Kerala
കോട്ടയത്ത് നവജാത ശിശുക്കളെ വില്‍ക്കുന്നെന്ന പരാതി: അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും
സംഭവത്തില്‍ രണ്ടാമത്തെ എഫ്ഐആര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു.
കോട്ടയം|കോട്ടയത്ത് നവജാതശിശുക്കളെ വില്‍ക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നെന്ന പരാതിയില്‍ അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും. സംഭവത്തില്‍ രണ്ടാമത്തെ എഫ്ഐആര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. നവജാത ശിശുവിനെ വില്‍പന നടത്തിയതിനാണ് കേസ്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ തൊടുപുഴയില്‍ ഇതരസംസ്ഥാനത്ത് നിന്നുള്ള യുവതി പ്രസവിച്ച കുഞ്ഞിനെയാണ് സംഘം വില്‍പന നടത്തിയത്.
കഴിഞ്ഞ ദിവസം അസം സ്വദേശിയായ 22കാരി നല്‍കിയ പരാതിയിലെ അന്വേഷണത്തിലാണ് രണ്ട് യുവതികള്‍ പ്രസവിച്ച കുഞ്ഞുങ്ങളുടെ വില്‍പന നടന്നിട്ടുണ്ടെന്ന വിവരം പോലീസിന് ലഭിച്ചത്. ഇതില്‍ ഒരു സംഭവത്തിലാണ് ഇപ്പോള്‍ കോട്ടയം പോലീസ് സീറോ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് തൊടുപുഴ പോലീസിന് കൈമാറിയത്.
തൊടുപുഴ സ്റ്റേഷന്‍ പരിധിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് രണ്ടാമത്തെ യുവതിയുടെ പ്രസവം നടന്നത്. ഈരാറ്റുപേട്ട കേസിലെ പ്രതി രാജനെയും മറ്റ് നാലു പേരെയും ചേര്‍ത്താണ് രണ്ടാമത്തെ കേസ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുട്ടികളെ കേരളത്തില്‍ തന്നെയാണ് വില്‍പന നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ഈ കേസിലും ഇടനിലക്കാരിയായത് കൊല്ലം സ്വദേശിനിയായ അനീനയാണ്.
ഇതരസംസ്ഥാനത്ത് നിന്നുള്ള കുട്ടികളെ വേണ്ടാത്ത യുവതികളെ സാമൂഹിക മാധ്യമങ്ങളിലൂടെ കണ്ടെത്തുകയും തുടര്‍ന്ന് ഇവരുമായി നിരന്തരം ചാറ്റ് ചെയ്ത് കേരളത്തിലെത്തിക്കുകയാണ് സംഘത്തിന്റെ രീതി. നിലവില്‍ ഈരാറ്റുപേട്ടയിലേത് അടക്കം മൂന്ന് കേസുകളാണ് അന്വേഷണ പരിധിയിലുള്ളത്.
ഭര്‍തൃവീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഗര്‍ഭഛിദ്രം നടത്താന്‍ തയ്യാറാകാത്തതിനാലാണ് പരാതിക്കാരിയായ യുവതിക്ക് അസമിലെ ഭര്‍തൃവീട്ടില്‍ നിന്ന് ഇറങ്ങേണ്ടി വന്നത്. രണ്ടാമതും ഗര്‍ഭിണിയായ യുവതിയോട് ഭര്‍തൃവീട്ടുകാര്‍ ഗര്‍ഭം അലസിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വീടുവിട്ടിറങ്ങിയ യുവതിയുമായി സാമൂഹിക മാധ്യമങ്ങളിലൂടെയാണ് സംഘം പരിചയപ്പെട്ടത്. ഒരു സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകര്‍ എന്ന വ്യാജേനയാണ് യുവതിയെ സംഘം സമീപിച്ചത്. സംരക്ഷണം നല്‍കാമെന്ന വാഗ്ദാനം നല്‍കി യുവതിയെ സംഘം കോട്ടയത്തെ തീക്കോയിയിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
തീക്കോയിയിലെ ആളൊഴിഞ്ഞ ഒരു വീട്ടിലാണ് പ്രതികള്‍ യുവതിയെ താമസിപ്പിച്ചിരുന്നത്. പ്രസവം കഴിഞ്ഞാല്‍ കുഞ്ഞിനെ തങ്ങള്‍ക്ക് കൈമാറണമെന്ന് ഇവര്‍ യുവതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ കുഞ്ഞിനെ നല്‍കാന്‍ കഴിയില്ലെന്ന് യുവതി പറഞ്ഞതോടെ പ്രതികള്‍ മര്‍ദിച്ചുവെന്നും പരാതിയില്‍ പറയുന്നു. ഈ വീട്ടില്‍ തന്നെ മറ്റ് രണ്ട് ഗര്‍ഭിണികള്‍ കൂടി ഉണ്ടായിരുന്നതായി യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളുടെ ഭീഷണിയും മര്‍ദനവും സഹിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് യുവതി കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് നേരിട്ട് പരാതി നല്‍കിയത്. കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഈരാറ്റുപേട്ട പോലീസ് തിരുനെല്‍വേലി സ്വദേശി രാജന്‍, വാഗമണ്‍ സ്വദേശി അര്‍ജുന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു. രണ്ടാമത്തെ കേസില്‍ അര്‍ജുന്റെ പങ്ക് വ്യക്തമല്ല.
Content Highlights:
Police expanded investigation into a newborn baby selling racket in Kottayam after registering a second FIR. The gang targeted vulnerable women via social media, promising shelter before selling infants. Two suspects were detained following a complaint by an Assam woman forced into the racket.


