Connect with us

Kerala

എ എന്‍ ഷംസീറിനെതിരായ പരാമര്‍ശം; വെള്ളാപ്പള്ളിയുടെ കടുത്ത മുസ്ലീം വിരോധമെന്ന് കെ കെ രാഗേഷ്

മതേതര പ്രവര്‍ത്തന പാരമ്പര്യമുള്ള ഷംസീറിനെ ഇത്തരത്തില്‍ ആക്രമിക്കുന്നത് നീചമാണ്

Published

|

Last Updated

കണ്ണൂര്‍ | എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എ എന്‍ ഷംസീറിനെ കുറിച്ചുനടത്തിയ പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്ലീം വിരോധമാണെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. മുസ്ലീം നാമധാരികളായ സിപിഎം നേതാക്കളെ കാണുമ്പോള്‍ വെള്ളാപ്പള്ളിക്ക് കലി ഉണരുന്നു. മതേതര പ്രവര്‍ത്തന പാരമ്പര്യമുള്ള ഷംസീറിനെ ഇത്തരത്തില്‍ ആക്രമിക്കുന്നത് നീചമാണ്. വൃത്തികെട്ട പ്രചാരവേല നടത്തുന്ന വെള്ളാപ്പള്ളിക്ക് എതിരെ പ്രതിഷേധം ഉയരണമെന്നും കെ കെ രാഗേഷ് പറഞ്ഞു.

എ എന്‍ ഷംസീര്‍ കമ്മ്യൂണിസ്റ്റുകാരനല്ലെന്നും യഥാര്‍ഥ ലീഗുകാരനാണെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്. ഷംസീറിന് കമ്മ്യൂണിസ്റ്റ് മനസല്ല, ലീഗ് മനസാണ്. പിണറായിയെപ്പോലുള്ളവര്‍ ഒരുപാട് ത്യാഗം അനുഭവിച്ചാണ് അധികാര സ്ഥാനങ്ങളില്‍ എത്തിയത്. എന്നാല്‍ ഷംസീര്‍ ചുളുവിലൂടെയാണ് അധികാരത്തില്‍ എത്തിയത്. മതേതരത്വം പറഞ്ഞ നമ്മള്‍ എങ്ങും എത്തിയില്ല. 100 കൊല്ലം കഴിഞ്ഞാലും ഒരു രാഷ്ട്രീയ മുന്നണിയില്‍ നിന്നും ഒരു ഈഴവ മുഖ്യമന്ത്രി ഉണ്ടാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കെ കെ രാഗേഷിന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം:
വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയക്കലി പാര്‍ടി നേതാക്കളോട് വേണ്ട. വെള്ളാപ്പള്ളി നടേശന്റെ വിചിത്രമായ ‘തെരഞ്ഞെടുപ്പ് വിശകലനം’ കണ്ടു. ഒരു സമുദായം മുഴുവന്‍ താന്‍ പറയുന്നതിനനുസരിച്ചാണ് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് എന്നാണ് ഇപ്പോഴും അദ്ദേഹം ധരിച്ചുവെച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ആരെയും എന്തും പറയുക എന്നത് അദ്ദേഹത്തിന്റെ വിചിത്രമായ ശീലമാണ്. അത് സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തിലുള്ള എന്തെങ്കിലുമാണെങ്കില്‍ ആ നാവിന് മൂര്‍ച്ച കൂടും. മുസ്ലീംവിരോധം കൊണ്ട് അന്ധമാകുമ്പോള്‍ കൂടുതല്‍ വിഷമിറങ്ങും. പലപ്പോഴും ഇരിക്കുന്ന സ്ഥാനത്തെ ബഹുമാനിക്കുന്നതു കൊണ്ടാവാം, അധികമാരും അതിനോട് ഏറ്റുമുട്ടാന്‍ മിനക്കെടാറില്ല എന്നതാണ് വാസ്തവം.

