Connect with us

indian judiciary

നീതിവാക്യങ്ങൾ മറക്കുന്ന ജുഡീഷ്യറി

കോടതിയുടെ പ്രകടമായ വീഴ്ചയാണ് അഫ്‌സൽഗുരു തൂക്കിലേറ്റപ്പെടാൻ കാരണം. ഒരാളുടെ പേരിലുള്ള കുറ്റം പൂർണമായി തെളിഞ്ഞെങ്കിൽ മാത്രമേ കുറ്റവാളിയായി വിധിക്കാവൂ എന്ന തത്ത്വം കോടതി ഇവിടെ പാലിച്ചില്ല. ഇതുപോലെ എത്രയെത്ര "വീഴ്ചകൾ'.

Published

|

Last Updated

സ്റ്റിസുമാരായ വിക്രം നാഥ്, അഹ്‌സനുദ്ദീൻ അമാനുല്ല എന്നിവരുൾപ്പെട്ട സുപ്രീം കോടതി ബഞ്ച് കഴിഞ്ഞ ദിവസം നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്. പ്രൊസിക്യൂഷൻ സമർപ്പിക്കുന്ന കേസുകളിൽ പ്രൊസിക്യൂഷനോടാണോ, പ്രതികളോടാണോ ചായ്‌വു വേണ്ടതെന്ന ആശയക്കുഴപ്പം ഉടലെടുത്താൽ ജുഡീഷ്യൻ വിവേചനാധികാരം പ്രതികൾക്കു അനുകൂലമായ നിലപാടാണ് സ്വീകരിക്കേണ്ടതെന്നും സന്ദേഹമുദിക്കുന്ന ഘട്ടത്തിൽ ഒരാൾ നിരപരാധിയാണെന്നു ധരിക്കുന്നതാണ് മനുഷ്യാവകാശമെന്നുമായിരുന്നു ബഞ്ചിന്റെ നിരീക്ഷണം. 1995ൽ മഹേഷ് പ്രതാപസിംഗ് എന്ന വ്യക്തിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലാണ് സുപ്രീംകോടതിയുടെ ഈ നിരീക്ഷണം.

ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന നീതിന്യായ രംഗത്തെ പ്രശസ്ത വരികൾ മുന്നോട്ടു വെക്കുന്ന തത്ത്വവും ഇതുതന്നെ. കൃത്യമായ നീതിന്യായ വ്യവസ്ഥ അംഗീകരിക്കുമെന്നും ഒരാളുടെ പേരിലുള്ള കുറ്റം പൂർണമായി തെളിഞ്ഞെങ്കിൽ മാത്രമേ അയാളെ കുറ്റവാളിയായി വിധിക്കാവൂ എന്നുമാണ് ഈ വാക്യത്തിന്റെ സന്ദേശം. വക്രീകരിക്കപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തിൽ ഒരു വ്യക്തിയും ശിക്ഷിക്കപ്പെടരുത്. പ്രതി നിരപരാധിയാണെന്ന സംശയമുയർന്നാൽ അത് സംബന്ധിച്ചു ഉറപ്പ് വരുത്താതെ ശിക്ഷ വിധിക്കരുത്. ഒരു രാജ്യത്തിന്റെ നിലവാരം അളക്കുന്നത് അവിടുത്തെ കോടതികൾ എത്ര മാത്രം സ്വതന്ത്രവും നീതിപൂർവകവുമാണ് എന്നുകൂടി പരിഗണിച്ചാണ്. ഇതടിസ്ഥാനത്തിൽ വ്യക്തിയുടെ മൗലികാവശങ്ങൾക്ക് അത്യന്തം പ്രാധാന്യം നൽകിയാണ് നമ്മുടെ രാജ്യത്ത് ക്രിമിനൽ നിയമങ്ങൾ രൂപവത്കരിക്കപ്പെട്ടത്.

