Connect with us

State youth festival

സ്‌കൂള്‍ കലോത്സവം വൈവിധ്യങ്ങളുടെ ആഘോഷമാക്കുക: മുഖ്യമന്ത്രി

മാറ്റങ്ങളെ ഉള്‍ക്കൊണ്ടാണ് മത്സരവേദി മുന്നോട്ട് പോകുന്നത്. അടുത്ത വര്‍ഷം മുതല്‍ ഗോത്ര കലകള്‍ കൂടി മത്സരത്തില്‍ ഉണ്ടാവുമെന്നും മുഖ്യമന്ത്രി

Published

|

Last Updated

കൊല്ലം| നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യയുടെ വൈവിധ്യത്തിന്റെ സൗന്ദര്യം ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്ന ഈ ഘട്ടത്തില്‍ സ്‌കൂള്‍ കലോത്സവത്തെ വൈവിധ്യങ്ങളുടെ ആഘോഷമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  സംസ്ഥാന സ്‌കൂള്‍ കലോത്സവം കൊല്ലം അശ്രാമം മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഒരുഭാഷ, ഒരു ഭക്ഷണം, ഒരു സംസ്‌കാരം എന്ന് ഒറ്റ കള്ളികളിലേക്ക് ചുരുക്കി ഏകത്വം നടപ്പാക്കാനാണ് ശ്രമം നടക്കുന്നത്. കുഞ്ഞുങ്ങള്‍ ഭൂമിയിലെ മനോഹര പുഷ്പങ്ങളെന്നാണ് പ്രശസ്ത സാഹിത്യകാരന്‍ മാക്‌സിങ് ഗോര്‍ക്കി കുറിച്ചത്. കുട്ടികളുടെ കലാ സപര്യ പോയിന്റുകള്‍ നേടാന്‍ മാത്രമല്ല. കുഞ്ഞുങ്ങളുടെ വ്യക്തിത്വം വികസനം ലക്ഷ്യമാക്കുന്നതാണ് ഓരോ മത്സര വേദിയും.

കുട്ടികള്‍ക്കിടയില്‍ ഭേദാ ചിന്തകളോ ദൂഷിത വലയമോ ഇല്ല. ലഹരിയില്‍ കുഞ്ഞുങ്ങള്‍ അകപ്പെട്ടു പോകുന്നില്ല എന്ന് ഉറപ്പാക്കണം. ആരോഗ്യകരമായ ജീവിതം നയിക്കാന്‍ കുട്ടികളെ സന്നദ്ധമാക്കണം.
കവി ഒ എന്‍ വി, ഒ മാധവന്‍, കെ എസ് ജോര്‍ജ്, വി സംബശിവന്‍ തുടങ്ങിയ പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ നാട്. മയൂര സന്ദേശത്തിന്റെ ഭൂമികയില്‍ മയില്‍പീലി വീണ ഇടം എന്ന നിലയിലാണ് കൊല്ലത്തിന്റെ കലാ പാരമ്പര്യ ഇത്രമേല്‍ പ്രൗഢമായത് എന്ന് കവി വൈലോപ്പിള്ളി പറഞ്ഞിട്ടുണ്ട്.

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം ആദ്യമായി അരങ്ങേറിയത് ചവറ തട്ടശ്ശേരിയിലാണ്. അധിനിവേശ വിരുദ്ധ സമരങ്ങളുടെ ഉജ്ജ്വലമായ പാരമ്പര്യം കൊല്ലത്തിനുണ്ട്. ഈ നവോത്ഥാന പൈതൃകത്തില്‍ അധിഷ്ഠിതമായ സ്‌നേഹവും ഐക്യവും വേദിയില്‍ തെളിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാറ്റങ്ങളെ ഉള്‍ക്കൊണ്ടാണ് മത്സരവേദി മുന്നോട്ട് പോകുന്നത്. അടുത്ത വര്‍ഷം മുതല്‍ ഗോത്ര കലകള്‍ കൂടി മത്സരത്തില്‍ ഉണ്ടാവുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായിരുന്നു. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍, റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍, ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍, പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, സിനിമാനടി നിഖില വിമല്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു.

മേയര്‍ പ്രസന്ന ഏണസ്റ്റ്, എംപിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, എ എം ആരിഫ്, എംഎല്‍എമാരായ എം മുകേഷ്, എം നൗഷാദ്, സുജിത് വിജയന്‍പിള്ള, ജി എസ് ജയലാല്‍, കോവൂര്‍ കുഞ്ഞുമോന്‍, പി എസ് സുപാല്‍, പി സി വിഷ്ണുനാഥ്, സി ആര്‍ മഹേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ എസ് ഷാനവാസ്, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, ഡിവിഷന്‍ കൗണ്‍സിലര്‍ ഹണി ബഞ്ചമിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

രാവിലെ ഒന്‍പതിന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് പതാക ഉയര്‍ത്തി. തുടര്‍ന്ന് ഗോത്ര കലാവിഷ്‌കാരവും ഭിന്നശേഷി കുട്ടികളുടെ കലാവിരുന്ന്, സിനിമാനടി ആശാ ശരത്തും സ്‌കൂള്‍ വിദ്യാര്‍ഥികളും അവതരിപ്പിച്ച സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരവും ഉണ്ടായിരുന്നു. സ്വാഗതഗാനരചന, നൃത്താവിഷ്‌കാരം, ലോഗോ, കൊടിമരം എന്നിവ തയ്യാറാക്കിയവരെ ആദരിച്ചു.

 

 

 

 

 

Latest