International
ന്യൂയോര്‍ക്കില്‍ റെയില്‍വേ ട്രാക്കിലിരുന്ന ഇന്ത്യന്‍ വംശജയും സുഹൃത്തും ട്രെയിന്‍ തട്ടി മരിച്ചു
ട്രാക്കിലേക്ക് വീണ സുഹൃത്തിനെ രക്ഷിക്കാന്‍ യുവതി ഇറങ്ങിയതെന്നാണ് വിവരം
ന്യൂയോര്‍ക്ക്| അമേരിക്കയിലെ ന്യൂയോര്‍ക്ക് സബ്വേ മെട്രോ റെയില്‍വേ ട്രാക്കിലിരുന്ന ഇന്ത്യന്‍ വംശജയായ യുവതിയും സുഹൃത്തും ട്രെയിന്‍ തട്ടി മരിച്ചു. ന്യൂജേഴ്സിയിലെ ഡേറ്റണ്‍ സ്വദേശിനിയായ മലൈക ചിത്രെ (24), ന്യൂജേഴ്സി സെയര്‍വില്ലെ സ്വദേശിയായ നവം കൗള്‍ (24) എന്നിവരാണ് മരിച്ചത്. ലോവര്‍ മാന്‍ഹട്ടനിലെ സ്പ്രിംഗ് സ്ട്രീറ്റ് സബ്വേ സ്റ്റേഷനില്‍ ഞായറാഴ്ച പുലര്‍ച്ചെ 3.15ഓടെയായിരുന്നു സംഭവം. സൗത്ത്ബൗണ്ട് റൂട്ടില്‍ സര്‍വ്വീസ് നടത്തുകയായിരുന്ന ‘നമ്പര്‍ 4’ സബ്വേ ട്രെയിനാണ് ഇവരെ ഇടിച്ചു തെറിപ്പിച്ചത്.
സ്റ്റേഷനിലെ ട്രാക്കിലേക്ക് ആദ്യം വീഴുകയോ ഇറങ്ങുകയോ ചെയ്തത് നവം കൗള്‍ ആണെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന പ്രാഥമിക വിവരം. ഇയാളെ സഹായിക്കാനും ട്രാക്കില്‍ നിന്ന് തിരികെ കയറ്റാനുമായി മലൈകയും താഴേക്ക് ഇറങ്ങുകയായിരുന്നു. അപകടത്തിന് തൊട്ടുമുന്‍പ് യുവതി നവമിനെ തന്നിലേക്ക് ചേര്‍ത്തുപിടിച്ച് വലിക്കാന്‍ ശ്രമിച്ചിരുന്നു. ട്രെയിന്‍ അടുത്തെത്തുമ്പോഴും ഇരുവരും ഒട്ടും പേടിയില്ലാതെ ട്രാക്കില്‍ ശാന്തരായി ഇരിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്.
മലൈക ചിരിച്ചുകൊണ്ട് നവമിനെ അടുത്തേക്ക് ചേര്‍ത്തുപിടിക്കുന്നത് കണ്ടുവെന്നും ബ്രേക്ക് പ്രയോഗിക്കാന്‍ പോലും തനിക്ക് സാവകാശം ലഭിച്ചില്ലെന്നും ലോക്കോ പൈലറ്റ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.
അപകടം തിരിച്ചറിയാന്‍ കഴിയാത്ത വിധം ഇരുവരും ലഹരിയിലായിരുന്നതിനാലാണോ ട്രെയിന്‍ വരുന്നത് തിരിച്ചറിയാന്‍ വൈകിയതെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. സ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. സിറ്റി മെഡിക്കല്‍ എക്‌സാമിനറുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. മലൈക ചിത്രെ അക്കാഡിയ ഫാര്‍മസ്യൂട്ടിക്കല്‍സിലും നവം ബ്ലൂംബെര്‍ഗില്‍ ഫിനാന്‍ഷ്യല്‍ ഡാറ്റാ അനലിസ്റ്റായും ജോലി ചെയ്തുവരികയായിരുന്നു.
Content Highlights:
Indian origin youths Malaika Chitre and Navam Kaul died after being struck by a subway train at Spring Street station in Lower Manhattan. Police report Navam entered the track first and Malaika tried to help him back up. NYC officials are investigating whether intoxication played a role.




