Kerala
കൊച്ചി മെട്രോയുടെ പേരുമാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടില്ല; വിശദീകരണവുമായി കെ എം ആര്‍ എല്‍
സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ സമ്മതത്തോടെ മാത്രം പേരുമാറ്റമെന്നും കെ എം ആര്‍ എല്‍ വ്യക്തമാക്കി
കൊച്ചി | കൊച്ചി മെട്രോയുടെ പേരുമാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന വിശദീകരണവുമായി കെ എം ആര്‍ എല്‍. ഒരു സംസ്ഥാനത്തെ വിവിധ നഗരങ്ങളില്‍ ഒന്നിലധികം മെട്രോ സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍ അവിടെ ഒരു മെട്രോ റെയില്‍ കമ്പനി മാത്രമേ പാടുള്ളൂ എന്നത് കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശമാണ്. സംസ്ഥാനം ഈ നിര്‍ദ്ദേശം തള്ളിയാല്‍ വിഷയം അവിടെ തീരുമെന്നും കെ എം ആര്‍ എല്‍ വാര്‍ത്ത കുറിപ്പിലൂടെ വ്യക്തമാക്കി.
പേര് മാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശ കേന്ദ്ര നിര്‍ദേശ പ്രകാരം എന്ന രീതിയില്‍ വരുന്ന വാര്‍ത്ത തെറ്റാണ്. പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു സംസ്ഥാനത്തിനും കേന്ദ്ര നിര്‍ദേശം നല്‍കിയിട്ടില്ല. ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് തെറ്റിദ്ധാരണയെ തുടര്‍ന്നുള്ള വിവാദമാണ്. കൊച്ചി മെട്രോ എന്നുള്ള പേര് തുടരും. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ സമ്മതത്തോടെ മാത്രം പേരുമാറ്റമെന്നും കെ എം ആര്‍ എല്‍ വ്യക്തമാക്കി.
കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളിലൂടെയാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതെന്നും പേര് മാറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു തരത്തിലുള്ള ആലോചനകളും നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Content Highlights:
KMRL clarified that the Central Government has not directed to change the name of Kochi Metro. The controversy arose due to a misunderstanding regarding urban transport guidelines. Chief Minister VD Satheesan also confirmed that no proposal to rename Kochi Metro is currently under consideration.


