Connect with us

editorial

മദ്‌റസാ ആക്ട് കേസും സിംഗ്‌വിയുടെ ചോദ്യവും

ഇത്തരം കേസുകളുടെ നടത്തിപ്പിൽ തുടക്കത്തിൽ മതേതരത്വം ഉയർത്തിപ്പിടിക്കുന്ന ചില പരാമർശങ്ങൾ നടത്തി സുപ്രീം കോടതി നിഷ്പക്ഷമാണെന്ന് വരുത്തിത്തീർക്കുകയും അന്തിമ വിധിയിൽ ഹിന്ദുത്വത്തിന് പൂർണമായി വിധേയപ്പെടുകയും ചെയ്യുന്ന അനുഭവങ്ങൾ നമ്മുടെ മുമ്പിലുണ്ട്. ഈ കേസിന് അത്തരമൊരു ദുർഗതി വരില്ലെന്ന് പ്രതീക്ഷിക്കാം.

Published

|

Last Updated

“യു പി മദ്‌റസാ എജ്യുക്കേഷൻ ആക്ട്’ കേസിൽ, ആക്ട് റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി സുപ്രീം കോടതിയിൽ നടത്തിയ ചില പരാമർശങ്ങളും ചോദ്യങ്ങളും പ്രസക്തമാണ്. മതപഠനം മതേതരത്വത്തിനെതിരാണെന്ന് കുറ്റപ്പെടുത്തിയാണ് അലഹബാദ് ഹൈക്കോടതി “യു പി മദ്‌റസാ എജ്യുക്കേഷൻ ആക്ട്’റദ്ദാക്കിയത്. എങ്കിൽ ഹൈന്ദവ ദർശനങ്ങൾ പഠിപ്പിക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഗുരുകുലങ്ങൾ അടച്ചു പൂട്ടാൻ ഹൈക്കോടതി ഉത്തരവിടുമോയെന്ന് സിംഗ്‌വി ചോദിച്ചു. ഹരിദ്വാറിലും ഋഷികേശിലും ഗുരുകുലങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എന്റെ പിതാവ് അവിടെ നിന്നാണ് ബിരുദം നേടിയത്. മതാധ്യാപനങ്ങൾ പഠിപ്പിക്കുന്നുണ്ട് ഗുരുകുലങ്ങളിലെന്ന് സിംഗ്‌വി ചൂണ്ടിക്കാട്ടി.

മതപഠനം മതേതരത്വത്തിനെതിരായതു കൊണ്ടല്ല, മറ്റു ചില ബാഹ്യതാത്പര്യങ്ങളാണ് അലഹബാദ് ഹൈക്കോടതി വിധിക്കു പ്രേരകമെന്നാണ് സിംഗ്‌വി സമർഥിക്കുന്നത്. ഹൈക്കോടതി വിധി സ്റ്റേ ചെയ്ത സുപ്രീം കോടതി ഉത്തരവിൽ സിംഗ്‌വിയുടെ ഈ വാദത്തിനു അടിവരയിടുകയും ചെയ്യുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച്. നിയമതത്ത്വങ്ങൾക്കപ്പുറം ബാഹ്യതാത്പര്യങ്ങളാണ് “മദ്‌റസാ എജ്യുക്കേഷൻ ആക്ട്’ റദ്ദാക്കിയ ഹൈക്കോടതി നിലപാടിൽ മുഴച്ചു നിൽക്കുന്നതെന്ന് സുപ്രീം കോടതി വരികൾക്കിടയിലൂടെ പറയുന്നു. മദ്‌റസാ വിദ്യാർഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനെക്കുറിച്ചാണ് ഹൈക്കോടതിക്ക് ആശങ്കയെങ്കിൽ മദ്‌റസ ബോർഡ് നിയമം റദ്ദാക്കുകയായിരുന്നില്ല, മദ്‌റസകളിൽ മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നതിനു നടപടി സ്വീകരിക്കുകയായിരുന്നു കോടതി ചെയ്യേണ്ടിയിരുന്നതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

