Connect with us

editorial

സുതാര്യമാകണം കലോത്സവത്തിലെ വിധിനിര്‍ണയങ്ങള്‍

കുട്ടികളുടെ സര്‍ഗാത്മക വികാസത്തിനുള്ള വേദികളാണ് കലോത്സവങ്ങള്‍. അത് രക്ഷിതാക്കളുടെ സ്വാര്‍ഥ താത്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനും പരിശീലകരുടെ വാണിജ്യ താത്പര്യങ്ങള്‍ സംരക്ഷിക്കാനുമുള്ള പോര്‍ക്കളങ്ങളായി മാറരുത്.

Published

|

Last Updated

കേരളത്തിന്റെ സാംസ്‌കാരിക ഭൂപടത്തില്‍ അതുല്യസ്ഥാനമാണ് സ്‌കൂള്‍ കലോത്സവങ്ങള്‍ക്കുള്ളത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര മേളയെന്നാണ് ഇതിനെ വിശേഷിപ്പിക്കുക. അതേസമയം സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സര്‍ഗാത്മകതയുടെ മാറ്റുരക്കലും ആഘോഷവും എന്നതിലുപരി അനാരോഗ്യകരമായ മത്സരബുദ്ധിയുടെയും അഴിമതിയുടെയും കോടതി വ്യവഹാരങ്ങളുടെയും വേദിയായി ഇത് മാറിയിരിക്കുകയാണെന്ന പരാതി വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ പ്രശ്‌നത്തില്‍ ഇടപെട്ടതും കലോത്സവത്തിന്റെ സുതാര്യമായ നടത്തിപ്പിന് ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചതും.

കലോത്സവത്തില്‍ ഓരോ മത്സരാര്‍ഥിക്കും ഗ്രൂപ്പിനും വിധികര്‍ത്താക്കള്‍ രേഖപ്പെടുത്തിയ മാര്‍ക്കുകള്‍ ഇലക്ട്രോണിക് ഡിസ്‌പ്ലേ വഴി സ്റ്റേജില്‍ പ്രദര്‍ശിപ്പിക്കണമെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. വിധികര്‍ത്താക്കളുടെ പേരും യോഗ്യതയും പരസ്യപ്പെടുത്തുകയും വേണം. കലോത്സവത്തിന്റെ പേരില്‍ വിദ്യാര്‍ഥികളില്‍ നിന്നോ രക്ഷിതാക്കളില്‍ നിന്നോ പിരിവ് നടത്തരുതെന്നാണ് മറ്റൊരു നിര്‍ദേശം. മത്സരത്തിലെ വിധികര്‍ത്താക്കളുടെ നിര്‍ണയത്തില്‍ സാംസ്‌കാരിക വകുപ്പിന്റെ പാനലിലുള്ള യോഗ്യരായ വിധികര്‍ത്താക്കളെ കൂടി പരിഗണിക്കണം. കലാരംഗത്ത് പ്രാവീണ്യമുള്ളവര്‍ ഉള്‍ക്കൊള്ളുന്ന സമിതിയെ കൊണ്ട് കലോത്സവ മാന്വല്‍ പരിഷ്‌കരിക്കണമെന്നും നിര്‍ദേശമുണ്ട്.

വിധിനിര്‍ണയത്തിലെ സുതാര്യതയില്ലായ്മയാണ് കലോത്സവങ്ങള്‍ക്കെതിരെ ഉയരുന്ന മുഖ്യപരാതി. മാതാപിതാക്കളുടെ സാമ്പത്തിക ശേഷിയും പരിശീലകരുടെ സ്വാധീനവും വിധികര്‍ത്താക്കളുടെ വഴിവിട്ട ബന്ധങ്ങളുമാണ് പലപ്പോഴും കുട്ടികളുടെ സര്‍ഗാത്മക കഴിവുകളേക്കാള്‍ വിധിനിര്‍ണയത്തില്‍ മുന്‍തൂക്കം നേടുന്നത്. മത്സരങ്ങള്‍ക്കു ശേഷം ഇഷ്ടക്കാര്‍ക്ക് അനുകൂലമായി സ്‌കോര്‍ കാര്‍ഡുകള്‍ തിരുത്തപ്പെടുന്നതായുള്ള പരാതികള്‍ വര്‍ഷങ്ങളായി ഉയരുന്നു. വിധികര്‍ത്താക്കള്‍ ആരെന്ന് അറിയാനുള്ള അവകാശം പോലും മിക്കപ്പോഴും മത്സരാര്‍ഥികള്‍ക്ക് നിഷേധിക്കപ്പെടുകയാണ്. ഈ അതാര്യതക്കും സംശയങ്ങള്‍ക്കും പരിഹാരമാണ് വിധികര്‍ത്താക്കളുടെ പേരും യോഗ്യതയും വെളിപ്പെടുത്തണമെന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവ്.

