Connect with us

prathivaram story

മാട്രിമോണി

ഞാൻ പിന്നെ ഒന്നുമാലോചിച്ചില്ല..ഏഴാം ക്ലാസ്സിലെ പിൻ ബെഞ്ചിലിരുന്ന ചുരുണ്ട മുടിക്കാരി നീതുവിനെ മനസ്സിൽധ്യാനിച്ച് പറഞ്ഞു തുടങ്ങി...

Published

|

Last Updated

പേര്: ദീപു വയസ്സ്: 30 വേണ്ട… 29 കിടന്നോട്ടെ…30 കണ്ടാൽ പിന്നെയും ഡിമാൻഡ് കുറയും.
വയസ്സ്: 29 വിദ്യാഭ്യാസ യോഗ്യത: എൻജിനീയറിംഗ് ബിരുദം
(ഒന്നൂടെ നന്നാക്കണോ? ആ, മാറ്റിക്കളയാം!)
വിദ്യാഭ്യാസ യോഗ്യത: IIT എൻജിനീയറിംഗ് ബിരുദം. ജോലി: വേണ്ട, അത് തൽക്കാലം ഒഴിവാക്കാം! അനുയോജ്യരായ ഹിന്ദു നായർ യുവതികളിൽ…
(വേണ്ട… വെറുതെ ജാതി പറഞ്ഞു പ്രശ്നം വേണ്ട. ഇത്തിരി പുരോഗമനനാണെന്ന് വിചാരിച്ചോട്ടെ!)
അനുയോജ്യരായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു.
ഇത് എത്രാമത്തെ രജിസ്ട്രേഷൻ സൈറ്റ് ആണെന്ന് പോലും ഓർമയില്ല. മൂന്നുനാലു കൊല്ലമായി നിർത്താതെ… ശരിക്കും മടുത്തുപോയിരിക്കുന്നു…

സമയം ആറ് കഴിഞ്ഞു. ഏഴ് മണിക്ക് സിനിമക്ക് ബുക്ക്‌ ചെയ്തതാ. ഓഫീസിൽ നിന്നും വേഗം ഇറങ്ങി തിയറ്ററിൽ എത്തി.നല്ല തിരക്കുണ്ട്… ആകെ ഇതൊക്കെയുള്ളൂ ഒരാശ്വാസം!
പേരിനു എൻജിനീയർ ആണെങ്കിലും ഇപ്പോൾ വിവാഹ കമ്പോളത്തിൽ വിലയിടിവാണ്.
നാട്ടിൽ ജോലിയുള്ള എൻജിനീയറെ ഒന്നും ഇപ്പോഴത്തെ പിള്ളാർക്കങ്ങോട്ട് പിടിക്കുന്നില്ല…
ഒറ്റമോൻ സെന്റിമെൻസിൽ അച്ഛനുമമ്മയും പുറത്തേക്ക് വിടുന്നുമില്ല…
നാട്ടുകാരുടെ മുന്നിലെങ്ങാൻ പെട്ടാൽ തീർന്നു! ഒരു വിവാഹം കഴിച്ചാൽ എല്ലാം തികഞ്ഞെന്നാ വിചാരം. പെണ്ണ് കിട്ടാഞ്ഞിട്ടല്ലേ… ആരോട് പറയാൻ?

ഇനിയിപ്പോ ഒരു ഡിമാൻഡും ഇല്ലാത്ത വല്ല പാവം പെൺപിള്ളേരേം കെട്ടാമെന്നു വെച്ചാലോ, കുടുംബമഹിമ വിട്ട് ഒരു കളിയും ഇല്ലെന്ന് വീട്ടുകാരും..
അങ്ങനെ ആകെ മൊത്തം ഡാർക്ക്‌ ആണ് സീൻ… സിനിമ കണ്ടിറങ്ങിയപ്പോൾ മുതൽ ഒരാശയം…എന്ത് കൊണ്ട് ഒന്ന് മാറ്റി ചിന്തിച്ചു കൂടാ? പെണ്ണിനെത്തന്നെ കെട്ടണം എന്നിപ്പോ നിർബന്ധമൊന്നുമില്ലല്ലോ? ഒരു ആണിനെ കൂടെ കൂട്ടാം… അതാവുമ്പോ ഇപ്പോഴത്തെ ട്രെൻഡും ആയി.. പിന്നെ പെൺപിള്ളാരുടെ സ്ഥിരം ക്‌ളീഷേ ഡയലോഗും ഒലിപ്പിക്കലും ഒന്നും കാണുകയും കേൾക്കുകയും വേണ്ട താനും…

പഠിക്കുന്ന സമയത്ത് കുറെ പിറകെ കൂടി നടന്നിട്ടും, ഏതായാലും ഒന്നും വീണിട്ടില്ല! ഇനി ഇങ്ങനെ ഒന്നു ശ്രമിച്ചു നോക്കാം..
ഈ ആശയം മനസ്സിൽ കയറിയിട്ടാണെന്നു തോന്നുന്നു, കിടന്നിട്ട് ഉറക്കം വരുന്നില്ല… ഇത്തരം ആളുകൾക്ക് വേണ്ടി ഏതൊക്കെയോ ചാറ്റിംഗ് ആപ്പ് ഉണ്ടെന്നു കേട്ടിട്ടുണ്ട്… ഒന്ന് തപ്പി നോക്കാം… ഒരു ഭാര്യ ഇല്ലേൽ എന്താ, ഒരു പാർട്ണർ. അതെങ്കിൽ അത്…
വീണ്ടും ഒരു കൺഫ്യൂഷൻ: എലിവാലാവോ? അല്ല, പുലിവാലാവോ? മ്,
എന്തായാലും ഒന്ന് നോക്കി നോക്കാം!
തപ്പിത്തപ്പി ഒരുത്തനെ കിട്ടി…
തന്നെയൊക്കെപ്പോലെ ഒരുത്തൻ… കണ്ടാൽ ഒരു സാധു…
ഒരു റിക്വസ്റ്റ് അയച്ചു കളയാം…
റിക്വസ്റ്റ് കൊടുത്തതും ദാ, ഉടനെ തന്നെ സ്വീകരിച്ചിരിക്കുന്നു! നമ്പറുണ്ട്… ഒന്ന് വിളിച്ചു പരിചയപ്പെട്ടേക്കാം…