യു പി മദ്‌റസ ബോർഡ് നിയമത്തിലെ വ്യവസ്ഥകൾ അലഹബാദ് ഹൈക്കോടതി തെറ്റായാണ് വ്യാഖ്യാനിച്ചതെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിലയിരുത്തി. പ്രസ്തുത നിയമം ഒരു മതശാസനയും മുന്നോട്ടുവെക്കുന്നില്ല. മദ്‌റസകളുടെ സ്വഭാവം നിയന്ത്രിക്കുക മാത്രമാണ് നിയമത്തിന്റെ ലക്ഷ്യമെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് നിരീക്ഷിച്ചു.
സംഘ്പരിവാറിന്റെ മുസ്‌ലിം വിദ്വേഷത്തിന്റെയും വംശഹത്യാ പദ്ധതിയുടെയും ഭാഗമാണ് യഥാർഥത്തിൽ ബി ജെ പി ഭരിക്കുന്ന ഉത്തർപ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ മദ്‌റസകളുടെ നടത്തിപ്പ് തടസ്സപ്പെടുത്താനും മദ്‌റസാ പ്രസ്ഥാനം തന്നെ നിരോധിക്കാനുമുള്ള സർക്കാർ നീക്കം.

“ആധുനിക ഇന്ത്യക്ക് മദ്‌റസകൾ വേണ്ട. മദ്‌റസകളല്ല ഡോക്ടർമാരെയും എൻജിനീയർമാരെയുമാണ് രാജ്യത്തിനാവശ്യ’മെന്ന ബി ജെ പി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമയുടെ വാക്കുകളിൽ പ്രകടമാണ് അവരുടെ ഉള്ളിലിരുപ്പ്. മദ്‌റസകളിൽ ആധുനിക വിദ്യാഭ്യാസം നൽകുന്നില്ല; തീവ്രവാദവും ഭീകരവാദവും പഠിപ്പിക്കുന്നു; സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് മദ്‌റസകൾ നടത്തുന്നതെന്നതിനാൽ് നിയന്ത്രണം കൊണ്ടുവരാൻ ഭരണകൂടങ്ങൾക്ക് അവകാശമുണ്ട്; എന്നൊക്കെയാണ് മ്ദറസകൾക്കെതിരായ നീക്കത്തിനു ബി ജെ പി സർക്കാറുകളും സംഘ്പരിവാർ കേന്ദ്രങ്ങളും പറയുന്ന ന്യായം.

യു പിയിൽ മദ്‌റസാ വിദ്യാഭ്യാസ ബോർഡ് അംഗീകാരം ലഭിച്ച 16,500ൽ പരം വരുന്ന മദ്‌റസകളിൽ 560 എണ്ണത്തിന് മാത്രമാണ് പരിമിതമായ സർക്കാർ സഹായം ലഭിക്കുന്നത്. ബാക്കി മദ്‌റസകളത്രയും മാനേജ്‌മെന്റുകൾ സ്വന്തം ചെലവിൽ നടത്തുന്നതാണ്. നടത്തിപ്പ് പൂർണമായും സർക്കാർ ഫണ്ട് കൊണ്ടാണെങ്കിൽ മാത്രമേ ഭരണഘടനയുടെ 28ാം അനുഛേദ പ്രകാരം സർക്കാറുകൾക്ക് നടത്തിപ്പിൽ നിയന്ത്രണം കൊണ്ടുവരാനാകുകയുള്ളൂ. മുൻ അറ്റോർണി ജനറൽ മുകുൾ രോഹ്തഗി സുപ്രീംകോടതിയിൽ ബോധിപ്പിച്ചതാണ് ഇക്കാര്യം. ഇതടിസ്ഥാനത്തിൽ ഭരണഘടനാ വിരുദ്ധവും ജനാധിപത്യപരമായ അവകാശങ്ങളുടെ ലംഘനവുമാണ് യു പിയിലെ മദ്‌റസാ ബോർഡുകൾക്കെതിരായ യോഗി സർക്കാർ നീക്കം.

