Editorial
ജുഡീഷ്യറിയുടെ അകത്തളങ്ങളിലും നീതി ഉറപ്പാക്കണം
സാമ്പത്തിക, രാഷ്ട്രീയ, ഭരണ സ്വാധീനങ്ങള്‍ക്കപ്പുറം തനിക്ക് നീതി ലഭിക്കുമെന്ന വിശ്വാസത്തോടെയാണ് പൗരന്മാർ പരാതിയുമായി കോടതിയിലെത്തുന്നത്. അതേസമയം സമ്പന്നനും സ്വാധീനമുള്ളവനും കേസുകളുടെ പട്ടികയെപ്പോലും സ്വാധീനിക്കാനാകുമെന്ന ധാരണ സമൂഹത്തില്‍ വളർന്നാൽ കോടതി വിധികളിലെ വിശ്വാസ്യത തകരും.
ജുഡീഷ്യറിയുടെ വിശ്വാസ്യത തകരുന്ന വാര്‍ത്തകളാണ് അടുത്തിടെയായി നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. രാജസ്ഥാന്‍ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശര്‍മക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സന്ദീപ് മേത്ത രംഗത്തുവന്നത് ഈയടുത്ത ദിവസമാണ്. മറ്റു ബഞ്ചുകളില്‍ വരേണ്ട പ്രധാന കേസുകള്‍ തന്നിഷ്ടപ്രകാരം സ്വന്തം ബഞ്ചിലേക്ക് മാറ്റുക, സമ്പന്നര്‍ക്കും സ്വാധീനമുള്ളവര്‍ക്കും അനുകൂലമായ വിധിപ്രസ്താവം നടത്തുക, സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായുള്ള ബന്ധം പറഞ്ഞ് ഹൈക്കോടതിയിലെ മറ്റു ജഡ്ജിമാര്‍ക്കെതിരെ സ്ഥലംമാറ്റ ഭീഷണി ഉയർത്തുക, അഴിമതി, അധികാര ദുര്‍വിനിയോഗം എന്നിവകളിൽ പങ്കാളിയാകുക തുടങ്ങിയ ആരോപണങ്ങളാണ് ജസ്റ്റിസ് സന്ദീപ് മേത്ത ഉന്നയിക്കുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് അയച്ച കത്തില്‍ ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശര്‍മയെ രാജസ്ഥാന്‍ ഹൈക്കോടതിയില്‍ നിന്ന് ഉടനടി സ്ഥലം മാറ്റണമെന്നും ആവശ്യപ്പെടുന്നു.
2018 ജനുവരി 12ന് അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ജസ്റ്റിസ് ജെ ചെലമേശ്വറിന്റെ നേതൃത്വത്തില്‍ നാല് മുതിര്‍ന്ന സുപ്രീംകോടതി ജഡ്ജിമാര്‍ പരസ്യമയി രംഗത്തുവന്ന സംഭവത്തെയാണ് ഇത് ഓര്‍മപ്പെടുത്തുന്നത്. കേസുകള്‍ ബഞ്ചുകള്‍ക്ക് അനുവദിക്കുന്നതിലെ ക്രമക്കേടുകളും അധികാര ദുര്‍വിനിയോഗവുമുള്‍പ്പെടെയുള്ള ആരോപണങ്ങളായിരുന്നു അവരും ഉന്നയിച്ചത്. അടിസ്ഥാന സൗകര്യങ്ങളും യോഗ്യതകളും ഇല്ലാത്തതിനാല്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നിരസിക്കുകയും കരിന്പട്ടികയിൽ പെടുത്തുകയും ചെയ്ത മെഡിക്കല്‍ കോളജുകള്‍ക്ക് അനുകൂലമായ ഉത്തരവുകള്‍ നേടിക്കൊടുക്കാന്‍ ജഡ്ജിമാര്‍ കോഴവാങ്ങിയ സംഭവവും 2025 മാര്‍ച്ചില്‍ ഡല്‍ഹി ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വസതിയില്‍ നിന്ന് നോട്ടുകെട്ടുകള്‍ നിറച്ച ചാക്കുകള്‍ പിടിച്ചെടുത്തതും ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്.
ഭരണഘടനയുടെ കാവലാളും ജനങ്ങളുടെ അവസാനത്തെ അഭയകേന്ദ്ര വുമെന്നാണ് ജുഡീഷ്യറി വിശേഷിപ്പിക്കപ്പെടുന്നത്. ഈ വിശേഷണം അന്വര്‍ഥമാകണമെങ്കില്‍ സ്ഥാപനം സത്യസന്ധമായും നിഷ്പക്ഷമായും സ്വാധീനങ്ങള്‍ക്ക് വഴങ്ങാതെയും പ്രവര്‍ത്തിക്കണം. ചീഫ് ജസ്റ്റിസുമാര്‍ക്ക് ഭരണപരമായ അധികാരങ്ങള്‍ അനിവാര്യമാണ്. ഈ അധികാരം പക്ഷേ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കുമുളള ഉപകരണമാക്കരുത്. പ്രത്യേകിച്ച് കേസുകളുടെ ലിസ്റ്റിംഗ് ജുഡീഷ്യറിയുടെ ഏറ്റവും നിര്‍ണായക മേഖലകളിലൊന്നാണ്. ഒരു കേസ് ഏത് ബഞ്ചിന്റെ മുന്നിലെത്തുന്നുവെന്നത് പലപ്പോഴും കേസിന്റെ ഗതിയെയും വേഗതയെയും ബാധിക്കുന്നു. സ്ഥാപനപരമായ നിയന്ത്രണങ്ങള്‍ക്കും സുതാര്യമായ നിയമങ്ങള്‍ക്കും വിധേയമായിരിക്കണം ബഞ്ച് നിര്‍ണയവും കേസുകളുടെ പട്ടിക തയ്യാറാക്കലും. ചീഫ് ജസ്റ്റിസ് ഇഷ്ടമുള്ള കേസുകള്‍ ഇഷ്ടമുള്ള ബഞ്ചിലേക്ക് മാറ്റുന്ന പ്രവണത ജുഡീഷ്യറിയുടെ വിശ്വസ്യതയെ തകര്‍ക്കും.