കുട്ടിയുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള മൂല്യനിര്‍ണയമാണ് വിധികര്‍ത്താവ് നല്‍കുന്ന മാര്‍ക്ക്. കലോത്സവങ്ങളില്‍ ഈ മാര്‍ക്കിന്റെ സുതാര്യതക്ക് കൂടുതല്‍ പ്രാധാന്യമുണ്ട്. കലോത്സവത്തിലെ മാര്‍ക്കും ഗ്രേഡും സ്‌കൂള്‍ പരീക്ഷകളില്‍ ഗ്രേസ് മാര്‍ക്കിന് പരിഗണിക്കുന്നതിനാല്‍ ഒരു മാര്‍ക്കിന്റെ വ്യത്യാസം പോലും കുട്ടിയുടെ തുടര്‍ന്നുള്ള വിദ്യാഭ്യാസ അവസരങ്ങളെ ബാധിച്ചേക്കാം. കലോത്സവങ്ങളുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളും അപ്പീലുകളും ഉയരുന്നതിന്റെ ഒരു പശ്ചാത്തലമിതാണ്. സാങ്കേതികവിദ്യ വളരെയേറ വളര്‍ന്ന ഇന്നത്തെ സാഹചര്യത്തില്‍ മാര്‍ക്കുകള്‍ ഇത്ര രഹസ്യമാക്കുന്നതിന്റെ പിന്നിലെ താത്പര്യമെന്താണ്? ഒരു കലാപ്രകടനത്തിന്റെ മാര്‍ക്ക് വസ്തുനിഷ്ഠമായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ളതെങ്കില്‍ അത് പുറത്തുവിടുന്നതില്‍ എന്താണ് ഭയപ്പെടാനുള്ളത്?

മത്സരത്തില്‍ വിധികര്‍ത്താക്കള്‍ക്ക് ചില പെരുമാറ്റച്ചട്ടങ്ങളും നിര്‍ദേശിച്ചിട്ടുണ്ട് ബാലാവകാശ കമ്മീഷന്‍. മത്സരത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ നിശ്ചിത ഇരിപ്പിടത്തില്‍ നിന്ന് വിധിനിര്‍ണയം നടത്തണം. വിധികര്‍ത്താക്കള്‍ തമ്മില്‍ മൊബൈല്‍ ഫോണ്‍, ടാബ്, സ്മാര്‍ട്ട് വാച്ച് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെ ആശയവിനിമയം നടത്തുകയുമരുത്. ഇടക്ക് നിശ്ചിത ഇരിപ്പിടം വിട്ട് എഴുന്നേറ്റു പോകുന്നതും മറ്റു വിധികര്‍ത്താക്കളുമായി ഒരുമിച്ചിരിക്കുന്നതും ശ്രദ്ധയില്‍ പെട്ടതാണ് ഈ നിര്‍ദേശം നല്‍കാനിടയായ സാഹചര്യമെന്നാണ് റിപോര്‍ട്ട്. ഒരാളുടെ അഭിപ്രായം മറ്റൊരാളുടെ വിലയിരുത്തലിനെ സ്വാധീനിക്കാതിരിക്കാനും നിഷ്പക്ഷവും സ്വതന്ത്രവുമാണ് വിധിനിര്‍ണയമെന്ന് ഉറപ്പ് വരുത്താനും സഹായകമാണ് ഈ നിര്‍ദേശങ്ങള്‍.

