Connect with us

Kerala

ജസ്റ്റിസ് മണികുമാര്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനാകും; വിയോജിപ്പുമായി പ്രതിപക്ഷ നേതാവ്

സര്‍ക്കാര്‍ ശിപാര്‍ശയില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കും

Published

|

Last Updated

തിരുവനന്തപുരം | ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിരമിച്ച എസ് മണികുമാറിനെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനാക്കാന്‍ സര്‍ക്കാര്‍ ശിപാര്‍ശ. പ്രതിപക്ഷ നേതാവിന്റെ വിയോജനകുറിപ്പ് തള്ളിക്കൊണ്ടാണ് ഉന്നത സമിതി തീരുമാനം.

മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും ഉള്‍പ്പെട്ട സമിതിയാണ് ഇത് സംബന്ധിച്ച ശിപാര്‍ശ മുന്നോട്ടുവെച്ചത്. ഇതില്‍ സ്പീക്കര്‍ എ എന്‍ ഷംസീറും മുഖ്യമന്ത്രി പിണറായി വിജയനും മണികുമാറിനെ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനാക്കുന്നതിനെ അനുകൂലിച്ചപ്പോള്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിയോജിക്കുകയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ശിപാര്‍ശയില്‍ ഗവര്‍ണറാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.

നിയമനവുമായി ബന്ധപ്പെട്ട് അവിശ്വാസം രേഖപ്പെടുത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ജസ്റ്റിസ് മണികുമാറിന്റെ പ്രവര്‍ത്തനം നീതിയുക്തവും നിഷ്പക്ഷവുമായിരിക്കുമോയെന്ന സംശയവും വിയോജനക്കുറിപ്പില്‍ ഉന്നയിച്ചു.

അര്‍ഹരായവരുടെ പേരും അനുബന്ധ വിവരങ്ങളും പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള മറ്റ് അംഗങ്ങളെ അറിയിച്ച് അവരുടെ അഭിപ്രായം ആരാഞ്ഞ ശേഷമേ അധ്യക്ഷനെ തിരഞ്ഞെടുക്കാറുള്ളൂ.

എന്നാല്‍ സമിതി അംഗമായ തനിക്ക് അര്‍ഹരായവരുടെ പേരും അനുബന്ധ വിവരങ്ങളും മുന്‍കൂട്ടി ലഭിച്ചിരുന്നില്ല. തികച്ചും ഏകപക്ഷീയമായി ഒരു പേര് മാത്രം യോഗത്തില്‍ അറിയിക്കുകയായിരുന്നു. ഈ നടപടി ജനാധിപത്യ വിരുദ്ധവും ദുരൂഹവുമാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

 

Latest