Connect with us

Editors Pick

ഐഫോൺ വന്ധ്യതക്ക് കാരണമാകുന്നോ? ഐഫോൺ ഉപയോഗം ജനനനിരക്ക് കുറയ്ക്കുന്നതായി ഗവേഷണ റിപ്പോർട്ട്

സാധാരണയായി ഒരു പ്രദേശത്ത് ജീവിതനിലവാരം ഉയരുമ്പോഴാണ് ജനനനിരക്ക് കുറയാറുള്ളത്. എന്നാൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി വ്യത്യസ്ത സാമ്പത്തിക സാമൂഹിക പശ്ചാത്തലമുള്ള രാജ്യങ്ങളിലെല്ലാം ഒരേ രീതിയിലാണ് ജനനനിരക്ക് കുറയുന്നത്. ഇതിന് പിന്നിലെ വില്ലൻ ഐഫോണാണെന്നാണ് രണ്ട് പുതിയ പഠനങ്ങൾ അവകാശപ്പെടുന്നത്.

Published

|

Last Updated

ന്യൂഡൽഹി | ആഗോളതലത്തിൽ ജനനനിരക്ക് കുത്തനെ കുറയുന്നതിന് പിന്നിൽ നിങ്ങളുടെ കൈകളിലിരിക്കുന്ന ഐഫോണെന്ന് കണ്ടെത്തി പുതിയ ഗവേഷണ റിപ്പോർട്ടുകൾ. ആദ്യമായി ഐഫോൺ വിപണിയിലെത്തിയ 2007 ന് ശേഷമാണ് ആഗോള ജനനനിരക്കിൽ വലിയ രീതിയിലുള്ള ഇടിവ് രേഖപ്പെടുത്തിയത്. നാഷണൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസർച്ച് പുറത്തുവിട്ട പഠനത്തിലാണ് ഐഫോണിന്റെ ആഗോള വ്യാപനവും ജനനനിരക്കിലെ കുറവും തമ്മിലുള്ള വിചിത്രമായ ബന്ധം വ്യക്തമാക്കുന്നത്.

സാധാരണയായി ഒരു പ്രദേശത്ത് ജീവിതനിലവാരം ഉയരുമ്പോഴാണ് ജനനനിരക്ക് കുറയാറുള്ളത്. എന്നാൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി വ്യത്യസ്ത സാമ്പത്തിക സാമൂഹിക പശ്ചാത്തലമുള്ള രാജ്യങ്ങളിലെല്ലാം ഒരേ രീതിയിലാണ് ജനനനിരക്ക് കുറയുന്നത്. ഇതിന് പിന്നിലെ വില്ലൻ ഐഫോണാണെന്നാണ് രണ്ട് പുതിയ പഠനങ്ങൾ അവകാശപ്പെടുന്നത്. അമേരിക്കയിൽ 1980 മുതൽ 2007 വരെ 1000 സ്ത്രീകൾക്ക് 65 മുതൽ 70 വരെ എന്ന രീതിയിൽ കൃത്യമായി തുടർന്ന ജനനനിരക്ക് ഐഫോണിന്റെ വരവോടെയാണ് താഴേക്ക് പതിച്ചത്. 2024 ആയപ്പോഴേക്കും ഇത് 54 ലേക്ക് എത്തി. അതായത് 17 വർഷം കൊണ്ട് 22 ശതമാനത്തിന്റെ കുറവ്.

അമേരിക്കയിൽ ഐഫോൺ ആദ്യമായി അവതരിപ്പിക്കപ്പെട്ട 2007 മുതൽ 2011 വരെയുള്ള കാലയളവിൽ എ ടി ആൻഡ് ടി മൊബൈൽ നെറ്റ്‌വർക്ക് വഴി മാത്രമാണ് ഇത് ലഭ്യമായിരുന്നത്. എ ടി ആൻഡ് ടി നെറ്റ്‌വർക്ക് പൂർണ്ണമായും ലഭ്യമായ പ്രദേശങ്ങളിലെയും ഒട്ടും ലഭ്യമല്ലാത്ത പ്രദേശങ്ങളിലെയും ജനനനിരക്ക് താരതമ്യം ചെയ്താണ് ഗവേഷകർ ഈ നിഗമനത്തിൽ എത്തിയത്. ഇന്റർനെറ്റ് സൗകര്യവും ഐഫോണും വ്യാപകമായ ഇടങ്ങളിൽ 15 മുതൽ 19 വയസ്സ് വരെയുള്ള പെൺകുട്ടികളിലെ പ്രസവനിരക്ക് 4.5 മുതൽ 8 ശതമാനം വരെയും, 20 മുതൽ 24 വയസ്സ് വരെയുള്ളവരിലേത് 3.2 മുതൽ 6.6 ശതമാനം വരെയും കുറഞ്ഞതായി കണ്ടെത്തി. ചുരുക്കത്തിൽ 2007 നും 2011 നും ഇടയിൽ ജനനനിരക്കിലുണ്ടായ ആകെ കുറവിന്റെ 33 മുതൽ 52 ശതമാനം വരെയുള്ള പങ്കിന് പിന്നിൽ ഐഫോൺ ആണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