എന്നാൽ വിധിപ്രസ്താവങ്ങളിൽ രാജ്യത്തെ കോടതികൾ പലപ്പോഴും ഈ തത്ത്വം “വിസ്മരിക്കുക’യും നീതിബോധത്തിൽ നിന്നു വ്യതിചലിക്കുകയും ചെയ്യുന്നുവെന്നത് ദുഃഖസത്യമാണ്. നീതിബോധത്തേക്കാളും വ്യക്തിയുടെ മൗലികാവാശം മാനിക്കാനുള്ള ബാധ്യതയേക്കാളും പൊതുബോധത്തെയും “കൂട്ടായ മനസ്സാക്ഷി’യെയും തൃപ്തിപ്പെടുത്താനുള്ള ത്വരയാണ് ജുഡീഷ്യറിയുടെ പല വിധിപ്രസ്താവനകളിലും മുഴച്ചു നിൽക്കുന്നത്. നിർഭയ കൂട്ടബലാത്സംഗ കേസിലെയും ഹാഥ്റസ് കൂട്ടബലാത്സംഗ കേസിലെയും കോടതി നിലപാടുകളിൽ ഇതേറെക്കുറെ വ്യക്തമാണ്. നിർഭയ കേസിൽ സാകേത് അതിവേഗ കോടതി പ്രായപൂർത്തിയായ നാല് പ്രതികളുടെ മേൽ ചാർത്തപ്പെട്ട കുറ്റം അപ്പടി ശരിവെക്കുകയും പരമാവധി ശിക്ഷയായ വധശിക്ഷ വിധിക്കുകയും ചെയ്തു. എന്നാൽ രാജ്യത്തിന്റെ മനഃസാക്ഷിയ ഞെട്ടിച്ച ഹാഥ്റസ് കൂട്ടബലാത്സംഗ കേസിൽ ബലാത്സംഗം നടന്നതിനു തെളവില്ലെന്നു പറഞ്ഞ് നാല് പ്രതികളിൽ മൂന്ന് പേരെയും ഉത്തർപ്രദേശ് എസ് ടി – എസ് സി കോടതി വിട്ടു. നിർഭയ കേസിൽ രാജ്യവ്യാപകമായി പ്രതിഷേധമുയർന്നതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ “കൂട്ടായ മനസ്സാക്ഷി’യെ തൃപ്തിപ്പെടുത്തേണ്ടതുണ്ടെന്ന ചിന്ത കോടതിയെ സ്വാധീനിച്ചു. എന്നാൽ ഹാഥ്റസ് കൊലക്കേസിൽ പ്രതിഷേധം അത്ര ശക്തമാകായിരുന്നില്ല. ഇര അരുവത്കരിക്കപ്പെട്ട വിഭാഗക്കാരിയുമായിരുന്നു. ഇവിടെ പൊതുബോധത്തെ മാനിക്കേണ്ടതില്ല.

ഡൽഹിയിലെ നാഷനൽ ലോ യൂനിവേഴ്സിറ്റിയുടെ 2016 ലെ പഠനമനുസരിച്ച്, വധശിക്ഷ വിധിച്ച ഡൽഹി കോടതികളുടെ 72 ശതമാനം വിധകളിലും മധ്യപ്രദേശ് കോടതികളിൽ 42 ശതമാനത്തിലും മഹാരാഷ്ട്ര കോടതികളിലെ 51 ശതമാനത്തിലും പൊതുബോധത്തിന്റെ നിലപാടിനായിരുന്നു ജുഡീഷ്യൽ മുൻതൂക്കം നൽകിയത്. 2016-ഓടെ വധശിക്ഷക്ക് വിധിക്കപ്പെട്ടവരിൽ 75 ശതമാനത്തിലധികം ദളിത്, മറ്റു പിന്നാക്ക വിഭാഗങ്ങൾ (ഒ ബി സി), ന്യൂനപക്ഷ സമുദായങ്ങൾ എന്നിവരാണെന്ന നാഷനൽ ലോ യൂനിവേഴ്സിറ്റിയുടെ തന്നെ മറ്റൊരു പഠനറിപോർട്ടും ഇതോടു ചേർത്തു വായിക്കേണ്ടതാണ്.

