മറ്റ് വധുക്കളെ പോലെ പരിഗണിക്കുന്നു. വെളുത്ത ഗൗൺ ധരിപ്പിച്ച് റിബണുകൾ, പൂക്കൾ, ആഡംബരപൂർണമായ ശിരോവസ്ത്രങ്ങൾ എന്നിവയാൽ അലങ്കരിക്കും. നഗരവാസികൾ “അവളെ’ തെരുവിലൂടെ കൊണ്ടുപോകും. സംഗീതജ്ഞർ പരമ്പരാഗത ഗാനങ്ങൾ ആലപിക്കുന്നു. നർത്തകർ ആടിത്തിമിർക്കും. ചടങ്ങിനിടെ കൈമാന്റെ താടിയെല്ലുകൾ ബന്ധിക്കുന്നു. ഘോഷയാത്രക്കിടെ മൃഗത്തെയും ചുറ്റും ആർത്തുവിളിക്കുന്ന നൂറുകണക്കിന് ആളുകളെയും സംരക്ഷിക്കുന്നതിനാണത്. പ്രതിജ്ഞകൾക്കു ശേഷം മേയർ കൈമാനെ ചുംബിക്കുന്നതോടെ നൂറുകണക്കിന് ക്യാമറകൾ പ്രകാശച്ചിരി തൂകും.
ഋതുക്കൾക്കും വേണ്ടി പ്രാർഥന
കൃത്യസമയത്തെ മഴക്കും വിജയകരമായ കാർഷിക ഋതുക്കൾക്കും വേണ്ടി പ്രാർഥിക്കാൻ അസാധാരണവും എന്നാൽ ആഴത്തിൽ പ്രതീകാത്മകവുമായ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ കർണാടകയിലെ ധാർവാഡിന് സമീപത്തെ ചരിത്രപ്രധാനമായ അമ്മിനഭവിയിലെ പടഗട്ടി ക്ഷേത്രത്തിൽ നൂറുകണക്കിന് ഗ്രാമവാസികളാണ് ഒത്തുകൂടുക. രണ്ട് കഴുതകൾ തമ്മിലെ വേദ വിവാഹമാണിത്. വിവാഹത്തിന് മുമ്പ് കഴുതകളെ മഞ്ഞൾ പൂശുകയും കുളിപ്പിക്കുകയും ചെയ്യും. പിന്നീട് നവദമ്പതികളെ നാടോടി സംഗീതത്തിന്റെയും പരമ്പരാഗത താളവാദ്യങ്ങളുടെയും അകമ്പടിയോടെ ഗ്രാമത്തിലൂടെ ഉത്സവ ഘോഷയാത്രയായി ആനയിക്കും. ശേഷം സമൂഹ വിരുന്ന്.
ആകാശം കണ്ണു തുറക്കും മുന്പ് കരയുന്ന ചെറിയ ജീവികൾ
വരൾച്ച, ഭയം, വിശ്വാസം, പ്രകൃതിയുമായുള്ള അടുത്ത ബന്ധം എന്നിവയിൽ നിന്ന് ജനിച്ച ആചാരങ്ങളിലൊന്നാണ് ഇന്ത്യയിലെ തവളക്കല്യാണങ്ങൾ. അസമിലെ ഭേകുലി ബിയ മുതൽ കർണാടകയിലെ മണ്ഡൂക പരിണയം വരെ സമൂഹങ്ങൾ കാലാവസ്ഥാ അനിശ്ചിതത്വത്തെ എങ്ങനെ നേരിടുന്നുവെന്ന് വെളിപ്പെടുത്തുന്നു.
