Connect with us

Ongoing News

ഇറ്റാലിയന്‍ നാവികസേനയുടെ പരിശീലന കപ്പലായ അമേരിഗോ വെസ്പൂച്ചി സഊദിയില്‍

93 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇറ്റാലിയന്‍ കപ്പല്‍ സഊദി അറേബ്യ സന്ദര്‍ശിക്കുന്നത്.

Published

|

Last Updated

ജിദ്ദ | ലോക പര്യടനത്തിന്റെ ഭാഗമായി ഇറ്റാലിയന്‍ നാവികസേനയുടെ ചരിത്രപ്രസിദ്ധമായ പരിശീലന കപ്പല്‍ അമേരിഗോ വെസ്പുച്ചി സഊദിയില്‍. 93 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇറ്റാലിയന്‍ കപ്പല്‍ സഊദി അറേബ്യ സന്ദര്‍ശിക്കുന്നത്.

2023 ജൂലൈ ഒന്നിന് ഇറ്റലിയിലെ ജെനോവ തുറമുഖത്ത് നിന്ന് ആരംഭിച്ച യാത്ര രണ്ട് വര്‍ഷത്തെ ലോക പര്യടനത്തിന്റെ 33-ാം ഘട്ടത്തിലാണ് അഞ്ച് ഭൂഖണ്ഡങ്ങളും 30 രാജ്യങ്ങളും 35 തുറമുഖങ്ങളും കടന്ന് സഊദിയിലെ ജിദ്ദ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്നത്.

കപ്പലിലെ സന്ദര്‍ശനങ്ങള്‍ക്ക് തുടക്കം കുറിച്ച് ജിദ്ദയിലെ വില്ലാജിയോ ഇറ്റലിയുടെ ഉദ്ഘാടനം ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോ, നാവികസേനയുടെ ചീഫ് ഓഫ് സ്റ്റാഫ് അഡ്മിറല്‍ എന്റിക്കോ ക്രെഡെന്‍ഡിനോ എന്നിവരുടെ സാന്നിധ്യത്തില്‍ സഊദി പ്രതിരോധ അസിസ്റ്റന്റ് മന്ത്രി തലാല്‍ ബിന്‍ അബ്ദുല്ല അല്‍-ഒതൈബി നിര്‍വഹിച്ചു.

പരമ്പരാഗത ഇറ്റാലിയന്‍ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന അന്താരാഷ്ട്ര പ്രദര്‍ശനമായ വില്ലാജിയോ ഇറ്റാലിയക്കൊപ്പം അമേരിഗോ വെസ്പുച്ചിയും പങ്കുചേരും. അമേരിഗോ വെസ്പുച്ചി, വില്ലാജിയോ ഇറ്റാലിയ എന്നിവയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.

ഇറ്റലിയും സഊദി അറേബ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. വിവിധ സഹകരണ മേഖലകളില്‍ ഇറ്റാലിയന്‍-സഊദി പങ്കാളിത്തത്തിന്റെ വളര്‍ച്ചയ്ക്ക് കൂടുതല്‍ കരുത്തേകും. 15-ാം നൂറ്റാണ്ടിലെ ഇറ്റാലിയന്‍ പര്യവേക്ഷകനായ അമേരിഗോ വെസ്പുച്ചിയുടെ പേരാണ് കപ്പലിന് നല്‍കിയിരിക്കുന്നത്. ഇറ്റാലിയന്‍ നാവികസേനയുടെ ഉയരമുള്ള കപ്പല്‍ കൂടിയാണിത്. ലോകത്തിലെ ഏറ്റവും മനോഹരമായ കപ്പലെന്ന വിശേഷണം കൂടിയുണ്ട് വെസ്പുച്ചിക്ക്.

സഊദി അറേബ്യയിലെ ഇറ്റാലിയന്‍ അംബാസഡര്‍ കാര്‍ലോ ബാല്‍ഡോച്ചി, ടൂറിസം മന്ത്രി ഡാനിയേല സാന്റാന്‍ചെ, പ്രതിരോധ അണ്ടര്‍ സെക്രട്ടറി മാറ്റിയോ പെരെഗോ ഡി ക്രെംനാഗോ, പ്രതിരോധ അണ്ടര്‍ സെക്രട്ടറി ഇസബെല്ല റൗട്ടി, ജിദ്ദയിലെ ഇറ്റലി കോണ്‍സല്‍ ജനറല്‍ ലിയോനാര്‍ഡോ കോസ്റ്റ, ജിദ്ദ പ്രവിശ്യാ സെക്രട്ടറി സാലിഹ് ബിന്‍ അലി അല്‍-തുര്‍ക്കി, പ്രതിരോധ മന്ത്രാലയത്തിലെ തന്ത്രപരമായ കാര്യങ്ങളുടെ അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ സല്‍മാന്‍ ബിന്‍ അവാദ് അല്‍-ഹര്‍ബി ചടങ്ങില്‍ പങ്കെടുത്തു.

 

Latest