സ്മാർട്ട്ഫോണുകളുടെ ജനപ്രീതി വർദ്ധിച്ചതോടെ യുവാക്കൾ നേരിട്ട് കണ്ട് സംസാരിക്കുന്നതും സൗഹൃദം പങ്കിടുന്നതും വലിയ രീതിയിൽ കുറഞ്ഞു. ആളുകൾ തമ്മിൽ നേരിട്ടുള്ള സമ്പർക്കം 2003 ൽ പ്രതിദിനം 68 മിനിറ്റ് ആയിരുന്നത് 2019 ൽ 38 മിനിറ്റായി ചുരുങ്ങി. അതേസമയം കമ്പ്യൂട്ടറിലും ഫോണിലുമുള്ള സമയം 22 മിനിറ്റിൽ നിന്ന് 96 മിനിറ്റായി ഉയരുകയും ചെയ്തു. ഇത് ശാരീരിക ബന്ധങ്ങളിൽ ഏർപ്പെടുന്നത് കുറയാൻ കാരണമായി. ലൈംഗികതയ്ക്ക് പകരമായി ആളുകൾ അശ്ലീല ചിത്രങ്ങൾ (പോൺ) കാണുന്നത് കൂടിയതായും സർവേകൾ വ്യക്തമാക്കുന്നു. പഠനകാലയളവിൽ ഗൂഗിളിൽ പോൺ എന്ന് തിരയുന്നവരുടെ എണ്ണം ഇരട്ടിയിലധികമായി. ഗർഭനിരോധന മാർഗ്ഗങ്ങളെക്കുറിച്ചും അബോർഷനെക്കുറിച്ചുമുള്ള വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമായതും ജനനനിരക്ക് കുറയാൻ മറ്റൊരു കാരണമായി.

അമേരിക്കയിൽ മാത്രമല്ല ആഗോളതലത്തിൽ തന്നെ ഈ പ്രതിഭാസം പ്രകടമാണ്. യൂണിവേഴ്സിറ്റി ഓഫ് സിൻസിനാറ്റിയിലെ സാമ്പത്തിക വിദഗ്ദ്ധർ 128 രാജ്യങ്ങളിലെ വേൾഡ് ബാങ്ക് ഡാറ്റ പരിശോധിച്ച് നടത്തിയ പഠനത്തിൽ വ്യത്യസ്ത ആരോഗ്യ സംവിധാനങ്ങളും നിയമങ്ങളുമുള്ള രാജ്യങ്ങളിലെല്ലാം ഒരേ കാലയളവിലാണ് കൗമാരക്കാരുടെ പ്രസവനിരക്ക് കുറഞ്ഞതെന്ന് കണ്ടെത്തി. ഇറാൻ, കോസ്റ്റാറിക്ക, ഗ്വാട്ടിമാല, ചിലി, മെക്സിക്കോ, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ സ്മാർട്ട്ഫോൺ വിപ്ലവം ഉണ്ടായതോടെ ജനനനിരക്ക് കുത്തനെ ഇടിഞ്ഞു. കാനഡ, ജപ്പാൻ, സിംഗപ്പൂർ, സ്പെയിൻ, ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ മുൻനിര രാജ്യങ്ങളെല്ലാം ജനസംഖ്യാ തകർച്ച നേരിടുകയാണ്. ചൈന തങ്ങളുടെ ഒറ്റക്കുട്ടി നയം അവസാനിപ്പിച്ചിട്ടും ജപ്പാനും കൊറിയയും ദമ്പതികൾക്ക് വലിയ സാമ്പത്തിക സഹായങ്ങൾ പ്രഖ്യാപിച്ചിട്ടും ജനനനിരക്ക് ഉയർത്താൻ കഴിഞ്ഞിട്ടില്ല. ബ്രസീൽ, ഇന്ത്യ തുടങ്ങിയ ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലും ജനനനിരക്ക് അതിവേഗം കുറഞ്ഞു വരികയാണെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു.

Content Highlights:

Recent research highlights a surprising correlation between the launch of the iPhone in 2007 and a sharp decline in global birth rates. Studies suggest that widespread smartphone adoption and high-speed internet access have led to a major reduction in face-to-face social interactions and physical intimacy among young adults. This technological shift, coupled with easier access to digital entertainment and contraceptive information, explains a significant percentage of the fertility drop across various nations. The demographic impact is visible globally, affecting economic structures in both developed nations like Japan and emerging markets like India.

Latest