Connect with us

National

വിദേശത്ത് ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം; ഇന്ത്യൻ യുവതിയെ പോർച്ചുഗലിൽ വിറ്റു, 11 ലക്ഷം തട്ടി

പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ കൺസൾട്ടൻസിയായ 'വി മൈഗ്രേറ്റ്' ആണ് തട്ടിപ്പിന് പിന്നിലെന്ന് പൊലീസ്

Published

|

Last Updated

പുനെ | വിദേശത്ത് ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പോർച്ചുഗലിൽ എത്തിച്ച് വഞ്ചിച്ചതായി (Job Scam) പരാതി. നാഗ്പൂർ സ്വദേശിനിയായ 28 കാരിയെയാണ് വിസ ടൂറിസം, തൊഴിൽ തട്ടിപ്പ് സംഘം കെണിയിൽപെടുത്തി ലക്ഷങ്ങൾ കവർന്ന ശേഷം ഏജന്റമാർ തടങ്കലിലാക്കി വിറ്റത്. പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ കൺസൾട്ടൻസിയായ ‘വി മൈഗ്രേറ്റ്’ ആണ് തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു (Nagpur Woman Sold In Portugal).

സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാം വഴിയാണ് യുവതി കൺസൾട്ടൻസിയെക്കുറിച്ച് അറിയുന്നത്. പോർച്ചുഗലിൽ പ്രതിമാസം ഒന്നര ലക്ഷം രൂപ ശമ്പളത്തിൽ കാഷ്യർ ജോലി വാഗ്ദാനം ചെയ്താണ് സംഘം യുവതിയെ സമീപിച്ചത്. പ്രതിദിനം എട്ട് മണിക്കൂർ മാത്രമാണ് ജോലിയെന്നും വാഗ്ദാനം ചെയ്തിരുന്നു. വിസ, പേപ്പർവർക്കുകൾ എന്നിവയുടെ പേരിൽ ഘട്ടങ്ങളായി 11 ലക്ഷം രൂപയോളം സംഘം യുവതിയിൽ നിന്ന് തട്ടിയെടുക്കുകയായിരുന്നു.

പോർച്ചുഗലിൽ വിമാനമിറങ്ങിയ ഉടൻ തന്നെ അവിടെയെത്തിയ ഏജന്റുമാർ യുവതിയുടെ പാസ്‌പോർട്ട് പിടിച്ചെടുക്കുകയും രണ്ടുദിവസത്തോളം മുറിയിൽ പൂട്ടിയിട്ട് തടങ്കലിൽ വെക്കുകയും ചെയ്തു. തുടർന്ന് യുവതിയെ പ്രദേശത്തെ ഒരു ബീയർ ഷോപ്പ് ഉടമയ്ക്ക് വിൽക്കുകയായിരുന്നു (Overseas Employment Fraud). ഇവിടെ ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങൾക്കാണ് യുവതി ഇരയായത്.

തന്റെ പാസ്‌പോർട്ട് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ കൂടുതൽ പണം നൽകണമെന്നായിരുന്നു തട്ടിപ്പുകാരുടെ മറുപടി. ഒരു മാസത്തോളം നീണ്ട പീഡനങ്ങൾക്കൊടുവിൽ യുവതി രക്ഷപ്പെടാനുള്ള വഴി കണ്ടെത്തുകയായിരുന്നു. ബസ് മാർഗ്ഗം ലിസ്ബണിലേക്കും അവിടെ നിന്ന് മാഡ്രിഡിലേക്കും കടന്ന യുവതി, ദോഹ വഴിയാണ് ഇന്ത്യയിലേക്ക് തിരികെ എത്തിയത്.

ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷവും തട്ടിപ്പുസംഘം യുവതിയെ വെറുതെ വിട്ടില്ല. മാൾട്ടയിൽ ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് 3 ലക്ഷം രൂപ കൂടി സംഘം ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ചതോടെ യുവതിയുടെ ഭർത്താവിനെ വധിക്കുമെന്നും കള്ളക്കേസുകളിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്താൻ തുടങ്ങി. തുടർന്ന് യുവതി പൂനെ പൊലീസിനെ സമീപിക്കുകയായിരുന്നു. മനുഷ്യക്കടത്ത് (Human Trafficking), സാമ്പത്തിക തട്ടിപ്പ്, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കൺസൾട്ടൻസി ഉടമകൾ ഉൾപ്പെടെ എട്ടുപേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights

A 28-year-old Nagpur woman was trafficked to Portugal and sold to a beer shop owner after a Pune firm extorted Rs 11 lakh with false job promises. She escaped back to India and filed a police case against eight accused.

Latest