മദ്‌റസകളിൽ ആധുനിക വിദ്യാഭ്യാസം നൽകുന്നില്ലെന്ന ആരോപണവും ശുദ്ധ അസംബന്ധമാണ്. കണക്ക്, ഇംഗ്ലീഷ്, ശാസ്ത്രം തുടങ്ങിയ ഭൗതിക വിഷയങ്ങൾക്കു പുറമെ ഹിന്ദിയും പഠിപ്പിക്കുന്നുണ്ട് യു പിയിലെ മദ്‌റസകളിൽ. വിദ്യാർഥികൾക്ക് ധാർമിക വിദ്യാഭ്യാസം നൽകി മൂല്യബോധമുള്ള ഉത്തമ പൗരന്മാരായി വാർത്തെടുക്കുന്നതിന് പുറമെ ആധുനിക വിദ്യാഭ്യാസം നൽകി അവരുടെ ഭാവി ഭദ്രമാക്കുക കൂടി ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് യു പിയിലും അസമിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും മദ്‌റകൾ നടത്തി വരുന്നത്. നിരവധി മുസ്‌ലിമേതര വിദ്യാർഥികളും മ്ദറസകളിൽ പഠനം നടത്തുന്നുണ്ട്.

സ്‌കൂൾ പ്രവേശനം നേടാനാകാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന മുസ്‌ലിം- മുസ്‌ലിമേതര ബാല്യങ്ങളെ രാജ്യത്തിനു മുതൽക്കൂട്ടാക്കുന്ന തരത്തിൽ വളർത്തിക്കൊണ്ടു വരാൻ മദ്‌റസകൾക്കു സാധിച്ചിട്ടുണ്ട്. ഇത്തരം വസ്തുതകൾക്കു നേരെ കണ്ണടച്ചു കേവല വർഗീയ വിരോധത്തിന്റെ പേരിൽ മാത്രമാണ് ബി ജെ പി സർക്കാറുകൾ മദ്‌റസകളുടെ പ്രവർത്തനം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നത്. അലഹബാദ് ഹൈക്കോടതിയെ പോലുള്ള നീതിന്യായ സ്ഥാപനങ്ങളുടെ നിലപാട് ജുഡീഷ്യറിക്കു ബാധിച്ച പുഴുക്കുത്തിലേക്കും ഹിന്ദുത്വ സ്വാധീനത്തിലേക്കും വിരൽ ചൂണ്ടുന്നു.

ഉത്തർപ്രദേശിലെ പതിനേഴ് ലക്ഷത്തിലേറെ വരുന്ന മദ്‌റസാ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സ്ഥാപന നടത്തിപ്പുകാർക്കും താത്കാലിക ആശ്വാസം പകരുന്നു ഹൈക്കോടതി വിധി സ്റ്റേ ചെയ്ത സുപ്രീം കോടതി നടപടി. എങ്കിലും സുപ്രീം കോടതിയുടെ അന്തിമ വിധിയെ ആശ്രയിച്ചിരിക്കുന്നു അവയുടെ ഭാവി. ഇത്തരം കേസുകളുടെ നടത്തിപ്പിൽ തുടക്കത്തിൽ മതേതരത്വം ഉയർത്തിപ്പിടിക്കുന്ന ചില പരാമർശങ്ങൾ നടത്തി സുപ്രീം കോടതി നിഷ്പക്ഷമാണെന്നു വരുത്തിത്തീർക്കുകയും അന്തിമ വിധിയിൽ ഹിന്ദുത്വത്തിനു പൂർണമായി വിധേയപ്പെടുകയും ചെയ്യുന്ന അനുഭവങ്ങൾ നമ്മുടെ മുമ്പിലുണ്ട്. ഈ കേസിന് അത്തരമൊരു ദുർഗതി വരില്ലെന്ന് പ്രതീക്ഷിക്കാം.

Latest