തവള വിവാഹം നാടോടി ആചാരമാണ്, ആൺപെൺ വിഭാഗങ്ങളെ ഹിന്ദു വിവാഹാചാരങ്ങൾ പാലിച്ച് ഒന്നിപ്പിക്കുന്നു. വടക്കുകിഴക്കൻ ഇന്ത്യയിൽ പ്രത്യേകിച്ച് അസമിൽ നിന്നാണ് തവളക്കല്യാണം ഉത്ഭവിച്ചതത്രെ. പിന്നീട് ഉത്തർപ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു. 2023, 24, 25 വർഷങ്ങളിൽ അസമിൽ കാംരൂപ്, ബിശ്വനാഥ്, ദരാംഗ് തുടങ്ങിയ ജില്ലകളിൽ ഇത്തരം വിവാഹങ്ങൾ റിപോർട്ട് ചെയ്യപ്പെട്ടു. ജലക്ഷാമം നേരിടുന്ന കാലാവസ്ഥയെ ആശ്രയിച്ചുള്ള ഗ്രാമീണ സമൂഹങ്ങളിലാണ് അനാചാരം ഉയർന്നുവന്നത്. അത് പ്രാദേശിക അന്ധവിശ്വാസങ്ങളെ ഹിന്ദു ആചാരങ്ങളുമായി സംയോജിപ്പിക്കുന്നതാണ്.
ഗ്രാമവാസികൾ ആൺ, പെൺ തവളയെ പിടിച്ച് മഞ്ഞളും മാദൾ പേസ്റ്റും ഉപയോഗിച്ച് വൃത്തിയാക്കി എണ്ണ തേച്ച് പരമ്പരാഗത വസ്ത്രങ്ങളും ആഭരണങ്ങളും ധരിപ്പിച്ച് വേദിയിൽ വെക്കും. മഞ്ഞൾ വെള്ളത്തിൽ കുളിപ്പിക്കുകയും കാൽവിരലുകൾ വളയങ്ങൾ പോലുള്ള ചിഹ്നങ്ങളാൽ അലങ്കരിക്കുകയും ചെയ്യുന്നു. പൂക്കളും ചെറിയ പന്തലുകളും കൊണ്ട് അലങ്കരിച്ച ക്ഷേത്രങ്ങളിലോ സമൂഹ ഇടങ്ങളിലോ ആകും ചടങ്ങ്. ചുവന്ന നൂൽ കൊണ്ട് കെട്ടി പെൺ തവളക്ക് സിന്ദൂരം പുരട്ടും. ഗ്രാമം മുഴുവൻ ബാൻഡ് പാർട്ടികൾ, ധൂലിയ, നൃത്തങ്ങൾ, ഭക്ഷണം, ഘോഷയാത്ര എന്നിവയുണ്ടാകും. പൂജകൾ, മന്ത്രങ്ങൾ, വഴിപാടുകൾ എന്നിവയോടെ നടത്തുന്ന വിവാഹ ചടങ്ങ് കഴിഞ്ഞ് തവളകളെ വെള്ളത്തിലേക്ക് വിടുന്നു. അവ ഒരുമിച്ച് നിന്നാൽ മഴ ഉടൻ എത്തുമെന്നാണ് വിശ്വാസം.
പിന്നാക്കാവസ്ഥയുടെ തെളിവും പുരോഗതിയുടെ പൊള്ളത്തരവും
ശാസ്ത്രീയ തെളിവുകളൊന്നുമില്ലാതെ അന്ധവിശ്വാസം തുടരുന്നത് ഇന്ത്യൻ പിന്നാക്കാവസ്ഥയുടെ തെളിവിന്റെയും ഊറ്റംകൊള്ളുന്ന പുരോഗതിയുടെ പൊള്ളത്തരത്തിന്റെയും ഉദാഹരണമാണ്. കാലാവസ്ഥാ വ്യതിയാനം ബാധിച്ച ലോകത്ത് അവയേക്കാൾ സന്തുലിതമായ ധാരണയാണാവശ്യം. മൃഗങ്ങളും ജീവികളുമായുള്ള വിവാഹം വിശ്വാസ ഭ്രാന്തിന്റെയും അത്ഭുതാനുഭവ പ്രത്യയശാസ്ത്രത്തിന്റെയും ബാലിശതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ശാസ്ത്രീയമായി ആ ആചാരങ്ങൾ മഴക്ക് കാരണമാകുന്നേയില്ലെന്ന് തെളിയിക്കപ്പെട്ടതാണ്. നഗരവത്കരണവും ആഗോളീകരണവും പരമ്പരാഗത രീതികൾക്ക് ഭീഷണിയാകുന്ന സമയത്ത് കൃത്രിമ സ്വത്വം ഉറപ്പിക്കാൻ നടത്തുന്ന നീക്കങ്ങൾ ഗൂഢാലോചനയാണെന്നാണ് നരവംശ ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.
