Connect with us

articles

ഇത് ഡീപ് സ്റ്റേറ്റല്ല, അതിനുമപ്പുറം

2014 മുതല്‍ രഹസ്യമായി സ്ഥാപിച്ചു തുടങ്ങിയ തെളിവുകള്‍ ഉപയോഗിക്കാന്‍ പാകത്തിലൊരു കലാപം ഭീമ കൊറേഗാവില്‍ നടപ്പാക്കിയെടുക്കുകയായിരുന്നോ എന്ന് പോലും സംശയിക്കണം. സ്വതന്ത്രമായി അഭിപ്രായം പറയുകയും അതുവഴി സമൂഹത്തെ കൂടുതല്‍ ജനാധിപത്യപരമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നവരെ ലക്ഷ്യമിട്ട് തെളിവുകള്‍ കൃത്രിമമായി ചമയ്ക്കുകയാണോ ഭരണകൂടം? കേസില്‍ കുടുക്കാന്‍ പാകത്തില്‍ കലാപം ആസൂത്രണം ചെയ്യുകയാണോ?

Published

|

Last Updated

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കുകയാണെന്ന് 2016 നവംബര്‍ എട്ടിന് രാത്രി പ്രഖ്യാപിക്കുമ്പോള്‍, ആ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത് കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കലും ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ സാമ്പത്തിക സ്രോതസ്സിന് തടയിടലുമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് പറഞ്ഞത്. ലക്ഷ്യങ്ങളൊന്നും നേടാന്‍ കഴിഞ്ഞില്ല എന്ന് മാത്രമല്ല, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്തു ആ തീരുമാനം. നോട്ട് പിന്‍വലിക്കലിന്റെ ആഘാതം ഏത് വിധത്തിലാണ് ചെറുകിട – ഇടത്തരം വാണിജ്യ, വ്യവസായ മേഖലകളെയും സാധാരണക്കാരായ മനുഷ്യരെയും ബാധിച്ചത് എന്നത് സംബന്ധിച്ച് വസ്തുനിഷ്ഠമായൊരു പരിശോധന ആറ് വര്‍ഷം പിന്നിടുമ്പോഴും ഉണ്ടായിട്ടില്ല. ഈ നടപടി ചോദ്യം ചെയ്തുള്ള ഹരജികള്‍ പരിഗണിക്കെ, സുപ്രീം കോടതി മുമ്പാകെ ചില വിവരങ്ങളെങ്കിലും കേന്ദ്ര സര്‍ക്കാറിന് പറയേണ്ടിവരും. അതിനായി കാത്തിരിക്കാം. തീരുമാനത്തിന്റെ യുക്തിയോ അതുണ്ടാക്കിയ ആഘാതത്തിന്റെ വലുപ്പമോ അപ്പോഴും വ്യക്തമാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. അത്തരമൊരു തീരുമാനത്തിലേക്ക് എത്തുമ്പോള്‍ രാജ്യത്തെ ജനങ്ങളെയാകെ കുറ്റവാളികളായി സംശയിക്കുകയാണ് ഭരണകൂടം ചെയ്തത് എന്നത് തര്‍ക്കമറ്റ സംഗതിയാണ്.

കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കുന്നതിനും ഭീകരവാദ സംഘടനകളുടെ സാമ്പത്തിക സ്രോതസ്സിന് തടയിടുന്നതിനും സര്‍ക്കാറിന് മറ്റ് നടപടികള്‍ സാധ്യമായിരുന്നു. എന്നിട്ടും ഈ തീരുമാനത്തിലേക്ക് എത്തുന്നത്, ഇത്തരം ഇടപാടുകളില്‍ രാജ്യത്തെ പൗരന്‍മാരെ മുഴുവന്‍ സംശയിക്കേണ്ടതുണ്ടെന്ന തോന്നല്‍ ഭരണകൂടത്തിനുള്ളതുകൊണ്ടാണെന്ന് ന്യായമായും സംശയിക്കണം. ഏകപക്ഷീയായി പ്രവര്‍ത്തിക്കുന്ന, തീവ്ര വര്‍ഗീയ അജന്‍ഡകളാല്‍ നിയന്ത്രിക്കപ്പെടുന്ന ഭരണകൂടങ്ങള്‍ അധികാര സ്ഥിരതക്ക് അവലംബിക്കുന്ന മുഖ്യമായ മാര്‍ഗം ജനങ്ങളെ പ്രതിസ്ഥാനത്തു നിര്‍ത്തി നിരീക്ഷിക്കുകയോ കൂട്ടത്തോടെ ശിക്ഷിക്കാന്‍ പാകത്തിലുള്ള തീരുമാനങ്ങളെടുത്ത് നടപ്പാക്കുകയോ ആണ്.

