കവിത
ഗാന്ധി കൊല്ലപ്പെട്ട രാത്രി
ഇനിയൊരു പുലരിയിൽ ഉയിർത്തെഴുന്നേറ്റ് വന്ന് ഈ ഭൂമിയെ തൊട്ടുണർത്തി തിരികെ തരുമോ? ഗാന്ധിയെ
ആ രാത്രിയായിരിക്കണം
അന്നേ വരെയുള്ളതിൽ
ഭൂമി ഏറ്റവും
നിശബ്ദമായ രാത്രി…
ആ രാത്രിയായിരിക്കണം
അന്നേ വരെയുള്ളതിൽ
ഇരുൾ തിണർത്ത്
ഏറ്റവും കറുത്ത രാത്രി…
ആ രാത്രിയായിരിക്കണം
അന്നേ വരെയുള്ളതിൽ
ഏറ്റവും
അനാഥത്വം നിറഞ്ഞ രാത്രി…
ആ രാത്രിയായിരിക്കണം
അന്നേ വരെയുള്ളതിൽ
പകയാൽ
രണ്ടായി മുറിഞ്ഞൊരു രാത്രി…
ആ രാത്രിയായിരിക്കണം
അന്നേ വരെയുള്ള
സ്വാതന്ത്ര്യം
പകുത്തെടുത്ത്
നാമീ ഭൂപടത്തിൽ
അതിർവരമ്പിട്ടളന്ന്
മുറിച്ച രാത്രി…
ഗാന്ധി കൊല്ലപ്പെട്ട രാത്രി.
എത്ര കഴിഞ്ഞിട്ടും
വല്ലാത്തൊരു ഭയം
നമ്മെ
ചുഴറ്റുന്നു…
ഇനിയൊരു
പുലരിയിൽ
ഉയിർത്തെഴുന്നേറ്റ് വന്ന്
ഈ ഭൂമിയെ
തൊട്ടുണർത്തി
തിരികെ തരുമോ?
ഗാന്ധിയെ
Content Highlights:
This moving poem reflects on the terrifying night Mahatma Gandhi was assassinated, depicting it as the darkest and most orphan-like moment in history. It highlights how hatred divided the nation’s freedom and questions if Gandhi’s spirit will ever return to heal the world.