എന്നാല്‍ വന്ന് വന്ന് താനിരിക്കുന്ന സ്ഥാനമേതെന്ന ഓര്‍മ പോലും അദ്ദേഹത്തിന് ഇപ്പോള്‍ ഇല്ലാതായിട്ടുണ്ട്. മുസ്ലീം നാമധാരികളായ സി പി എം നേതാക്കളെ കാണുമ്പോള്‍ അദ്ദേഹത്തിന്റെ സ്വതസിദ്ദമായ ആ കലിയുണരും. അതാണ് ഇന്ന് എ എന്‍ ഷംസീറിനെപ്പറ്റി മോശം പരാമര്‍ശം നടത്തിയതിന്റെ അടിസ്ഥാനം. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ സംഘടനാ രംഗത്തേക്ക് വന്ന സഖാവാണ് ഷംസീര്‍. രണ്ട് തവണ തലശ്ശേരിയില്‍ നിന്ന് ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയില്‍ സ്പീക്കറുമായിരുന്നു. ഹിന്ദു-മുസ്ലീം വര്‍ഗീയവാദികളുടെ ആക്രമണങ്ങള്‍ ഒരേപോലെ നേരിട്ടുകൊണ്ട് തന്നെയാണ് സഖാവ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. ഇത്തരത്തില്‍ ദീര്‍ഘകാലം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സഖാവിനെയാണ് വെള്ളാപ്പള്ളി നടേശനെപ്പോലൊരാള്‍ വായില്‍ തോന്നിയത് വിളിച്ചുപറഞ്ഞിരിക്കുന്നത്.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിലയിരുത്തല്‍ കീഴ്ഘടകം മുതല്‍ കേന്ദ്ര കമ്മിറ്റി വരെ ജനാധിപത്യപരമായ രീതിയില്‍ പാര്‍ട്ടിയില്‍ ഞങ്ങള്‍ നടത്തിക്കഴിഞ്ഞതാണ്. ബഹുജനങ്ങള്‍ക്കിടയിലെ പ്രവര്‍ത്തനം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് പാര്‍ട്ടിക്കുണ്ട്. പാര്‍ട്ടി ബന്ധുക്കളെയും അനുഭാവികളെയും ഉള്‍പ്പെടെ കേട്ട് ചര്‍ച്ച ചെയ്തതിന് ശേഷമാണ് ഞങ്ങള്‍ തീരുമാനങ്ങളിലേക്ക് പോകുന്നത്. ഈ പ്രക്രിയയിലേക്കാവട്ടെ ഞങ്ങളൊരു വര്‍ഗീയവാദിയുടെയും അഭിപ്രായങ്ങള്‍ ക്ഷണിച്ചിട്ടില്ല.

ഉപദേശനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയുമില്ല. കേന്ദ്രത്തിലെ ഫാസിസ്റ്റ് ഗവണ്‍മെന്റിനും അവരുടെ നയങ്ങള്‍ക്ക് കുടപിടിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ യു ഡി എഫ് സര്‍ക്കാറിനുമെതിരെ നിരന്തരം ബഹുജനങ്ങളോട് സംവദിക്കുന്നവരാണ് ഞങ്ങള്‍. ഈ ഘട്ടത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിക്കുകയും വൃത്തികെട്ട പ്രചാരവേല സംഘടിപ്പിക്കുകയും ചെയ്യുന്ന വെള്ളാപ്പള്ളി നടേശന്റെ നിലപാടുകള്‍ക്കെതിരെ ശക്തമായ ജനവികാരം ഉയരണം. ദീര്‍ഘമായ, മതേതര പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ള ഷംസീറിനെതിരെ വെള്ളാപ്പള്ളി ഇപ്പോഴെടുത്ത നിലപാട് നീചമാണ്. അതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്.

 

Content Highlights:
CPM Kannur district secretary KK Ragesh slammed SNDP Yogam General Secretary Vellappally Natesan over his anti-Muslim remarks targeting AN Shamseer. Ragesh stated that Shamseer has a strong secular background and defended him against Natesan’s claims. He urged the public to protest against such divisive language.

---- facebook comment plugin here -----