നീതിന്യായ ചരിത്രത്തിലെ കറുത്ത അധ്യായമാണ് പാർലിമെന്റ് ആക്രമണക്കേസിൽ അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റാൻ വിധിച്ച കോടതിവിധി. 2001 ഡിസംബർ പതിമൂന്നിനായിരുന്നു ഇന്ത്യൻ പാർലമെന്റിനു നേരെ ‘ഭീകരവാദികൾ’ ആക്രമണം നടത്തിയത്. മുഖ്യസൂത്രധാരരിൽ ഒരാളായി പോലീസ് കണ്ടെത്തിയത് അഫ്‌സൽ ഗുരുവിനെയാണ്. 2002 ഡിസംബർ 18നു ഡൽഹി ഹൈക്കോടതി ഗുരുവിനു വധശിക്ഷ വിധിക്കുകയും ചെയ്തു. എന്നാൽ അഫ്‌സലിനെതിരെ നേരിട്ടുള്ള തെളിവുകളൊന്നും ഉണ്ടായിരുന്നില്ല. 80 പ്രോസിക്യൂഷൻ സാക്ഷികളിൽ ഒരാൾ പോലും അഫ്‌സൽ ഗുരു ഏതെങ്കിലും വിധത്തിൽ ഭീകരവാദസംഘടനകളുമായി ബന്ധം പുലർത്തിയിരുന്നതായി മൊഴിനൽകിയിട്ടില്ല. സാഹചര്യത്തെളിവുകൾ മാത്രമാണ് പോലീസ് കോടതി മുമ്പാകെ നിരത്തിയത.് കോടതി അതപ്പടി സ്വീകരിക്കുകയും ചെയ്തു. പാർലിമെന്റ് കെട്ടിടം എവിടെയാണെന്ന് ഭീകരർക്കു കാണിച്ചു കൊടുത്തത് അഫ്‌സൽ ഗുരുവാണെന്നാണ് പോലീസ് ഭാഷ്യം. പാർലിമെന്റ് ആക്രമണത്തിൽ പങ്കെടുത്തുവെന്നു പറയപ്പെടുന്ന മുഹമ്മദ് എന്നയാളെ കശ്മീരിൽ നിന്ന് ദില്ലിയിലേക്ക് കൊണ്ടുവന്നത് അഫ്‌സൽ ഗരുവായിരുന്നുവെന്ന വിവരത്തെ അടിസ്ഥാനപ്പെടുത്തിയാണ് പോലീസ് ഈ കുറ്റം ചുമത്തിയത്. കശ്മീർ എസ് ടി എഫ് ക്യാമ്പ് കമാൻഡറായിരുന്ന ദേവീന്ദർ സിംഗ് നിർദേശിച്ചതനുസരിച്ചാണ് മുഹമ്മദിനെ ദൽഹിയിൽ എത്തിച്ചതെന്ന് അഫ്‌സൽ ഗുരു വ്യക്തമാക്കിയെങ്കിലും അന്വേഷണ സംഘമോ കോടതിയോ അത് മുഖവിലക്കെടുത്തില്ല.

എസ് ടി എഫ് ക്യാമ്പ് മേധാവി ഭീകരവാദികളെ സഹായിക്കുകയോ? അഫ്‌സൽ ഗുരുവെന്ന തീവ്രവാദിയുടെ മനസ്സിന്റെ ഭാവനയാണതെന്നായിരുന്നു അനേഷണ സംഘത്തിന്റെ വിലയിരുത്തൽ. എന്നാൽ നിരോധിത സംഘടനയായ ഹിസ്ബുൽ മുജാഹിദീൻ ഭീകരർക്കൊപ്പം കുൽഗാം ജില്ലയിലെ മിർ ബസാറിൽ നിന്ന് ദേവീന്ദർ സിംഗിനെ കാശ്മീർ അറസ്റ്റ് ചെയ്തതോടെ അഫ്‌സൽഗുരുവിന്റെ വെളിപ്പെടുത്തൽ ഭാവനയായിരുന്നില്ലെന്നും അഫ്‌സൽഗുരു തീവ്രവാദിയായിരുന്നില്ലെന്നും ബോധ്യപ്പെട്ടു. 2020 ജനുവരിയിലാണ് സിംഗ് അറസ്റ്റിലായത്. കോടതിയുടെ പ്രകടമായ വീഴ്ചയാണ് അഫ്‌സൽഗുരു തൂക്കിലേറ്റപ്പെടാൻ കാരണം. ഒരാളുടെ പേരിലുള്ള കുറ്റം പൂർണമായി തെളിഞ്ഞെങ്കിൽ മാത്രമേ കുറ്റവാളിയായി വിധിക്കാവൂ എന്ന തത്ത്വം കോടതി ഇവിടെ പാലിച്ചില്ല. ഇതുപോലെ എത്രയെത്ര “വീഴ്ചകൾ’.