നോട്ട് പിന്‍വലിക്കല്‍, പ്രത്യേക പദവി എടുത്തു കളഞ്ഞ് ജമ്മു കശ്മീരിനെ വിഭജിക്കല്‍, അഭയാര്‍ഥികള്‍ക്ക് പൗരത്വം അനുവദിക്കാന്‍ തീരുമാനിക്കുമ്പോള്‍ ഒരു വിഭാഗത്തെ മാത്രം ഒഴിവാക്കല്‍ തുടങ്ങിയ തീരുമാനങ്ങളൊക്കെ കൂട്ടത്തോടെ ശിക്ഷിക്കുക എന്ന ഭരണകൂട നയത്തിന്റെ ഉദാഹരണങ്ങളായി കാണാം. അതിനൊപ്പം, അവര്‍ സ്വീകരിക്കുന്ന മറ്റൊരു തന്ത്രം, ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെയോ വിമര്‍ശിക്കാന്‍ സാധ്യതയുള്ളവരെയോ പ്രത്യേകമായി ലക്ഷ്യമിടുക എന്നതാണ്. ഭീമ കൊറേഗാവ് കേസിന്റെ തുടര്‍ച്ചയില്‍ മാവോയിസ്റ്റ് ബന്ധവും പ്രധാനമന്ത്രിയെ വധിക്കാനുള്ള ഗൂഢാലോചനയിലെ പങ്കാളിത്തവും ആരോപിച്ച് എന്‍ ഐ എ അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിലിരിക്കെ മരിക്കുകയും (കൊല ചെയ്തുവെന്നതാണ് യാഥാര്‍ഥ്യം) ചെയ്ത സ്റ്റാന്‍ സ്വാമിയെന്ന സാമൂഹിക പ്രവര്‍ത്തകനെ കേസില്‍ കൂടുക്കിയതിനെക്കുറിച്ച് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ ഭരണകൂടത്തിന്റെ സെലക്ടീവ് ടാര്‍ജറ്റിംഗിനെക്കുറിച്ചും ഗൂഢ നിരീക്ഷണത്തെക്കുറിച്ചും കൂടുതല്‍ വെളിപ്പെടുത്തുന്നുണ്ട്.