അഭിനവ് മാധവൻ- സൂപ്പർ പേരാണല്ലോ?
സംസാരിക്കാൻ ചമ്മലൊന്നും ഉണ്ടായില്ല; അല്ലേലും ഈ ചെക്കന്മാരോട് മിണ്ടാൻ എന്താപ്പോ ഇത്ര നാണം? അല്ലേൽ, കുറച്ചു നാണമൊക്കെ അഭിനയിക്കായിരുന്നു, ല്ലേ?
ആത്മവിശ്വാസത്തോടെ സംസാരിക്കുന്ന നല്ലൊരു ചെറുപ്പക്കാരൻ… ശരിക്കും പെങ്ങളുണ്ടേൽ അളിയനാക്കായിരുന്നു… ഫ്രീ ആയി ഒരു ദിവസം കാണാം എന്ന് പറഞ്ഞ് സന്തോഷത്തോടെ ഫോൺ വെച്ച് പിരിഞ്ഞു…
അങ്ങനെ ആ ദിനം വന്നെത്തി…
ഇന്ന് ഞങ്ങൾ കണ്ടുമുട്ടുന്നു…

നഗരത്തിലെ തിരക്കില്ലാത്ത കോഫി ഷോപ്പിലിരുന്നു അവൻ മനസ്സ് തുറന്നു: “ചേട്ടൻ വിചാരിക്കുമ്പോലെയുള്ള ഒരാളല്ലാട്ടോ ഞാൻ…
ഇങ്ങനെയുള്ള ആളുകളെക്കുറിച്ച് ഞാനൊരു ലേഖനമെഴുതുന്നുണ്ട്… അവരെക്കുറിച്ച് കൂടുതലറിയാൻ ഞാൻ കണ്ടൊരു വഴിയാണ് ഇത്… ചേട്ടന് എന്നോടൊന്നും തോന്നരുത്… ബുദ്ധിമുട്ടില്ലേൽ എന്റെ കുറച്ചു ചോദ്യങ്ങൾക്കു മാത്രം ഉത്തരം തന്നാൽ മതി…
ചേട്ടന്റെ പേരോ മറ്റു വിവരങ്ങളോ ഒന്നും പുറത്ത് പോകില്ല…ചേട്ടാ പ്ലീസ്..
എനിക്ക് ആദ്യമായി ഒരാണിനോട് പ്രണയം തോന്നിയതെന്നാണെന്ന ചോദ്യവുമായി അവൻ തുടങ്ങിയപ്പോൾ,

ഞാൻ പിന്നെ ഒന്നുമാലോചിച്ചില്ല..
ഏഴാം ക്ലാസ്സിലെ പിൻ ബെഞ്ചിലിരുന്ന ചുരുണ്ട മുടിക്കാരി നീതുവിനെ മനസ്സിൽ
ധ്യാനിച്ച് പറഞ്ഞു തുടങ്ങി…

“ഏഴാം ക്ലാസ്സിലാണെന്നു തോന്നുന്നു, പിന്നിലെ ബെഞ്ചിലെ ഒരുത്തനോട് എനിക്ക് വല്ലാത്തൊരു സ്നേഹം… എപ്പോളും കാണണം എന്നൊക്കെ തോന്നും… ചെറിയ കുട്ടിയല്ലേ… ഒന്നും മനസ്സിലായിരുന്നില്ല… അവനെ എപ്പോളും അങ്ങനെ നോക്കിയിരിക്കാൻ തോന്നും… അതൊരു പതിവായപ്പോൾ, ഒരിക്കൽ അവനെന്നെ ആളൊഴിഞ്ഞ സ്കൂൾ ലൈബ്രറിയിലേക്ക് വിളിച്ചു കൊണ്ടുപോയി… അവിടെ ചെന്നപ്പോൾ, ക്ലാസ്സ് ടീച്ചറുണ്ട് എന്നെ കാത്തിരിക്കുന്നു… അന്നെനിക്ക് ചൂരലിന് ചന്തിക്കു കിട്ടിയ അടി മാത്രം ഇപ്പോഴും നല്ല ഓർമയുണ്ട്…’

ചിരി അടക്കാനാവാതെ പറഞ്ഞു നിർത്തിയപ്പോഴും മനസ്സിൽ നിറയെ നീതുവായിരുന്നു.. അന്നെനിക്ക് പൊതിരെ തല്ലു വാങ്ങിച്ചു തന്ന അവളൊക്കെ ഇപ്പൊ എവിടെയാണാവോ? ആദ്യപ്രണയം അങ്ങനെ പെട്ടെന്നൊന്നും മറക്കാൻ പറ്റില്ലല്ലോ…
ഫേസ്ബുക്കിലൊക്കെ ഒന്നു തപ്പാം… ചീർത്ത തവളേടെ മുഖമുള്ള ആ ഗൾഫുകാരൻ ജിമ്മനെ, അവളങ്ങനെ വല്ലാതെ സഹിക്കാനൊന്നും വഴി കാണുന്നില്ല!

Latest