Kerala
ജാമിഅതുല്‍ ഹിന്ദ് പരിസ്ഥിതി സൗഹൃദ കാമ്പസ് മാസാചരണം നാളെ മുതല്‍; 300 കാമ്പസുകള്‍ പരിസ്ഥിതി സൗഹൃദമാക്കും
ക്യാമ്പസ് നിറയെ ഫലവൃക്ഷങ്ങളും തണല്‍ മരങ്ങളും നടുന്നതിനായി ഓരോ വിദ്യാര്‍ഥിക്കും ഒരോ മരം എന്ന നിലയിലാണ് സജ്ജീകരിക്കുന്നത്്

കോഴിക്കോട് | ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യ പരിസ്ഥിതി സൗഹൃദ കാമ്പസ് മാസാചരിക്കുന്നു. ജാമിഅക്ക് കീഴില്‍ അഫിലിയേറ്റ് ചെയ്ത 300ല്‍ പരം സ്ഥാപനങ്ങളും പരിസ്ഥിതി സൗഹൃദ ക്യാമ്പസുകളാകുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിന് നടക്കുന്നത്. പരിസ്ഥിതി ദിനമായ നാളെ (ജൂണ്‍ 5) മുതല്‍ അടുത്ത മാസം അഞ്ച് വരെയാണ് ക്യാമ്പയിന്.
വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ശുദ്ധവായു, അന്തരീക്ഷം, വൃത്തിയുള്ള പരിസരം, പഠിക്കാനും വിശ്രമിക്കാനും പര്യാപ്തമായ തണലിടങ്ങള് തുടങ്ങിയവ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിന് സംഘടിപ്പിക്കുന്നത്.
ക്യാമ്പസ് നിറയെ ഫലവൃക്ഷങ്ങളും തണല്‍ മരങ്ങളും നടുന്നതിനായി ഓരോ വിദ്യാര്‍ഥിക്കും ഒരോ മരം എന്ന നിലയിലാണ് സജ്ജീകരിക്കുന്നത്്. മരങ്ങളെ പരിചയപ്പെടുത്തുന്ന പ്രത്യേക ബോര്‍ഡുകളും സ്ഥാപിക്കും.
സ്ഥാപനങ്ങളുടെ പരിസരത്ത് ക്ലാസ്സടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളുടെ പൂന്തോട്ടം സ്ഥാപിക്കുകയാണ് ക്യാമ്പയിനില്‍ ചെയ്യുന്ന മറ്റൊരു പദ്ധതി. കൂടാതെ, സ്ഥാപനമുള്ക്കൊള്ളുന്ന നാടുകളില്‍ പ്രിന്‍സിപ്പാളിന്റെയും മനേജറുടെയും നേതൃത്വത്തില്‍ പൂര്‍ണ ശുചിത്വം ഉറപ്പുവരുത്താനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ട്. സീറോ വേസ്റ്റ് ക്യാമ്പസ്, സീറോ പ്ലാസ്റ്റിക് ക്യാമ്പസ് തുടങ്ങിയ പദ്ധതികള്‍ കാമ്പസുകളില്‍ നടപ്പാക്കുന്നുണ്ട്.