ഭീമ കൊറേഗാവ് കേസിന് ആധാരമായ സംഭവമുണ്ടാകുന്നത് 2018ലാണ്. സ്റ്റാന്‍ സ്വാമി അറസ്റ്റിലാകുന്നത് 2020ലും. സ്റ്റാന്‍ സ്വാമിയുടെ ലാപ് ടോപ് ഹാക്ക് ചെയ്ത് അതില്‍ കത്തുകളും മറ്റും രഹസ്യമായി സ്ഥാപിക്കാനുള്ള ശ്രമം 2014 ഒക്‌ടോബര്‍ മുതല്‍ ആരംഭിച്ചിരുന്നുവെന്നാണ് യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയിലെ ആഴ്‌സണല്‍ ഫോറന്‍സിക് കണ്‍സല്‍ട്ടിംഗ് എന്ന സ്ഥാപനം നടത്തിയ പരിശോധനയില്‍ വ്യക്തമാകുന്നത്. ഹാക്കര്‍ ആരെന്ന്, ആഴ്‌സണല്‍ ഫൊറന്‍സിക് കണ്‍സല്‍ട്ടന്‍സി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ സ്റ്റാന്‍ സ്വാമിയെ കേസില്‍ കുടുക്കണമെന്ന ഉദ്ദേശ്യത്തോടെ ഹാക്കര്‍ 2014 മുതല്‍ ശ്രമം തുടങ്ങിയിരുന്നുവെന്ന് വ്യക്തം. അങ്ങനെ സ്ഥാപിക്കപ്പെട്ട വിവരങ്ങളാണ്, 2018ലെ ഭീമ കൊറേഗാവ് കേസിന് ശേഷം 2020ല്‍ സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്യുമ്പോള്‍ എന്‍ ഐ എ മുഖ്യ തെളിവുകളാക്കിയത്. 2020ലാണ് സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തതെങ്കിലും അദ്ദേഹത്തിന്റെ ഓഫീസ് റെയ്ഡ് ചെയ്ത് ലാപ് ടോപ് കസ്റ്റഡിയിലെടുക്കുന്നത് 2019ലാണ്. ഈ റെയ്ഡ് നടക്കുന്നതിന് തലേന്ന് ലാപ്‌ടോപ്പിലേക്ക് രേഖകള്‍ ഒളിച്ചുകടത്തിയതിന്റെ മാര്‍ഗങ്ങള്‍ മുഴുവന്‍ ഹാക്കര്‍ മാച്ചുകളഞ്ഞുവെന്ന് പരിശോധനാ റിപോര്‍ട്ടില്‍ പറയുന്നു. റെയ്ഡ് നടത്തി, ലാപ് ടോപ്പ് പിടിച്ചെടുക്കുമെന്ന വിവരം മുന്‍കൂട്ടി അറിഞ്ഞതുകൊണ്ടാകണം, ഒളിച്ചുകടത്തലിന്റെ വഴികള്‍ തലേന്ന് മാച്ചുകളഞ്ഞത്. രേഖകള്‍ ലാപ് ടോപ്പിലേക്ക് ഒളിച്ചുകടത്താന്‍ നിര്‍ദേശിച്ചവര്‍ തന്നെയാകണം റെയ്ഡ് വിവരം ഹാക്കറെ അറിയിച്ചിട്ടുണ്ടാകുക. ഇത്തരത്തിലുള്ള ഒളിച്ചുകടത്തല്‍ ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായി വിചാരണ കാത്തുകഴിയുന്ന റോണ വില്‍സന്‍, സുരേന്ദ്ര ഗാഡ്‌ലിംഗ് എന്നിവരുടെ കമ്പ്യൂട്ടറുകളിലും നടന്നിട്ടുണ്ട് എന്ന് ആഴ്‌സണല്‍ ഫൊറന്‍സിക് കണ്‍സല്‍ട്ടന്‍സി നേരത്തേ കണ്ടെത്തിയിരുന്നു.