2018ലെ സംഭവത്തില്‍ നിന്ന് ഭരണകൂടവും ജുഡീഷ്യറിയും പാഠം ഉള്‍ക്കൊണ്ടിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് രാജസ്ഥാന്‍ ഹൈക്കോടതിയിലെ പുതിയ സംഭവം. ഇതാവര്‍ത്തിക്കാതിരിക്കാന്‍ ജുഡീഷ്യറിയില്‍ കാതലായ പരിഷ്‌കരണ നടപടികള്‍ ആവശ്യമാണ്. കോടതിയിലെ കേസുകളും അവ പരിഗണിക്കേണ്ട ബഞ്ചുകളും നിശ്ചയിക്കുന്ന “റോസ്റ്റര്‍’ സംവിധാനത്തില്‍ വ്യക്തമായ മാനദണ്ഡങ്ങള്‍ വേണം. കേസുകള്‍ ബഞ്ചുകള്‍ക്ക് അനുവദിക്കുന്നതിലെ നടപടിക്രമങ്ങള്‍ പരമാവധി സുതാര്യമാക്കണം. കേസുകള്‍ ഏകപക്ഷീയമായി പ്രത്യേക ബഞ്ചുകള്‍ക്ക് നില്‍കുന്ന സാഹചര്യമുണ്ടാകരുത്. ജഡ്ജിമാര്‍ക്കെതിരായ പരാതികള്‍ പരിശോധിക്കാന്‍ വിശ്വാസയോഗ്യവും സമയബന്ധിതവുമായ സംവിധാനവും ആവശ്യമാണ്.
സാമ്പത്തിക, രാഷ്ട്രീയ, ഭരണ സ്വാധീനങ്ങള്‍ക്കപ്പുറം തനിക്ക് നീതി ലഭിക്കുമെന്ന വിശ്വാസത്തോടെയാണ് പൗരന്മാർ പരാതിയുമായി കോടതിയിലെത്തുന്നത്. അതേസമയം സമ്പന്നനും സ്വാധീനമുള്ളവനും കേസുകളുടെ പട്ടികയെ പ്പോലും സ്വാധീനിക്കാനാകുമെന്ന ധാരണ സമൂഹത്തില്‍ വളർന്നാൽ കോടതി വിധികളിലെ വിശ്വാസ്യത തകരും. ജഡ്ജി ജസ്റ്റിസ് സന്ദീപ് മേത്തയുടെ പരാതിയില്‍ വ്യക്തവും സുതാര്യവുമായ നടപടി വേണം. പരാതിയില്‍ പരാമര്‍ശിക്കുന്ന കേസുകളുടെ ലിസ്റ്റിംഗ്, ഭരണപരമായ ഉത്തരവുകള്‍, ബന്ധപ്പെട്ട രേഖകള്‍, ജഡ്ജിമാരുടെ മൊഴികള്‍ തുടങ്ങിയവ പരിശോധിക്കണം.അതോടൊപ്പം ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശര്‍മക്ക് തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരവും നല്‍കണം.
ജുഡീഷ്യറിയുടെ ആഭ്യന്തരകാര്യമെന്ന ന്യായത്തില്‍ അടച്ചിട്ട മുറിയില്‍ ഒതുക്കരുത് വിഷയം. കേവലം സ്ഥലംമാറ്റത്തില്‍ അവസാനിക്കുകയുമരുത്. നീതിന്യായത്തിന്റെ സ്വതന്ത്ര സ്വഭാവം ന്യായാധിപന്മാര്‍ക്ക് ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ നിന്ന് ഒഴിവാകാനുള്ള അവസരമല്ല. സ്ഥാപനത്തിനകത്ത് പരമാവധി സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കാന്‍ ജുഡീഷ്യറിക്ക് ബാധ്യതയുണ്ട്. തെറ്റ് സംഭവിച്ചാല്‍ അത് മറച്ചുവെക്കാതെ തിരുത്താനുള്ള ധൈര്യവും ഉത്തരവാദിത്വബോധവും ബന്ധപ്പെട്ടവര്‍ കാണിക്കണം. ഒരു ജഡ്ജിക്കെതിരായ ആരോപണമെന്ന മട്ടില്‍ ചെറുതായി ഇത് കാണരുത്. ജുഡീഷ്യറിക്കകത്തെ ജീര്‍ണതക്കെതിരെ ഇനിയും ശബ്ദമുയരാന്‍ അവസരമുണ്ടാകാത്ത വിധം സ്ഥാനത്തിന്റെ വിശ്വാസ്യത സംരക്ഷിക്കേണ്ടതിന്റെ അനിവാര്യതയിലേക്കുള്ള ശക്തമായ വിരല്‍ചൂണ്ടലായി ഇതിനെ പരിഗണിക്കേണ്ടതുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരെ ആരോപണമുയര്‍ന്നാല്‍ ജനങ്ങള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ അതിനെ വിലയിരുത്തും. കോടതികളുടെ കാര്യത്തില്‍ അത്തരമൊരു ജനവിധി സംവിധാനമില്ല. നീതിന്യായ സംവിധാനത്തിന്റെ വിശ്വാസ്യത അതിന്റെ സ്ഥാപനപരമായ പെരുമാറ്റത്തിലൂടെയാണ് സംരക്ഷിക്കേണ്ടത്.