അപ്പീലില്‍ തീരുമാനമെടുക്കുന്ന നിലവിലെ രീതി പലപ്പോഴും വിമര്‍ശന വിധേയമാകാറുണ്ട്. ഇതിനും ചില പരിഹാരങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട് കമ്മീഷന്‍. വിധികര്‍ത്താക്കളുടെ മാര്‍ക്കിടലില്‍ പ്രകടമായ പിഴവോ തിരിമറിയോ ഉണ്ടായോ എന്ന് പരിശോധിച്ച് അപ്പീല്‍ തള്ളുകയോ കൊള്ളുകയോ ആണ് നിലവിലെ രീതി. ഇതിനു പകരം പരാതിക്കാരന്റെയും ഒന്നാം സ്ഥാനം നേടിയ കുട്ടിയുടെയും പ്രകടനങ്ങളുടെ വീഡിയോ താരതമ്യം ചെയ്തുവേണം അപ്പീലില്‍ വിധി കല്‍പ്പിക്കേണ്ടതെന്നാണ് നിര്‍ദേശം. മത്സരം അവസാനിച്ച് മൂന്ന് ദിവസത്തിനകം അപ്പീലില്‍ ഉത്തരവ് നല്‍കിയിരിക്കണമെന്നും അപ്പീല്‍ തീരുമാനത്തിന്റെ കാരണങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തണമെന്നും നിര്‍ദേശത്തിലുണ്ട്. ഇത് അപ്പീല്‍ കമ്മിറ്റിയുടെ സുതാര്യത ഉറപ്പാക്കും.

കുട്ടികളുടെ സര്‍ഗാത്മക വികാസത്തിനുള്ള വേദികളാണ് കലോത്സവങ്ങള്‍. അത് രക്ഷിതാക്കളുടെ സ്വാര്‍ഥ താത്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനും പരിശീലകരുടെ വാണിജ്യ താത്പര്യങ്ങള്‍ സംരക്ഷിക്കാനുമുള്ള പോര്‍ക്കളങ്ങളായി മാറരുത്. മത്സരത്തിലെ ജയവും തോല്‍വിയും സമചിത്തതയോടെ നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കണം. വിധിനിര്‍ണയത്തിലെ ക്രമക്കേടുകള്‍ അവരുടെ മനസ്സില്‍ മുറിവേല്‍പ്പിച്ചാല്‍ ഭാവിയിലെ അതിന്റെ പ്രത്യാഘാതം ചിലപ്പോള്‍ വളരെ വലുതായിരിക്കും.

ഈ സാഹചര്യത്തില്‍ തീര്‍ത്തും സുതാര്യവും വിശ്വസനീയവുമായിരിക്കണം വിധിനിര്‍ണയങ്ങള്‍. കമ്മീഷന്‍ ചൂണ്ടിക്കാട്ടിയതു പോലെ സുതാര്യമായ ഭരണനിര്‍വഹണവും കാര്യക്ഷമമായ നിരീക്ഷണവും ഉറപ്പാക്കിയാല്‍ മാത്രമേ കലോത്സവങ്ങളുടെ യഥാര്‍ഥ ലക്ഷ്യം കൈവരിക്കാനാകുകയുള്ളൂ. അഴിമതിയുടെയും ക്രമക്കേടുകളുടെയും കരിനിഴല്‍ വീഴാത്ത, യഥാര്‍ഥ പ്രതിഭകള്‍ ആദരിക്കപ്പെടുന്ന കലോത്സവ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ സഹായകമാകട്ടെ ബാലാവകാശ കമ്മീഷന്റെ ഉത്തരവുകള്‍.

 

Content Highlights:
The Kerala State Child Rights Commission issued directives to ensure transparency in School Kalolsavam judging. Key guidelines include displaying judge marks on electronic boards and revealing judges’ qualifications. The commission also mandated video comparisons for appeals and prohibited unauthorized collections from students.

---- facebook comment plugin here -----