Kerala
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിനെ റിമാന്‍ഡ് ചെയ്തു
സ്‌ക്രീന്‍ഷോട്ട് നിര്‍മ്മിച്ചത് ജിതിന്‍ ഭാസ്‌കര്‍ തന്നെയാണെന്നും ഇത് ബ്രോഡ്കാസ്റ്റ് ലിസ്റ്റ് ഉണ്ടാക്കി വ്യാപകമായി പ്രചരിപ്പിച്ചെന്നും പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചു
കോഴിക്കോട് | കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിലെ പ്രതി ജിതിന്‍ ഭാസ്‌കറിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ വടകര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്.
സ്‌ക്രീന്‍ഷോട്ട് നിര്‍മ്മിച്ചത് ജിതിന്‍ ഭാസ്‌കര്‍ തന്നെയാണെന്നും ഇത് ബ്രോഡ്കാസ്റ്റ് ലിസ്റ്റ് ഉണ്ടാക്കി വ്യാപകമായി പ്രചരിപ്പിച്ചെന്നും പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചു. അതേ സമയം പ്രതി തന്റെ മൊബൈല്‍ ഫോണ്‍ റീസെറ്റ് ചെയ്ത് തെളിവുകള്‍ നശിപ്പിച്ചതായി എസ്ഐടി വ്യക്തമാക്കി. ജില്ലാ ഫോറന്‍സിക് ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഫോണിലെ ഡാറ്റകള്‍ പൂര്‍ണമായി മായ്ക്കപ്പെട്ടതായി കണ്ടെത്തിയത്.
ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുക്കുന്നതിനായി ഫോണ്‍ ഫോറന്‍സിക് ലാബിലേക്ക് അയക്കാനാണ് എസ്ഐടിയുടെ നീക്കം. നിലവില്‍ മൊബൈല്‍ ഫോണ്‍ കോടതിയുടെ കസ്റ്റഡിയിലാണുള്ളത്. കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്കായി ഫോണ്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കും.കേസില്‍ കൂടുതല്‍പേരെ ചോദ്യം ചെയ്യാനും എസ്ഐടി നീക്കം നടത്തുന്നുണ്ട്. സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്യപ്പെട്ടത് 200 ഓളം ഗ്രൂപ്പുകളിലേക്കാണെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ജിതിന്‍ ഭാസ്‌കര്‍ ആദ്യം വടകര സ്‌ക്വാഡ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലും തുടര്‍ന്ന് ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ റെഡ് എന്‍കൗണ്ടര്‍ എന്ന ഗ്രൂപ്പിലും പ്രചരിപ്പിച്ചുവെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നിഗമനം.
Content Highlights: The Vadakara Judicial Magistrate Court remanded Jithin Bhaskar for 14 days in the Kafir screenshot case. The Special Investigation Team informed the court that the accused fabricated the screenshot and deleted mobile phone data to destroy evidence. The phone will undergo advanced forensic analysis.







