Kerala
കെ എസ് ആര്‍ ടി സി വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി; മൂന്ന് മാസത്തിനകം സർക്കാർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി
രണ്ട് ദിവസം ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി അനുവദിക്കണമെന്നാവാശ്യപ്പെട്ടാണ് കെ എസ് ആര്‍ ടി സിയിലെ വനിത കണ്ടക്ടര്‍മാര്‍ ഹരജി നല്‍കിയത്.
കൊച്ചി| കെ എസ് ആര്‍ ടി സിയിലെ വനിതാ കണ്ടക്ടര്‍മാരുടെ ആര്‍ത്തവ അവധിയില്‍ മൂന്നുമാസത്തിനകം തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. രണ്ട് ദിവസം ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി അനുവദിക്കണമെന്നാവാശ്യപ്പെട്ടാണ് കെ എസ് ആര്‍ ടി സിയിലെ വനിത കണ്ടക്ടര്‍മാര്‍ ഹരജി നല്‍കിയത്. വനിത കണ്ടക്ടര്‍മാരായ എസ് എസ് ആശ, എസ് ശ്രീന, എം സജല തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
വനിതാ കണ്ടക്ടര്‍മാര്‍ക്ക് പ്രതിദിനം എട്ട് മുതല്‍ 16 മണിക്കൂര്‍ വരെ ദീര്‍ഘനേരം നിന്ന് ജോലി ചെയ്യേണ്ടി വരുന്നുണ്ടെന്നും, തിരക്കേറിയ ബസുകളിലെ ജോലി കാരണം ആര്‍ത്തവ ദിനങ്ങളില്‍ കടുത്ത ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബീഹാര്‍, ഒഡീഷ, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് സമാനമായ രീതിയില്‍ ആര്‍ത്തവാവധി ലഭിക്കുന്നുണ്ടെന്ന കാര്യവും ഹരജിയില്‍ പറയുന്നു.
ഹര്‍ജിക്കാരെയും കെ എസ് ആര്‍ ടി സിയേയും കേട്ട് തീരുമാനമെടുക്കാനാണ് ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവ്. വനിത കണ്ടക്ടര്‍മാര്‍ക്ക് അനുയോജ്യമായ രീതിയിലുള്ള ആര്‍ത്തവ അവധി നയത്തിന് സര്‍ക്കാര്‍ രൂപം നല്‍കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
ഏറെ നേരം നില്‍ക്കുകയും തുടര്‍ച്ചയായി ചലിക്കുകയുമൊക്കെ വേണ്ടതാണ് കണ്ടക്ടര്‍മാരുടെ ജോലി. വൃത്തിയുള്ള വിശ്രമ സൗകര്യമടക്കം പരിമിതമാണ്. സ്ത്രീ ജീവനക്കാരില്‍ ആര്‍ത്തവം ചെലുത്തുന്ന ശാരീരികവും മാനസികവുമായ ആഘാതങ്ങളെ അംഗീകരിക്കുന്ന പുരോഗമനപരമായ ക്ഷേമ നടപടിയാണ് ആര്‍ത്തവ അവധി.
സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കുന്നതിനും നീതിയുക്തവും മാനുഷികവുമായ തൊഴില്‍ സാഹചര്യങ്ങള്‍ ഉറപ്പാക്കുന്നതിനും പിന്തുണയേകുന്ന ഇന്ത്യന്‍ ഭരണഘടനയിലെ വ്യവസ്ഥകളുമായി ഒത്തുപോകുന്നതാണ് ആര്‍ത്തവ അവധി എന്നും കോടതി പറഞ്ഞു. അതുകൊണ്ട് തന്നെ മൂന്ന് മാസത്തിനകം സര്‍ക്കാര്‍ ഇതില്‍ തീരുമാനമെടുക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
Content Highlights:
The Kerala High Court directed the government to decide on granting two days of paid menstrual leave for women conductors in KSRTC within three months. Justice Viju Abraham emphasized ensuring humane working conditions for female employees. The order follows a petition filed by women conductors.




