Business
ലിങ്ക്ഡ്ഇന്‍; 716 പേര്‍ക്ക് ജോലി നഷ്ടമാവും
കഴിഞ്ഞ രണ്ട് പാദങ്ങളായി വരുമാനം വര്‍ധിച്ചിട്ടും ജീവനക്കാരെ കമ്പനി പിരിച്ചുവിടാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ന്യൂഡല്‍ഹി| ഉദ്യോഗാര്‍ത്ഥികളെ ജോലി കണ്ടെത്താന്‍ സഹായിക്കുന്ന മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ജോബ് പ്ലാറ്റ്‌ഫോമാണ് ലിങ്ക്ഡ്ഇന്‍. ഇപ്പോള്‍ ലിങ്ക്ഡ്ഇന്നില്‍ 716 തസ്തികകളില്‍ ഉള്ളവരുടെ ജോലി നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലിങ്ക്ഡ്ഇന്‍ ഫെബ്രുവരിയില്‍ ആദ്യ റൗണ്ട് പിരിച്ചുവിടലുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇത് റിക്രൂട്ടിംഗ് ടീമിനെയാണ് പ്രധാനമായും ബാധിച്ചത്.
ലിങ്ക്ഡ്ഇന്‍ ജോബ് പ്ലാറ്റ്ഫോമില്‍ ഏകദേശം 20,000 ജീവനക്കാരുണ്ട്. കഴിഞ്ഞ രണ്ട് പാദങ്ങളായി വരുമാനം വര്‍ധിച്ചിട്ടും ജീവനക്കാരെ കമ്പനി പിരിച്ചുവിടാന്‍ തീരുമാനിച്ചിരിക്കുകയാണ്. തസ്തികകള്‍ വെട്ടിക്കുറക്കാനുള്ള നീക്കം കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും വേഗത്തിലുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണെന്ന് ലിങ്ക്ഡ്ഇന്‍ സിഇഒ റയാന്‍ റോസ്ലാന്‍സ്‌കി പറഞ്ഞു. കമ്പനി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ജോലി നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് വീണ്ടും അപേക്ഷിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