ലക്ഷ്യമിടേണ്ടത് ആരെയൊക്കെ എന്നത് നേരത്തേ നിശ്ചയിച്ച്, അവരെ കുടുക്കാനുള്ള ഗൂഢ പദ്ധതി തയ്യാറാക്കി, അത് നേരത്തേ മുതല്‍ തന്നെ നടപ്പാക്കി അവസരം വന്നപ്പോള്‍ അതുപയോഗിച്ചു ഭരണകൂടം എന്നാണ് ഈ മൂന്ന് പേരുടെയും കമ്പ്യൂട്ടറുകളുടെ പരിശോധനാ ഫലം. മറാത്ത ഭരിച്ച പേഷ്വാമാരുടെ (ചിത്പാവന്‍ ബ്രാഹ്മണര്‍) സൈന്യത്തെ ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായിരുന്ന മഹര്‍ ദളിതുകള്‍ പരാജയപ്പെടുത്തിയതിന്റെ ഓര്‍മ പുതുക്കാനാണ് 2018ല്‍ ഭീമ കൊറേഗാവില്‍ ദളിത് സംഘടനകളുടെ ആഭിമുഖ്യത്തില്‍ സമ്മേളനം സംഘടിപ്പിച്ചത്. ഇവിടേക്ക് സംഭാജി ഭിഡെ, മിലിന്ദ് ഏക്‌ബോട്ടെ എന്നീ തീവ്ര ഹിന്ദുത്വ വാദികളുടെ നേതൃത്വത്തില്‍ നടന്ന പ്രകടനം ഏറ്റുമുട്ടലിലേക്ക് കാര്യങ്ങളെത്തിച്ചു. അതേത്തുടര്‍ന്നുള്ള അന്വേഷണമാണ് വരവരറാവു, റോണ വില്‍സണ്‍, സുരേന്ദ്ര ഗാഡ്‌ലിംഗ്, ഗൗതം നവ്‌ലാഖ, സുധ ഭരദ്വാജ്, സ്റ്റാന്‍ സ്വാമി, ആനന്ദ് തെല്‍തുംബ്‌ഡെ, ഹാനി ബാബു തുടങ്ങി സാമൂഹിക പ്രവര്‍ത്തകരുടെയും അക്കാദമീഷ്യന്‍മാരുടെയും അറസ്റ്റിലേക്ക് നയിച്ചത്. മാവോയിസ്റ്റ് ബന്ധം, പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തല്‍ തുടങ്ങിയവയാണ് അറസ്റ്റിലായവര്‍ക്കു നേര്‍ക്കുള്ള ആരോപണം. 2014 മുതല്‍ രഹസ്യമായി സ്ഥാപിച്ചു തുടങ്ങിയ തെളിവുകള്‍ ഉപയോഗിക്കാന്‍ പാകത്തിലൊരു കലാപം ഭീമ കൊറേഗാവില്‍ നടപ്പാക്കിയെടുക്കുകയായിരുന്നോ എന്ന് പോലും സംശയിക്കണം. സ്വതന്ത്രമായി അഭിപ്രായം പറയുകയും അതുവഴി സമൂഹത്തെ കൂടുതല്‍ ജനാധിപത്യപരമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നവരെ ലക്ഷ്യമിട്ട് തെളിവുകള്‍ കൃത്രിമമായി ചമയ്ക്കുകയാണോ ഭരണകൂടം? കേസില്‍ കുടുക്കാന്‍ പാകത്തില്‍ കലാപം ആസൂത്രണം ചെയ്യുകയാണോ? സംശയം ബലപ്പെടുത്തുകയാണ് റോണ വില്‍സന്‍, ഗാഡ്‌ലിംഗ്, സ്റ്റാന്‍ സ്വാമി എന്നിവരുടെ കമ്പ്യൂട്ടര്‍ പരിശോധനാ ഫലങ്ങള്‍.

ഹിന്ദുത്വ ഭീകരവാദ ശൃംഖലകള്‍ സ്‌ഫോടനങ്ങള്‍ നടത്തുകയും അതിന്റെ ഉത്തരവാദിത്വം മുസ്‌ലിംകള്‍ക്കുമേല്‍ ചുമത്തുകയും ചെയ്തതിന് തെളിവായി മലേഗാവും മക്ക മസ്ജിദുമൊക്കെ നമ്മുടെ മുന്നിലുണ്ട്. ഇത്തരം പ്രവൃത്തികള്‍ക്ക് സഹായമേകും വിധത്തില്‍, സര്‍വീസിലുള്ള ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതും നിരപരാധികളെ കേസില്‍ക്കുടുക്കാനും മുസ്‌ലിം ഭീകരവാദത്തിന്റെ പ്രത്യക്ഷോദാഹരണമായി ഇവയെയൊക്കെ ചിത്രീകരിക്കാന്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ തയ്യാറാകുന്നതും ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെ നിലനില്‍ക്കുന്ന ഡീപ് സ്റ്റേറ്റിന്റെ പ്രകടനമായി വിശദീകരിക്കപ്പെട്ടിരുന്നു. പുതിയ കാലത്ത്, പുതിയ സങ്കേതങ്ങള്‍ ഉപയോഗിച്ച് ഡീപ് സ്റ്റേറ്റ് അതിന്റെ പ്രവര്‍ത്തനം തുടരുകയാണ്. ഡീപ് സ്റ്റേറ്റ് എന്നതിനേക്കാള്‍ കോണ്‍സ്പയറിംഗ് സ്റ്റേറ്റ് നിലനില്‍ക്കുന്ന ഒന്നായി ഇന്ത്യന്‍ യൂനിയന്‍ മാറുകയാണോ എന്ന സംശയമാണ് സ്റ്റാന്‍ സ്വാമി കേസിലെ പുതിയ സംഭവവികാസങ്ങള്‍ ഉണര്‍ത്തുന്നത്. തീവ്ര ഹിന്ദുത്വവാദികളുടെ പ്രധാന “ശത്രു’ക്കളായ മുസ്‌ലിംകള്‍ക്ക് പുറത്ത് ഹിന്ദു രാഷ്ട്ര സ്ഥാപനമെന്നത് മതനിരപേക്ഷ ജനാധിപത്യത്തെ ഏതുവിധത്തിലാണ് ഹനിക്കുക എന്ന് ശങ്കിക്കുകയും ആ ശ്രമത്തെ കഴിയും വിധത്തില്‍ എതിര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ കൂടി കോണ്‍സ്പയറിംഗ് സ്റ്റേറ്റിന്റെ ഇരകളായി മാറുന്നു. വരവര റാവു മുതല്‍ സ്റ്റാന്‍ സ്വാമി വരെയുള്ളവരെ ഇരകളാക്കുമ്പോള്‍ ഉയരാനിടയുള്ള എതിര്‍ ശബ്ദങ്ങളെക്കൂടി ഇല്ലാതാക്കുകയാണ് അവര്‍ ചെയ്യുന്നത്. അത്തരം ഗൂഢ ശ്രമങ്ങളെ വെളിപ്പെടുത്തുന്നുവെന്നതും അതേക്കുറിച്ച് കരുതലോടെ ഇരിക്കണമെന്ന് ജനാധിപത്യ വാദികളെ ഓര്‍മിപ്പിക്കുന്നുവെന്നതുമാണ് സ്റ്റാന്‍ സ്വാമിയുടെ രക്തസാക്ഷിത്വത്തിന്റെയും അദ്ദേഹത്തിന്റെ ലാപ്‌ടോപ്പിന്റെ പരിശോധനാ ഫലത്തിന്റെയും പ്രാധാന്യം.

