Connect with us

National

മദ്യനയ അഴിമതിക്കേസ്; അറസ്റ്റ് ചോദ്യം ചെയ്തുള്ള കെജ്രിവാളിന്റെ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

അതേസമയം കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കുന്ന അരവിന്ദ് കെജ്രിവാളിനെ ഇന്ന് ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കും.

Published

|

Last Updated

ന്യൂഡല്‍ഹി| മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത നടപടിയെ ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹരജി തള്ളിയ ഡല്‍ഹി ഹൈക്കോടതി നടപടി ചോദ്യം ചെയ്താണ് കെജ്രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിക്കുക. തിഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ തന്നെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രേരണയാലാണെന്നാണ് കെജ്രിവാളിന്റെ വാദം.

അതേസമയം കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കുന്ന അരവിന്ദ് കെജ്രിവാളിനെ ഇന്ന് ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കും. അതിനിടെ പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മന്നിന് കെജ്രിവാളിനെ ബിഹാര്‍ ജയിലില്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കി. ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് സന്ദര്‍ശിക്കാനുള്ള അനുമതിയാണ് ലഭിച്ചത്.

മദ്യനയ അഴിമതിക്കേസില്‍ മാര്‍ച്ച് 21നാണ് കെജ്രിവാളിനെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് ഇഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ അന്ന് രാത്രി തന്നെ കെജ്രിവാള്‍ ഐഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. പാസ്വേഡ് ഇഡി ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തു. തന്റെ മൊബൈല്‍ ഫോണ്‍ ഡാറ്റയും ചാറ്റുകളും ആക്സസ് ചെയ്യുന്നതിലൂടെ ആംആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രവും വിശദാംശങ്ങളും ഇ.ഡിക്ക് ലഭിക്കുമെന്ന് കെജ്രിവാള്‍ നേരത്തെ പറഞ്ഞിരുന്നു.

അതേസമയം മദ്യനയ അഴിമതിക്കേസില്‍ കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കുന്ന കെ കവിതയെയും സിബിഐ ഇന്ന് റേസ് അവന്യൂ കോടതിയില്‍ ഹാജരാക്കും. ചോദ്യം ചെയ്യലുമായി കവിത സഹകരിക്കുന്നില്ലെന്നാണ് സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി കവിതയെ മൂന്നുദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ ആവശ്യപ്പെടുമെന്നും സൂചനയുണ്ട്.