ടിങ്കാത്തിയ സമ്പ്രദായമടക്കം വിവരണാതീതമായ ചൂഷണങ്ങൾക്ക് ഇരകളായ ഇൻഡിഗോ കർഷകരെ പിന്തുണക്കുന്നതിന് 1917 ഏപ്രിൽ പത്തിന് ബിഹാറിലെ ചമ്പാരനിൽ ഗാന്ധിജി ആരംഭിച്ച സത്യഗ്രഹം ഏറെ പ്രശസ്തമാണ്. 1934ലെ ഭൂകമ്പത്തിനു ശേഷം സംസ്ഥാനത്തെ പ്രകൃതി ദുരന്തങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വ്യാഖ്യാനം വിവാദമുണ്ടാക്കി.
പ്രകൃതിദുരന്തങ്ങൾ സാമൂഹിക പാപങ്ങൾക്കുള്ള ദൈവിക ശിക്ഷയാണെന്ന വാദത്തിലൂടെ ഗാന്ധിജി അന്ധവിശ്വാസങ്ങളും യുക്തിരാഹിത്യങ്ങളും പ്രോത്സാഹിപ്പിക്കുന്നുവെന്ന് രബീന്ദ്രനാഥ ടാഗോർ തുറന്നടിച്ചു. അത് ഏറെ ശ്രദ്ധേയമായ ദാർശനിക ചർച്ചക്ക് തുടക്കമിട്ടു. ശേഷം ഗാന്ധിജി കുറച്ചുകൂടി വസ്തുനിഷ്ഠമായി സംസാരിക്കാൻ തുടങ്ങി. അതിന് നാടോടി സാമ്യങ്ങൾ പലപ്പോഴും ഉപയോഗിക്കുകയുമുണ്ടായി.
വർഗീയ കലാപം ശമിപ്പിക്കുന്നതിന് അദ്ദേഹം 1947 മാർച്ച് അഞ്ച് തൊട്ട് മേയ് വരെ ബിഹാറിൽ “ഗ്രാമം മുതൽ ഗ്രാമം വരെ’ എന്ന ചരിത്രപ്രസിദ്ധമായ സമാധാന പര്യടനം നടത്തി. കടുത്ത ഭക്ഷ്യക്ഷാമവും വരൾച്ചയും അനുഭവപ്പെട്ട പട്നയിൽ പര്യടനം എത്തിയപ്പോൾ മഴ പെയ്തു. കാലാവസ്ഥാ വ്യതിയാനത്തിന് കാരണം ആ ആത്മീയ സാന്നിധ്യമാണെന്ന് ഗ്രാമവാസികളും അനുയായികളും പ്രകീർത്തിച്ചു.
പരാമർശം നിരാകരിച്ച് തന്റെ വരവിനെ തുടർന്ന് മഴ ലഭിച്ചത് യാദൃച്ഛികത മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയ ഗാന്ധിജി “കാക്ക വന്നിരിക്കുന്ന നിമിഷം ഈന്തപ്പന വീണു’വെന്ന പരമ്പരാഗത പഴഞ്ചൊല്ലിനോട് അതിനെ ഉപമിച്ചു. ആ രൂപകത്തിലൂടെ പ്രകൃതി സംഭവങ്ങളുടെ നിഗൂഢമോ അത്ഭുതകരമോ ആയ വ്യാഖ്യാനങ്ങൾക്ക് പകരം പ്രായോഗികമായ കാർഷിക പരിഷ്‌കാരങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ അനുയായികളെയും വിമർശകരെയും ഒരുപോലെ പ്രേരിപ്പിക്കുകയായിരുന്നു.
Content Highlights:
The Mayor of San Pedro Huamelula in Mexico performed a centuries-old ritual by symbolically marrying a caiman in a wedding dress to bring prosperity. Similar ancient traditions exist in India, such as frog and donkey marriages intended to invoke rain during droughts. Critics and anthropologists view these practices as rooted in superstition rather than scientific logic.





