National
കര്‍ണാടകയില്‍ കനറാ ബേങ്കില്‍ വന്‍ കവര്‍ച്ച; 59 കിലോഗ്രാം പണയ സ്വര്‍ണ്ണം മോഷണം പോയി
സംഭവത്തില്‍ അന്വേഷണം നടത്തുന്നതിന് എട്ടംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു.

ബെംഗളുരു| കര്‍ണാടകയില്‍ കനറാ ബേങ്കില്‍ വന്‍ കവര്‍ച്ച. കനറാ ബേങ്കിലെ മംഗോളി ശാഖയിലെ ലോക്കറില്‍ സൂക്ഷിച്ച 59 കിലോഗ്രാം പണയ സ്വര്‍ണ്ണവും അഞ്ചരലക്ഷം രൂപയുമാണ് കവര്‍ന്നത്. ബേങ്കില്‍ സംഘടിപ്പിച്ച ആഭ്യന്തര കണക്കെടുപ്പിലാണ് 59 കിലോ ഗ്രാം സ്വര്‍ണ്ണം നഷ്ടപ്പെട്ട വിവരം പുറത്തുവന്നത്. തുടര്‍ന്ന് മെയ് 26-ാം തീയതി ബേങ്ക് മാനേജര്‍ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കി.
മെയ് 23 നും 25 നും ഇടയിലാണ് കവര്‍ച്ച നടന്നതെന്നാണ് വിവരം. മെയ് 23 ന് വൈകുന്നേരം ബേങ്ക് അടച്ച് ജീവനക്കാര്‍ പോയി. 24, 25 തീയതികള്‍ നാലാം ശനിയും ഞായറുമായിരുന്നതിനാല്‍ ബേങ്ക് പ്രവര്‍ത്തിച്ചിരുന്നില്ല. മെയ് 26ാം തീയതി ശുചീകരണ തൊഴിലാളി എത്തിയപ്പോഴാണ് ബേങ്കിന്റെ ഷട്ടര്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിച്ചു. ശേഷം നടത്തിയ അന്വേഷണത്തിലാണ് ബേങ്കില്‍ മോഷണം നടന്നതായി മനസ്സിലാവുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തുന്നതിന് എട്ടംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു.