International
റോഡ് ടു മക്ക പദ്ധതിയില്‍ ഇനി മാലിദ്വീപും; പദ്ധതിയില്‍ അംഗങ്ങളായ രാജ്യങ്ങള്‍ എട്ടായി
ഇന്ത്യ ഇതുവരെ ഇടം നേടിയില്ല
മക്ക | ഹജ്ജ് തീര്‍ഥാടകര്‍ക്ക് മാതൃരാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ വെച്ച് തന്നെ ബയോമെട്രിക് ഡാറ്റ ശേഖരിക്കുകയും ഇലക്ട്രോണിക് ഹജ്ജ് വിസകള്‍ നല്‍കുകയും ആരോഗ്യ പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന റോഡ് ടു മക്ക പദ്ധതിയില്‍ ഇടം നേടി മാലിദ്വീപും. ഇതോടെ പദ്ധതിയില്‍ ഇടം നേടിയ രാജ്യങ്ങളുടെ എണ്ണം എട്ടായി.
മാലിദ്വീപ് വെലാന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ മാലിദ്വീപ് റിപബ്ലിക് പ്രസിഡന്റ് ഡോ. മുഹമ്മദ് മോയിസ്, മക്ക റൂട്ട് സൂപര്‍വൈസറി കമ്മിറ്റി ചെയര്‍മാന്‍ ലെഫ്റ്റനന്റ് ജനറല്‍ സുലൈമാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ യഹിയ, മാലിദ്വീപിലെ സഊദി എംബസിയുടെ ചാര്‍ജ് ഡി അഫയേഴ്സ് ഫഹദ് അല്‍ ദോസരി പങ്കെടുത്തു. ഇന്ത്യ ഇതുവരെയും റോഡ് ടു മക്ക പദ്ധതിയില്‍ ഇടം നേടിയിട്ടില്ല. മാലിക്ക് പുറമെ മൊറോക്കോ, ഇന്തോനേഷ്യ, മലേഷ്യ, പാകിസ്താന്‍, ബംഗ്ലാദേശ്, തുര്‍ക്കി, കോട്ട് ഡി ഐവയര്‍ എന്നീ രാജ്യങ്ങളാണ് പദ്ധതിയില്‍ ഇടംപിടിച്ചിരിക്കുന്നത്.
സഊദി പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2030ന്റെ ഭാഗമായാണ് 2019ല്‍ മക്ക റൂട്ട് പദ്ധതി ആരംഭിച്ചത്. ഹജ്ജിനായി പുണ്യഭൂമിയിലെത്തുന്ന തീര്‍ഥാടകരുടെ ആഗമന നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. തീര്‍ഥാടകരുടെ ഗതാഗത, താമസ ക്രമീകരണങ്ങള്‍ക്കനുസൃതമായി ലഗേജുകള്‍ ശ്രദ്ധാപൂര്‍വം ടാഗ് ചെയ്ത് ക്രമീകരിക്കല്‍, മക്കയിലും മദീനയിലും എത്തുമ്പോള്‍ തീര്‍ഥാടകരെ നേരിട്ട് അവരുടെ താമസസ്ഥലങ്ങളിലേക്കെത്തിക്കല്‍ തുടങ്ങിയ സേവനങ്ങളാണ് പദ്ധതിയിലൂടെ ലഭിക്കുന്നത്.
വിദേശകാര്യം, ആരോഗ്യം, ഹജ്ജ്, ഉംറ, ഇന്‍ഫര്‍മേഷന്‍ മന്ത്രാലയങ്ങള്‍, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍, സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി, സഊദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി (എസ് ഡി എ ഐ എ), ജനറല്‍ അതോറിറ്റി ഓഫ് എന്‍ഡോവ്മെന്റ്സ്, ഹജ്ജ് സര്‍വീസ് പ്രോഗ്രാം, ജനറല്‍ പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.


