Kerala
കേരളത്തിന്റെ കുതിപ്പിന് പുതിയ ചിറകുകൾ; നാല് വിമാനത്താവളങ്ങളെ ഏകോപിപ്പിച്ച് ഏവിയേഷൻ ഹബ്ബ്; 200 കോടി വകയിരുത്തി
സേവന മേഖലകൾ, ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ, ഹോസ്പിറ്റാലിറ്റി, വ്യോമയാന അനുബന്ധ വ്യാപാര മേഖലകൾ എന്നിവ ഉൾക്കൊള്ളുന്ന എയ്റോ പാർക്ക്, എയ്റോ സിറ്റി പദ്ധതികൾ ഇതിന്റെ ഭാഗമായി വരും.
തിരുവനന്തപുരം | സംസ്ഥാനത്തെ വ്യോമയാന ആവശ്യകതയും കയറ്റുമതി, ലോജിസ്റ്റിക്സ്, വിനോദസഞ്ചാര മേഖലകളിലെ സാധ്യതകളും കണക്കിലെടുത്ത് കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റാൻ സർക്കാർ പദ്ധതി. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 200 കോടി രൂപ വകയിരുത്തിയതായി മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റ് പ്രഖ്യാപനത്തിൽ വ്യക്തമാക്കി.
സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക. സേവന മേഖലകൾ, ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ, ഹോസ്പിറ്റാലിറ്റി, വ്യോമയാന അനുബന്ധ വ്യാപാര മേഖലകൾ എന്നിവ ഉൾക്കൊള്ളുന്ന എയ്റോ പാർക്ക്, എയ്റോ സിറ്റി പദ്ധതികൾ ഇതിന്റെ ഭാഗമായി വരും. വിമാനങ്ങളുടെ അറ്റകുറ്റപ്പണി, പരിപാലന മേഖല ശക്തിപ്പെടുത്തുന്നതിനൊപ്പം സിമുലേറ്റർ അധിഷ്ഠിത പൈലറ്റ് പരിശീലന കേന്ദ്രങ്ങളും ഡി ജി സി എ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള എൻജിനീയറിങ് പരിശീലന സംവിധാനങ്ങളും ഒരുക്കും.

കാർഷിക, മത്സ്യ, ഫാർമ മേഖലകളിലെ കയറ്റുമതി വർദ്ധിപ്പിക്കാൻ സംയോജിത പാക്ക് ഹൗസ് സൗകര്യവും ഫാർമ കാർഗോ സൗകര്യങ്ങളും വികസിപ്പിക്കും. കൊച്ചിൻ എയർപോർട്ടിനോട് അനുബന്ധമായി അന്താരാഷ്ട്ര നിലവാരമുള്ള ഗ്ലോബൽ കൺവെൻഷൻ സെന്ററും ആരംഭിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു.
Content Highlights:
Kerala government plans to transform the state into a major Asian aviation logistics hub. Chief Minister VD Satheesan announced an initial allocation of 200 crore rupees in the budget. The project will develop aero cities and training centers across four international airports.