ജനാധിപത്യത്തോട് അണുവിടയെങ്കിലും ആത്മാര്‍ഥത നിലനിര്‍ത്തുന്നുണ്ടെങ്കില്‍ ഭരണകൂടവും ജനാധിപത്യത്തെ നിലനിര്‍ത്തുക എന്നത് തങ്ങളുടെ ബാധ്യതയാണെന്ന് വിശ്വസിക്കുന്ന നീതിന്യായ സംവിധാനവും ഇപ്പോള്‍ പുറത്തുവന്ന പരിശോധനാ ഫലത്തെ അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഇപ്പോഴത്തെ ഭരണകൂടം അങ്ങനെ കാണുമെന്ന് വിശ്വസിക്കുന്നത് അബദ്ധമാകും. ജനാധിപത്യ സമ്പ്രദായത്തിന്റെ നിലനില്‍പ്പിനെക്കുറിച്ച്, അതിനെ ഹനിക്കാന്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് ഇടയ്‌ക്കെങ്കിലും ഉത്കണ്ഠപ്പെടുന്ന നീതിന്യായ സംവിധാനമെങ്കിലും ഈ റിപോര്‍ട്ടുകളെ ഗൗരവത്തിലെടുക്കണം. നിരപരാധിയായ ഒരു മനുഷ്യന്റെ “കൊലപാതക’ത്തിന്റെ ഉത്തരവാദിത്വമെങ്കിലും ആ സംവിധാനത്തിന് ഇല്ലാതിരിക്കുമല്ലോ!

ജനത്തെ സംശയത്തോടെ കാണുന്ന, ജനാഭിപ്രായത്തെ സ്വാധീനിക്കാന്‍ ഇടയുള്ളവരെ ശത്രുപക്ഷത്ത് കാണുന്ന ഒരു ഭരണകൂടം ഇതിലപ്പുറം ചെയ്താലും അത്ഭുതപ്പെടാനില്ല. നിരപാധികളും നിസ്സഹായരുമായവരെ കൂട്ടത്തോടെ ശിക്ഷിക്കുന്നതും തിരഞ്ഞെടുത്ത് ശിക്ഷിക്കുന്നതും കസേരക്കുറപ്പേകുന്ന രുധിരയജ്ഞങ്ങളാണ് അവര്‍ക്ക്.

Latest